WORLD

സമാധാന നീക്കങ്ങളുമായി പലസ്തീന്‍ - ഇസ്രയേല്‍ ചര്‍ച്ച; വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം

ചര്‍ച്ചയ്ക്ക് യുഎസും ഈജിപ്തും മധ്യസ്ഥത വഹിച്ചു

വെബ് ഡെസ്ക്

അക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സമാധാന നടപടികളുമായി മുന്നോട്ട് പോകാൻ ധാരണയിലെത്തി ഇസ്രയേലും പലസ്തീനും. ഇതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ ഇസ്രയേൽ സർക്കാരും പലസ്തീൻ ഉദ്യോഗസ്ഥരും തീരുമാനത്തിലെത്തി. ജോർദാനിൽ അക്കാബയിലെ ചെങ്കടൽ റിസോർട്ടില്‍ യുഎസ്, ഈജിപ്ത് നയതന്ത്ര ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ നടന്ന ചർച്ചയിലാണ് ധാരണ. ഇസ്രയേൽ, പലസ്തീൻ സുരക്ഷാ മേധാവികൾ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് പങ്കെടുത്ത ചർച്ച കൂടിയായിരുന്നു ഇത്. അടുത്ത മാസം ഈജിപ്തിൽ ഷറം എൽ ഷൈഖിൽ കൂടുതൽ ചർച്ചകൾ നടത്താനും തീരുമാനമായി.

'ഇരുപക്ഷവും നൽകിയ പ്രതിജ്ഞാബദ്ധതയെ സ്വാഗതം ചെയ്യുന്നു. ഇനിയുള്ള മാസങ്ങളിൽ ഇസ്രായേലുകാർക്കും പലസ്തീൻകാർക്കും സുസ്ഥിരവും സമൃദ്ധവുമായ ഭാവി ഒരുപോലെ കെട്ടിപ്പടുക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണ്' - ചര്‍ച്ചയില്‍ പങ്കെടുത്ത യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. എന്നാല്‍ സെറ്റിൽമെന്റ് നിർമാണവും വികസനവും ഒരു ദിവസം പോലും നിര്‍ത്തിവയ്ക്കില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. ഭീകരവാദത്തെ നേരിടാൻ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പ്രവർത്തിക്കുന്നത് ഇനിയും തുടരുമെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നു. ഭീകരരെ തടയാനും ഇസ്രയേലിന്റെ സുരക്ഷ നിലനിർത്താനും ഭരണകൂടം എല്ലാ വിധത്തിലും പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ചർച്ചയെ 'വിലയില്ലാത്തത്' എന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. പലസ്തീന്‍ ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തതിൽ എതിർപ്പ് പ്രകടിപ്പിച്ചു.

സമാധാന ചര്‍ച്ചകള്‍ക്കിടെ, അധിനിവേശ വെസ്റ്റ് ബാങ്കിൽ ഹവാരയില്‍ പലസ്തീൻ തോക്കുധാരി ഒരു സൈനികനടക്കം രണ്ട് ഇസ്രായേലികളെ വെടിവെച്ചു കൊന്നു. അക്രമിയെ കണ്ടെത്താനായി രണ്ട് അധിക ബറ്റാലിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഇസ്രയേല്‍ വിന്യസിച്ചു. ഹവാരയിലെ കൊലപാതകങ്ങളെ 'പലസ്തീൻ ഭീകരാക്രമണ'മെന്നാണ് ഇസ്രയേൽ വിശേഷിപ്പിച്ചത്.

ഇതിന് പിന്നാലെ മേഖലയിലെ ഇസ്രയേലി സെറ്റില്‍മെന്റുകളില്‍ കഴിയുന്നവര്‍ കൂട്ടമായെത്തി പലസ്തീന്‍ ഗ്രാമങ്ങള്‍ക്ക് നേരെ കല്ലേറും തീവയ്പ്പും നടത്തി. പതിനഞ്ചിലേറെ വീടുകള്‍ കത്തിനശിച്ചു. നൂറുകണക്കിന് പലസ്തീനികള്‍ക്ക് പരുക്കേറ്റതായി പലസ്തീൻ റെഡ് ക്രസന്റ് എമർജൻസി അറിയിച്ചു. ഒരു പലസ്തീന്‍ പൗരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം പലസ്തീനിലെ നബ്ലസില്‍ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. നൂറിലേറെ പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഏതാനും മാസങ്ങളായി മേഖലയില്‍ രൂക്ഷമായ സംഘര്‍ഷ സാഹചര്യമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ