പലസ്തീൻ നഗരമായ ഗാസയെ യുദ്ധഭീതിയിലാഴ്ത്തി വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഗാസയിലെ ജനവാസമേഖലയിൽ മിസൈൽ പതിച്ചത്. ആക്രമണത്തിൽ, അഞ്ച് വയസ്സുള്ള പെൺകുട്ടിയും, ഇസ്ലാമിക ജിഹാദിന്റെ സായുധ വിഭാഗം കമാൻഡർ തൈസിർ അൽ ജബ്രിയും ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനപിന്തുണ ആര്‍ജിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇസ്രായേല്‍ ആക്രമണമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ മേയിൽ, ഇസ്രായേലിന്റെ ആക്രമണത്തിൽ 260 പലസ്തീനികളുടെ ജീവൻ നഷ്ടമായിരുന്നു.
ഈയാഴ്ച ആദ്യം, വെസ്റ്റ്ബാങ്ക് നഗരമായ ജെനിനിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിൽ സായുധ സംഘത്തിലെ മുതിർന്ന അംഗമായ ബസ്സാം അൽ-സാദിയെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഇസ്രായേൽ ഗാസയ്ക്ക് ചുറ്റുമുള്ള റോഡുകൾ അടയ്ക്കുകയും അതിർത്തിയിലെ സൈനിക ബലം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മേയിൽ, ഇസ്രായേലിന്റെ ആക്രമണത്തിൽ 260 പലസ്തീനികളുടെ ജീവൻ നഷ്ടമായിരുന്നു. 15 വർഷങ്ങളായി ഗാസയുടെ അതിർത്തിപ്രദേശം ഇസ്രായേൽ സൈന്യത്തിന്റെ അധീനതയിലാണ്.
നവംബറിലാണ് ഇസ്രായേലിലെ പുതിയ തിരഞ്ഞെടുപ്പ്. മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷ. ഇതുപോലെയുള്ള ഘട്ടങ്ങളിൽ, പലസ്തീനിലേക്ക് അതിക്രമിച്ച് കുടിയേറിയ ഇസ്രായേലി പൗരന്മാരെ കൂടെ നിര്‍ത്താനായി ഉപയോഗിക്കുന്ന തന്ത്രത്തിന്റെ ഭാഗമാണിതെന്ന് റാമല്ലയിലെ ഗവേഷകയായ മറിയം ബർഗൗട്ടി പറഞ്ഞു.
ആരാണ് കൂടുതൽ ശക്തൻ എന്ന് കാണിക്കാനുള്ള മത്സരം കൂടിയാണിത്നൂർ ഒഡെ, രാഷ്ട്രീയ വിശകലന വിദഗ്ധ
വോട്ടിംഗിന് മുൻപ് “ശക്തി” തെളിയിക്കാനുള്ള മാർഗമായി ഗാസയിലെ ആക്രമണങ്ങൾ മാറിയിരിക്കുന്നുവെന്ന് ഇസ്രായേൽ പത്രമായ ഹാരെറ്റ്സിന്റെ എഴുത്തുകാരനും നിരൂപകനുമായ ഗിഡിയൻ ലെവി അൽ ജസീറയോട് പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണെന്നതിൽ സംശയം പ്രകടിപ്പിച്ചു. എല്ലാ മുൻ പ്രധാനമന്ത്രിമാരെയും പോലെ തന്നെയാണ് ലാപിഡെന്നും തെളിയിച്ചതിന്റെ ഭാഗമാണ് ആക്രമണങ്ങളെന്നും ലെവി പറഞ്ഞു.
ഏറ്റവും പുതിയ ആക്രമണം രാഷ്ട്രീയ പ്രേരിതമാകാമെന്ന് പലസ്തീൻ സർക്കാരിന്റെ മുൻ വക്താവും രാഷ്ട്രീയ വിശകലന വിദഗ്ധയുമായ നൂർ ഒഡെ അഭിപ്രായപ്പെട്ടു. ആരാണ് കൂടുതൽ ശക്തൻ എന്ന് കാണിക്കാനുള്ള മത്സരം കൂടിയാണിതെന്നും അവർ കൂട്ടിച്ചേർത്തു.
"പലസ്തീൻ ജനതയെ ആക്രമിക്കുന്നതിന്റെ പേരിൽ അവരെ ആരും ഒന്നും ചെയ്യില്ലെന്ന് ഇസ്രായേലിന് ഉറപ്പുണ്ട്. അതുകൊണ്ടാണ് ഭരണത്തിനായുള്ള പോരാട്ടങ്ങളിൽ പലസ്തീൻ ജനതയെ ബലിയാടുകളാക്കുന്നത്" എന്നാണ് യുഎസ് ആസ്ഥാനമായുള്ള ദി പലസ്തീനിയൻ പോളിസിയിലെ അംഗം താരിഖ് കെന്നി ഷാവയുടെ പ്രതികരണം.