WORLD

കുഞ്ഞുങ്ങളും അറുനൂറിലധികം കിടപ്പുരോഗികളും, അല്‍-ഷിഫ വളഞ്ഞ് ഇസ്രയേല്‍; ആശുപത്രികള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ബൈഡന്‍

വെബ് ഡെസ്ക്

ഇസ്രയേല്‍ - പലസ്തീന്‍ സംഘർഷം ആറാം ആഴ്ചയിലേക്കേത്തിയതോടെ ഗാസയിലെ ആശുപത്രികളില്‍ ദുരിതമേറുന്നു. നൂറുകണക്കിന് രോഗികളും അഭയാർഥികളും നവജാതശിശുക്കളും കഴിയുന്ന ഗാസയിലെ പ്രധാന ആശുപത്രിയായ അല്‍-ഷിഫ ഇസ്രയേലി സൈന്യം വളഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ ദ ഗ്വാർഡിയന്‍ റിപ്പോർട്ട് ചെയ്തു. ഗാസയിലെ ആശുപത്രികള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഇസ്രയേല്‍ നുഴഞ്ഞു കയറ്റം കുറയ്ക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മൂന്ന് നവജാതശിശുക്കളുള്‍പ്പടെ 32 രോഗികള്‍ അല്‍-ഷിഫ ആശുപത്രിയില്‍ മരണപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്ധന വിതരണം നിലച്ചതോടെ ഇന്‍കുബേറ്റർ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ പ്രവർത്തിക്കാത്തത് ആശുപത്രികളിലെ സാഹചര്യം കൂടുതല്‍ ദുഷ്കരമാക്കിയിട്ടുണ്ട്. രോഗികള്‍ക്കും അഭയാർഥികള്‍ക്കുമായി മാനുഷിക ഇടനാഴി ഒരുക്കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ അവകാശവാദമുന്നയിക്കുമ്പോഴും ആശുപത്രിക്ക് പുറത്ത് വെടിയൊച്ചകള്‍ മാത്രമാണുള്ളതെന്നാണ് അല്‍-ഷിഫ അധികൃതർ പറയുന്നത്.

ഹമാസ് അല്‍-ഷിഫ ആശുപത്രിയുടെ മറവിലാണ് പ്രവർത്തിക്കുന്നതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് (ഐഡിഎഫ്) പലതവണ ആരോപിച്ചിരുന്നു. എന്നാല്‍ ഹമാസ് ഐഡിഎഫിന്റെ ആരോപണങ്ങള്‍ പൂർണമായി നിരസിച്ചിരുന്നു. പലസ്തീന്‍ സായുധ സംഘങ്ങള്‍ ആശുപത്രികള്‍ ഉപയോഗിക്കരുതെന്നും ഇത്തരം അവകാശവാദങ്ങള്‍ ആക്രമണങ്ങള്‍ നടത്തുന്നതിനായി ഇസ്രയേല്‍ തിരഞ്ഞെടുക്കരുതെന്നും ഐക്യരാഷ്ട്ര സഭ (യുഎന്‍) നിർദേശിച്ചിരുന്നു.

അറുനൂറ്റിഅന്‍പതോളം കിടപ്പുരോഗികളും അഞ്ഞൂറോളം ആരോഗ്യപ്രവർത്തകരും 1,500ലധികം അഭയാർത്ഥികളും അല്‍ ഷിഫയില്‍ തുടരുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന നല്‍കിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നിലവില്‍ അല്‍-ഷിഫ ഒരു ആശുപത്രിയായി അല്ല പ്രവർത്തിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഗുരുതരരോഗികളെ നിർബന്ധിതമായി ആശുപത്രി വിടാന്‍ പ്രേരിപ്പിക്കുന്നത് വധശിക്ഷയ്ക്ക് സമാനമായിരിക്കുമെന്നും സംഘടന അഭിപ്രായപ്പെട്ടിരുന്നു.

ഗാസയിലെ മരണസംഖ്യ 11,000 കടന്നതോടെ ഇസ്രയേലിന് സഖ്യകക്ഷികളായ അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്ന് വെടിനിർത്തലിന് സമ്മർദമുണ്ട്. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 40 ശതമാനവും കുട്ടികളാണ്. ജനസംഖ്യയുടെ പകുതിയിലധികം പേരും ഭവനരഹിതരായെന്നും പലസ്തീന്‍ അധികൃതർ അറിയിച്ചു. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങള്‍ മാനുഷിക വെടിനിർത്തലാവശ്യപ്പെട്ടുകൊണ്ട് സംയുക്ത പ്രസ്താവന പുറത്തിറക്കി.

ആശുപത്രികള്‍ വളയുന്നതിന് മുന്‍പ് സാധാരണക്കാരോട് ഒഴിയാനും രോഗികളെ മറ്റൊരിടത്തേക്ക് മാറ്റാനും ഇസ്രയേല്‍ നിർദേശിച്ചിരുന്നു. ഗാസയിലെ ആശുപത്രികളെ മാത്രമല്ല ഐക്യരാഷ്ട്ര സഭയുടെ ഓഫിസുകളേയും ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തുന്നുണ്ട്. പലസ്തീന്‍ അഭയാർഥികള്‍ക്കായുള്ള യുഎന്നിന്റെ ഓഫീസ് തിങ്കളാഴ്ച ആക്രമിക്കപ്പെട്ടിരുന്നു. യുഎന്നിന്റെ 101 സ്റ്റാഫുകളാണ് ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും