ഇസ്രയേലിനും ഹമാസിനുമിടയിൽ ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകൾ. ബന്ദികളെ മോചിപ്പിക്കാനുള്ള നിരവധി നിർദേശങ്ങൾ അടങ്ങിയ രണ്ട് ചർച്ചകളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഒരു ചെറിയ ഗ്രൂപ്പ് ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള നിർദേശങ്ങളാണ് ആദ്യത്തെ ചർച്ചകളിൽ പരിഗണിക്കുന്നത്. രണ്ടാമത്തെ ചർച്ചകൾ പ്രകാരം ഹമാസ് ബന്ദികളാക്കപ്പെട്ട നൂറോ അതിലധികമോ പൗരന്മാരെ മോചിപ്പിക്കാനുള്ള നിർദേശങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്.
ഇസ്രയേലിന്റെ കണക്കുകൾ പ്രകാരം 240 ലധികം പേരെ ഹമാസ് ബന്ധികളാക്കിയിട്ടുണ്ട്. ഇതിൽ പകുതിപ്പേരും സാധാരണക്കാരാണ്. ഈ മുഴുവൻ സാധാരണക്കാരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് വലിയ ചർച്ചകളുടെ ഭാഗമാകുന്നത്.
ആദ്യ നിർദേശം അനുസരിച്ച് ഇസ്രയേൽ പൗരന്മാരായ സ്ത്രീകളും കുട്ടികളും അമേരിക്കൻ പൗരന്മാർ ഉൾപ്പടെയുള്ള വിദേശികളും ഉൾപ്പടെ പത്ത് മുതൽ ഇരുപത് വരെ സിവിലയന്മാരെ ഹമാസ് മോചിപ്പിക്കേണ്ടി വരും. പകരം നിലവിൽ ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശ ആക്രമണങ്ങൾക്ക് ഇസ്രേൽ ഇടവേള നൽകും. ഇരു പക്ഷവും സമ്മതിച്ചാൽ നൂറോളം സാധാരണക്കാരെ വലിയ തോതിൽ വിട്ടയക്കാന്‍ സാധിക്കും.
എല്ലാ സിവിലിയന്മാരെയും മോചിപ്പിക്കുന്നതിന് പകരമായി, ഹ്രസ്വമായ താൽക്കാലിക വിരാമം, കൂടുതൽ മാനുഷിക സഹായം, ആശുപത്രികൾക്ക് ഇന്ധനം, ഇസ്രയേൽ ജയിലുകളിലെ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ടുവച്ചിട്ടുള്ളത്. പക്ഷേ തടവുകാരെ മോചിപ്പിക്കുന്നതിൽ ഇസ്രയേൽ അധികൃതർ അനിശ്ചിതത്വം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഖത്തറിന്റെ മധ്യസ്ഥതയിലാണ് എല്ലാ ചർച്ചകളും നടക്കുന്നത്. കൂടാതെ അമേരിക്കയും ചർച്ചകളിൽ പങ്കാളികളാണ്. ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇസ്രയേൽ ഗാസയിൽ താൽക്കാലികമായി ആക്രമണങ്ങൾ നിർത്തണമെന്ന ആവശ്യത്തെ യുഎസ് വിശാലമായ അർഥത്തിൽ സ്വീകരിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഇത് കൂടുതൽ മാനുഷിക സഹായം ഗാസയിലേക്ക് പ്രവേശിക്കാനും ബന്ദികളെ മോചിപ്പിക്കാനും വഴിയൊരുക്കുമെന്ന് യുഎസ് കരുതുന്നു. ബന്ദികളാക്കപ്പെട്ട അമേരിക്കൻ പൗരന്മാരെ മോചിപ്പിക്കാൻ നിരന്തരം പരിശ്രമിക്കുമെന്ന് ഡൽഹിയിലെത്തിയ യുഎസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞിരുന്നു.
അതേസമയം ഗാസയിൽ തടവിൽ വച്ചിരിക്കുന്ന സൈനിക സേവനപ്രായത്തിലുള്ള ഇസ്രയേലി പുരുഷന്മാരെ മോചിപ്പിക്കാൻ ഹമാസ് വിസമ്മിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പിടിക്കപ്പെട്ടതില്‍ 130 മുതൽ 140 വരെ വരുന്ന ഇസ്രയേൽ സൈനികർ തങ്ങളുടെ പക്കലുണ്ടെന്നും എന്നാൽ അവരെ ഉടൻ മോചിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഹമാസ് ഉദ്യോഗസ്ഥർ ചർച്ചയുടെ മധ്യസ്ഥരോട് പറഞ്ഞിട്ടുണ്ട്.