റഫാ അതിർത്തിവഴി ഗാസയിലേക്ക് സഹായമെത്തിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഞായറാഴ്ച പുലർച്ചെ തെക്കൻ ഗാസയിലെ ഖാൻ യൂനുസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പതിനൊന്ന് പേർ കൊല്ലപ്പെട്ടതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗാസയിൽ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും അതിന് വിപരീതമായിട്ടാണ് ഇസ്രയേലിന്റെ പ്രവൃത്തി. സുരക്ഷിതമായിരിക്കാൻ തെക്കൻ ഗാസയിലേക്ക് മാറണമെന്ന് ഇസ്രയേലി സൈനിക വക്താവ് ഡാനിയൽ ഹഗാരി ആവശ്യപ്പെട്ട് മണിക്കൂറുകൾ പിന്നിടവെയായിരുന്നു ആക്രമണം.
ഗാസ നഗരത്തിൽ ആക്രമണത്തിന്റെ തോത് വർധിപ്പിക്കുന്നതിനായി തെക്കൻ മേഖലയിലേക്ക് പോകണമെന്നായിരുന്നു ശനിയാഴ്ച ഇസ്രയേലി സൈനിക വക്താവ് ആവശ്യപ്പെട്ടിരുന്നത്. ഇസ്രയേലിന്റെ മുന്നറിയിപ്പിന്റെ ഭാഗമായി തെക്കൻ മേഖലകളിലേക്ക് മാറിയവർക്ക് നേരെ മുൻപും ആക്രമണം ഉണ്ടാകുകയും എഴുപതോളം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ഉപരോധം മൂലം വെള്ളം, ഭക്ഷണം, വൈദ്യുതി, ഇന്ധനം എന്നിവ ലഭിക്കാതെ വലയുകയാണ് ഗാസയിലെ 23 ലക്ഷം ജനങ്ങൾ. കഴിഞ്ഞ ദിവസം, 20 ട്രക്ക് സഹായം കടത്തിവിട്ടെങ്കിലും ആശുപത്രികളുടെയും ശുദ്ധജല പ്ലാന്റുകളുടെയും പ്രവർത്തനത്തിന് അത്യാവശ്യമായ ഇന്ധനം വിതരണം ചെയ്യാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല. ലഭിച്ചത് ദൈനംദിന ആവശ്യങ്ങളുടെ 4 ശതമാനം മാത്രമാണെന്ന് യുഎൻ ഹ്യൂമാനിറ്റേറിയൻ ഓഫീസ് പറഞ്ഞിരുന്നു.
കുടിവെള്ളമില്ലാതെ വലയുന്ന ഗാസയിലേക്ക് 40,000 ലിറ്റർ വെള്ളം മാത്രമാണ് കഴിഞ്ഞ ദിവസം എത്തിച്ചത്. ഇത് 'സമുദ്രത്തിലെ ഒരു തുള്ളി' പോലെയാണെന്നായിരുന്നു യുനിസെഫ് വിശേഷിപ്പിച്ചത്. നിലവിൽ 4385 പലസ്തീനികളാണ് ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. അതിൽ കുട്ടികളുടെ എണ്ണം ആയിരത്തിനും മുകളിലാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം പത്ത് ലക്ഷത്തോളം മനുഷ്യർ ആഭ്യന്തര പലായനത്തിനും വിധേയരായിട്ടുണ്ട്.
അതേസമയം, കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പശ്ചിമേഷ്യയിലേക്ക് എത്തിക്കുമെന്ന് അമേരിക്ക പറഞ്ഞു. താട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ടെർമിനൽ ഹൈ അൾട്ടിട്യൂഡ് ഏരിയ ഡിഫെൻസ് സംവിധാനം, പാട്രിയോട്ട് എയർ ഡിഫെൻസ് മിസൈൽ എന്നിവയ്‌ക്കൊപ്പം കൂടുതൽ സേനയെയും ഈ മേഖലയിൽ വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു. ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായി ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ കഴിഞ്ഞ ആഴ്ച ആക്രമണം നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് പശ്ചിമേഷ്യയിൽ പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ എത്തിക്കുന്നതെന്നാണ് അമേരിക്കയുടെ വാദം.