WORLD

ഈജിപ്ത് അതിര്‍ത്തിയിലൂടെ ഗാസയിലേക്ക് സഹായം; ഇസ്രയേല്‍ സമ്മതിച്ചതായി ജോ ബൈഡൻ

ഈജിപ്തിൽ നിന്നെത്തിക്കുന്ന ഭക്ഷണം, ജലം തുടങ്ങിയവ ഹമാസ് പ്രവർത്തകർക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന ധാരണയിലാണ്‌ തീരുമാനമെന്നും ബൈഡൻ അറിയിച്ചു

വെബ് ഡെസ്ക്

ഗാസ- ഈജിപ്ത് അതിർത്തിയായ റഫായിലൂടെ ദുരിതമനുഭവിക്കുന്ന പലസ്തീനികൾക്ക് മാനുഷിക സഹായമെത്തിക്കാൻ ഇസ്രയേൽ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കർശന പരിശോധനങ്ങൾക്ക് വിധേയമായിട്ടായിരിക്കും സഹായങ്ങൾ അനുവദിക്കുക. ഈജിപ്തിൽ നിന്നെത്തിക്കുന്ന ഭക്ഷണം, ജലം തുടങ്ങിയവ ഹമാസ് പ്രവർത്തകർക്ക് ലഭിക്കുന്നില്ലെന്ന ധാരണയിലാണ് തീരുമാനമെന്നും ബൈഡൻ അറിയിച്ചു.

മാനുഷിക സഹായങ്ങൾ വഴിതിരിച്ച് ഹമാസിലേക്ക് എത്തിക്കുകയാണെങ്കിൽ തീരുമാനം പിൻവലിക്കുമെന്നും ബൈഡൻ പറഞ്ഞു. "ഞാൻ വ്യക്തമായി പറയുന്നു, ഹമാസ് സഹായം വഴിതിരിച്ചുവിടുകയോ തട്ടിയെടുക്കുകയോ ചെയ്താൽ, പലസ്തീൻ ജനതയുടെ ക്ഷേമത്തിൽ തങ്ങൾക്ക് ഒരു ആശങ്കയുമില്ലെന്ന് ഇസ്രയേൽ ഒരിക്കൽ കൂടി തെളിയിക്കും" അദ്ദേഹം പറഞ്ഞു. ഈജിപ്ത് അതിർത്തി വഴിയുള്ള സഹായങ്ങൾക്ക് പുറമെ ഗാസയിലേക്കും വെസ്റ്റ് ബാങ്കിലേക്കും 100 മില്യൺ ഡോളറിന്റെ മാനുഷിക സഹായം എത്തിക്കുമെന്നും ബൈഡൻ പറഞ്ഞു.

ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ബുധനാഴ്ചയെത്തിയ ബൈഡൻ, 'കോപം തങ്ങളെ കീഴടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന്' ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഉപദേശിച്ചു. 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നാലെ അമേരിക്ക സ്വീകരിച്ച നടപടികളിൽ അമേരിക്കയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്നും ബൈഡൻ കുറ്റസമ്മതം നടത്തി. അതുപോലെ ഇസ്രയേൽ ആവർത്തിക്കരുത് എന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം ഇസ്രയേലിന്റെ ഓരോ നടപടികളെയും ഏറ്റവും കൂടുതൽ പിന്തുണച്ച രാജ്യമാണ് അമേരിക്ക. രാജ്യത്തിൻറെ ഐക്യദാർഢ്യം അറിയിക്കുന്നതിന്റെ ഭാഗമായായിരുന്നു ബൈഡന്റെ ഇസ്രയേൽ സന്ദർശനം.

അതേസമയം, റഫാ അതിർത്തിവഴി സഹായങ്ങളെത്തിക്കാൻ കഴിയാത്തതിന് കാരണം ഇസ്രയേൽ ആണെന്ന് ഈജിപ്ത് ബുധനാഴ്ച കുറ്റപ്പെടുത്തിയിരുന്നു. വടക്കൻ ഗാസയിൽ ഇസ്രയേൽ കരമാർഗം ആക്രമണം നടത്തുന്നതിനാൽ സുരക്ഷിതായിരിക്കാൻ അവിടെയുള്ള ജനങ്ങളോട് തെക്കൻ മേഖലയിലേക്ക് മാറണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനുശേഷവും റഫായിലും ഖാൻ യൂനുസിലും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതുകാരണമാണ് ഈജിപ്ത് അതിർത്തി തുറന്ന് ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കാൻ കഴിയാതിരുന്നതിനും ഈജിപ്ത് വ്യക്തമാക്കിയിരുന്നു.

ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗാസയിലേക്കുള്ള ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണം ഇസ്രയേൽ തടഞ്ഞിരുന്നു. ഇതുമൂലം ഹോസ്പിറ്റലുകൾ പ്രവർത്തനരഹിതമാകുകയും ജലശുദ്ധീകരണ പ്ലാന്റുകൾ അടച്ചുപൂട്ടേണ്ട അവസ്ഥ വരികയും ചെയ്തിരുന്നു. ഈ ദുരിതത്തിൽനിന്ന് ഗാസയിലെ ജനങ്ങളെ രക്ഷിക്കാൻ വേണ്ടി നടപടിയെടുക്കണമെന്ന് ഇസ്രയേലിനോട് ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ