WORLD

തോഷഖാന കേസിൽ ഇമ്രാൻ ഖാന്റെ ശിക്ഷ മരവിപ്പിച്ച് ഇസ്ലാമബാദ് ഹൈക്കോടതി; ജയിൽ മോചനം വൈകും

സൈഫർ കേസിൽ ഇമ്രാനെ നാളെ കോടതിയിൽ ഹാജരാക്കും

വെബ് ഡെസ്ക്

തോഷഖാന അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശ്വാസം. ഇമ്രാൻ ഖാൻ കുറ്റക്കാരനെന്ന വിധിയും മൂന്ന് വർഷത്തെ തടവ് ശിക്ഷയും ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. അതേസമയം ഇമ്രാന്റെ ജയിൽ മോചനം ഉടൻ ഉണ്ടാവില്ലെന്നാണ് സൂചന.

ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ്, ജസ്റ്റിസ് താരിഖ് മെഹ്മൂദ് ജഹാംഗിരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. ശിക്ഷ റദ്ദാക്കാനുള്ള കാരണങ്ങൾ വിശദമായ വിധിയിൽ വ്യക്തമാക്കുമെന്ന് കോടതി അറിയിച്ചു. ഇന്നലെ ഇരു കക്ഷികളുടെയും ഭാ​ഗം കേട്ട ശേഷം വിധി പറയാൻ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇമ്രാൻ ഖാനെ ഉടൻ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ജാമ്യത്തിനായി 1,00,000 പാകിസ്താൻ രൂപ കെട്ടിവയ്ക്കണമെന്നാണ് നിർദേശം.

പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാനായ ഇമ്രാൻ ഖാനെ ഇസ്‌ലാമാബാദ് ജില്ലാ സെഷൻസ് കോടതിയാണ് തോഷഖാന കേസിൽ കുറ്റക്കാരനെന്ന് വിധിച്ചത്. ഓഗസ്റ്റ് അഞ്ചിനായിരുന്നു മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചത്. ലാഹോറിലെ വസതിയിൽ നിന്ന് അറസ്റ്റിലായ ഇമ്രാൻ ഖാൻ ഇപ്പോൾ അറ്റോക്ക് ജയിലിലാണുള്ളത്. ജാമ്യം നൽകണമെന്ന് കോടതി നിർദേശിച്ചെങ്കിലും ഇമ്രാന് ഉടൻ പുറത്തിറങ്ങാനാകില്ല. പുതിയ രഹസ്യരേഖ നിയമത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട സൈഫർ കേസിന്റെ പശ്ചാത്തലത്തിലാണ് ഇത്. ഔദ്യോഗിക രേഖ നഷ്ടപ്പെടുത്തിയെന്നതാണ് സിഫർ കേസിന്റെ ആധാരം. കേസുമായി ബന്ധപ്പെട്ട് ഇമ്രാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിലനിർത്തണമെന്നും നാളെ ( ഓഗസ്റ്റ് 30) ഹാജരാക്കണമെന്നും പ്രത്യേക കോടതിയുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്.

തോഷഖാന കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇമ്രാൻ ഖാനെ അഞ്ച് വർഷത്തേക്ക് അയോഗ്യനാക്കിയിരുന്നു. 2017ലെ തിരഞ്ഞെടുപ്പ് നിയമത്തിലെ 167ാം വകുപ്പ് പ്രകാരം അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അയോഗ്യനാക്കിയത്. ഖുറാമിൽ നിന്ന് ജയിച്ചതായി പ്രഖ്യാപിച്ചുള്ള വിജ്ഞാപനവും റദ്ദാക്കിയിരുന്നു. തുടർന്നാണ് തന്നെ ശിക്ഷിച്ച അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി (എഡിഎസ്ജെ) ഹുമയൂൺ ദിലാവറിന്റെ തീരുമാനത്തിനെതിരെ ഇമ്രാൻ ഖാൻ ഹൈക്കോടതിയ സമീപിച്ചത്. ശിക്ഷ റദ്ദാക്കിയതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അയോഗ്യത നീങ്ങും

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ വിറ്റെന്നതാണ് തോഷഖാന കേസ്. 2018 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ വിദേശ സന്ദർശനത്തിനിടെ ലഭിച്ചതും 140 മില്യണിലധികം (635,000 ഡോളർ) വിലമതിക്കുന്നതുമായ സമ്മാനങ്ങൾ വിറ്റെന്നാണ് ആരോപണം. രാഷ്ട്രത്തലവന്മാരിൽ നിന്നും വിദേശത്ത് നിന്നും ലഭിച്ച സർക്കാർ സമ്മാനങ്ങൾ നിയമവിരുദ്ധമായി വിറ്റതിന് പുറമെ സ്വത്തു‍വിവരങ്ങൾ മറച്ചുവയ്ക്കുകയും ചെയ്തു. ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ വെളിപ്പെടുത്തണമെന്നാണ് നിയമം. ഒരു നിശ്ചിത മൂല്യത്തിൽ താഴെയുള്ളവ സൂക്ഷിക്കാൻ അനുവാദമുണ്ട്. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകും. എന്നാൽ, ഇമ്രാൻ ഖാൻ ഇവ നിയമവിരുദ്ധമായി വിൽപ്പന നടത്തുകയായിരുന്നു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍