ഗാസയിലെ അല്‍അഹ്ലി അറബ് ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ഞൂറിലധികം പേർ കൊല്ലപ്പെട്ട സംഭവത്തില്‍ ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു ഗാസയിലെ അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിന് നേരെ ആക്രമണം ഉണ്ടായത്. 2008ന് ശേഷം ഇസ്രയേലിന്റെ ഒരു ആക്രമണത്തില്‍ ഏറ്റവുമധികം പേർ കൊല്ലപ്പെടുന്ന സംഭവമായി ഇത് മാറിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ആശുപത്രിയില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ വക്താവ് ടെലഗ്രാമില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തില്‍ ബാധിക്കപ്പെട്ടവരുടെ എണ്ണം ആശുപത്രികള്‍ക്ക് താങ്ങാനാകുന്നതിലും അധികമാണെന്നും പ്രസ്താവനയില്‍ പറയുന്നു. ആശുപത്രികളുടെ വരാന്തകളിലും മറ്റുമായാണ് ഡോക്ടർമാർ ശസ്ത്രക്രിയകള്‍ നടത്തുന്നത്. നിരവധി പേർക്ക് ശസ്ത്രക്രിയ ആവശ്യമായതിനാല്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ കുറവ് വൈകാതെ നേരിടുമെന്നും വക്താവ് അറിയിച്ചു.
ആശുപത്രിയിലുണ്ടായ ആക്രമണം വാക്കുകള്‍കൊണ്ട് വിവരിക്കാനാകുന്നതിനും മുകളിലാണെന്ന് ഹൂമന്‍ റൈറ്റ്സ് വാച്ച് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. വലിയ തോതിലുള്ള ആക്രമണങ്ങള്‍ തടയാന്‍ ലോകനേതാക്കളുടെ ഇടപെടലും ഹൂമന്‍ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികള്‍ക്ക് പ്രത്യേക സംരക്ഷണം ഉണ്ട്. ബോധപൂർവമോ അല്ലാതയോ നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റങ്ങളില്‍ ഉള്‍പ്പെടും, ഹൂമന്‍ റൈറ്റ്സ് വാച്ച് വ്യക്തമാക്കി.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിനെതിരെ ആഗോളതലത്തില്‍ മാനവികത ഒന്നിച്ചുനില്‍ക്കണമെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹൊസെയിന്‍ അമിറാബ്ദൊല്ലാഹിയന്‍ ആവശ്യപ്പെട്ടു. ഇസ്രയേലിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും ഹൊസൈന്‍ പറഞ്ഞു.
ഗാസയിലെ ആശുപത്രിയില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ട സംഭവം ഭയപ്പെടുത്തുന്നതാണെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ടെറസ് പറഞ്ഞു. ആശുപത്രികളും ആരോഗ്യപ്രവർത്തകരും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴില്‍ സംരക്ഷിക്കപ്പെടുന്ന വിഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലോകാരോഗ്യ സംഘടനയും വ്യോമാക്രമണത്തെ അപലപിച്ചിട്ടുണ്ട്.
പലസ്തീന്‍ ആശുപത്രികളും സ്കൂളുകളും ലക്ഷ്യം വച്ച് നടത്തുന്ന ആക്രമണങ്ങളില്‍ അറബ് രാജ്യങ്ങളിലെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പലയിടത്തും പ്രതിഷേധക്കാരെ അടിച്ചമർത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ സംഭവവികാസങ്ങള്‍ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയതായാണ് ഖത്തര്‍ വിദേശകാര്യമന്ത്രാലയം നിരീക്ഷിക്കുന്നത്. ഈജിപ്ത്, തുർക്കി, കാനഡ, ജോർദാന്‍ തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തിനെ തള്ളിയിട്ടുണ്ട്.
ഗാസയിലെ ആശുപത്രിയില്‍ നിന്ന് പുറത്തു വരുന്ന ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടികളും സ്ത്രീകളും ചികിത്സ പോലും ലഭിക്കാതെ ആശുപത്രി വരാന്തകളില്‍ തുടരുകയാണ്. ആക്രമണം നടന്ന ആശുപത്രിയില്‍ ഉണ്ടായിരുന്നവരില്‍ ഒരു വിഭാഗം യുദ്ധത്തെ തുടര്‍ അഭയം തേടിയവരായിരുന്നെന്നും അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോർട്ട് ചെയ്തു.