അഭയാര്‍ഥി ക്യാമ്പുകൾക്ക് നേരെയുള്ള ക്രൂരത അവസാനിപ്പിക്കാതെ ഇസ്രയേല്‍. അധിനിവേശ വെസ്റ്റ് ബാങ്കിലെ രാമല്ലയ്ക്ക് സമീപമുള്ള ജലസോണ്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ തിങ്കളാഴ്ച ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ രണ്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടു.
ഇസ്രയേല്‍ സൈന്യം ക്യാമ്പ് റെയ്ഡ് നടത്തിയെന്നും നിരവധി പേരെ അറസ്റ്റ് ചെയ്‌തെന്നും ക്യാമ്പിലെ അഭയാര്‍ഥികള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 20 പേരെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഇസ്രയേല്‍ സൈന്യം ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
നേരത്തെ വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിലും ഇസ്രയേല്‍ ബോംബാക്രമണം നടത്തിയിരുന്നു. ജബാലിയ അഭയാര്‍ഥി ക്യാമ്പിലെ അവശിഷ്ടങ്ങളില്‍നിന്ന് ഇതുവരെ 30 മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 ഓളം പലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ജബാലിയ അഭയാര്‍ഥി ക്യാമ്പിന് സമീപമുള്ള വീടുകള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ക്യാമ്പിന്റെ സമീപപ്രദേശങ്ങള്‍ കൂടാതെ ഗാസയിലെ അല്‍ ഷിഫ, അല്‍ ഖുദ്‌സ് ആശുപത്രികള്‍ക്ക് സമീപമുള്ള സ്ഥലങ്ങളിലും ഇസ്രയേല്‍ ബോംബെറിഞ്ഞു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ 4600 ഓളം പലസ്തീനികളും 1400 ഇസ്രയേലികളും കൊല്ലപ്പെട്ടു.
അതേസമയം ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് 'അനുയോജ്യമായതെന്തും' ചെയ്യാന്‍ തയാറാണെന്ന് ചൈന അറിയിച്ചു. പശ്ചിമേഷ്യയിലെ ചൈനയുടെ പ്രത്യേക പ്രതിനിധിയെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചൈനയുടെ മുതിര്‍ന്ന നയതന്ത്രജ്ഞനായ ഷായ് ജുന്‍ നിലവില്‍ പലസ്തീന്‍ പര്യടനത്തിലാണ്. ഗാസയിലെ സ്ഥിതിഗതികള്‍ അത്യധികം ഗുരുതരമാണെന്ന് അദ്ദേഹം അറിയിച്ചതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കാന്‍ സാധ്യതയുള്ള നിലവിലെ സാഹചര്യവും അയല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സായുധ സംഘര്‍ഷങ്ങളും ആശങ്കാജനകമാണെന്നും ഷായ് ജുന്‍ കൂട്ടിച്ചേര്‍ത്തു.