WORLD

ഇറാനില്‍ പ്രതിഷേധം കനക്കുന്നു; ഇന്ധന വ്യവസായം പ്രതിസന്ധിയില്‍, പ്രക്ഷോഭങ്ങളില്‍ 185 മരണം

വെബ് ഡെസ്ക്

ഹിജാബ് ധരിക്കാത്തതിന് പോലീസ് കസ്റ്റഡിയിൽ എടുത്ത മഹ്സ അമിനി മരിച്ചതിന് പിന്നാലെ ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം രാജ്യത്തുടനീളം തുടരുന്നു. എണ്ണ, പ്രകൃതിവാതക ഉത്പാദന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതോടെ, രാജ്യത്തെ ഇന്ധന വ്യവസായം പ്രതിസന്ധിയിലായി. പ്രതിഷേധം രൂക്ഷമായതോടെ, കുര്‍ദിഷ് നഗരമായ സാനന്ദാജില്‍ വെടിയൊച്ചകളും സ്‌ഫോടനങ്ങളുമൊക്കെ കേട്ടതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാക്കളുടെ പ്രത്യേകിച്ചും, സ്ത്രീ സമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറാനിയന്‍ സര്‍ക്കാര്‍ ബദ്ധപ്പെടുകയാണ്. വിദ്യാര്‍ഥികളെ ഉള്‍പ്പെടെ സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധം മൂന്നാഴ്ച പിന്നിടുമ്പോള്‍, കുര്‍ദിസ്ഥാനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനുള്ള നിര്‍ദേശമാണ് ഭരണകൂടം നല്‍കിയിരിക്കുന്നത്.

രാജ്യത്തെ നാല്‍പ്പത്തിയഞ്ചിലധികം നഗരങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനെതിരെയും ശക്തമായ പ്രതിഷേധമുണ്ട്. തെഹ്രാന്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളില്‍ ഹൈസ്‌ക്കൂള്‍ മുതല്‍ സര്‍വകലാശാലയില്‍ വരെ പഠിക്കുന്നവര്‍ പങ്കാളികളായി. തെരുവുകള്‍ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞതോടെ, സുരക്ഷാ സേന കണ്ണീര്‍വാതകം പ്രയോഗിക്കുകയും വെടിവെയ്ക്കുകയും ചെയ്തു.

പ്രക്ഷോഭങ്ങളില്‍ ഇതുവരെ 185 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇറാനിലെ മനുഷ്യാവകാശ സംഘടനയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരില്‍ 19 പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാന്‍ സുരക്ഷാസേനയിലെ രണ്ടംഗങ്ങളും പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടിരുന്നു.

ഇന്റര്‍നെറ്റ് ഉള്‍പ്പെടെ സേവനങ്ങള്‍ വിച്ഛേദിച്ചിട്ടും അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും പ്രതിഷേധങ്ങള്‍ക്ക് അയവില്ല. ഈ സാഹചര്യത്തിൽ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫ്, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്സിനി എന്നിവരുമായി അടിയന്തര ചർച്ച നടത്തി. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ ഉറപ്പുവരുത്താനുള്ള നടപടികള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പടിഞ്ഞാറന്‍ നഗരമായ സക്കസ് സ്വദേശിയായ അമിനിയെ ടെഹ്റാനില്‍ നിന്നാണ് വസ്ത്രധാരണത്തിന്റെ പേരില്‍ സദാചാര വിഷയങ്ങള്‍ പരിശോധിക്കുന്ന പോലീസ് വിഭാഗം പിടികൂടിയത്. സഹോദരന് ഒപ്പം സഞ്ചരിക്കവെ ആയിരുന്നു യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റിന് ശേഷം അമിനിക്ക് ഹൃദയഘാതം വരികയും കോമയിൽ ആവുകയും ചെയ്‌തെന്നാണ് ഇറാനി അധികൃതർ വിശദീകരണം നൽകിയത്. അറസ്റ്റിന് ശേഷം ഉണ്ടായ പോലീസ് മർദനത്തിൽ ആണ് മഹ്സ അമിനി കൊല്ലപ്പെട്ടത് എന്നാണ് കുടുംബത്തിന്റെ ആരോപണം.

മഹ്സയുടെ മരണമാണ് ഒട്ടേറെ നാളായി ഇറാനിനുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന ഭരണകൂട വിരുദ്ധത പെട്ടെന്ന് പൊട്ടിപ്പുറപ്പെടാന്‍ കാരണം. ഹിജാബ് വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് പ്രക്ഷോഭം ആരംഭിച്ചതെങ്കിലും, ഇസ്ലാമിക വിപ്ലവത്തിലെന്ന പോലെ ഇറാനില്‍ സമൂല മാറ്റമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?