കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 31 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ 22 മരണം സംഭവിച്ചിരിക്കുന്നത് ഗാസ മുനമ്പിന്‌റെ മധ്യ, തെക്ക് ഭാഗങ്ങളിലായാണ്. 11 മാസം പിന്നിട്ട ഇപ്പോഴത്തെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നയതന്ത്രശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഇസ്രയേല്‍ വീണ്ടും ആക്രമണം ശക്തമാക്കിയത്.
ഗാസയിലെ ജനസാന്ദ്രതയേറിയ അഭയാര്‍ഥി ക്യാമ്പുകളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുകയാണ്. ബുറെജ് അഭയാര്‍ഥ് ക്യാമ്പിലെ അപ്പാര്‍ട്ടമെന്‌റില്‍ ഒരമ്മയും മകനുമാണ് കൊല്ലപ്പെട്ടത്. നുസെറാത്ത് അഭയാര്‍ഥി ക്യാമ്പിനു നേരേയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ എട്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടു. കുടുംബങ്ങള്‍ അഭയം പ്രാപിച്ച സ്‌കൂളിന് നേരേയും ഇസ്രയേല്‍ യുദ്ധവിമാനങ്ങളുടെ ആക്രമണമുണ്ടായി.
തെക്കന്‍ ലെബനനിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പാരാമെഡിക്കുകള്‍ കൊല്ലപ്പെട്ടതിനുശേഷം ഇസ്രയേലിന്റെ മാനുഷിക മൂല്യങ്ങളുടെ നഗ്‌നമായ ലംഘനത്തെ ലെബനന്‍ പ്രധാനമന്ത്രി നജീബ് മിക്കാറ്റി അപലപിച്ചു. തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന നിരവധി കെട്ടിടങ്ങള്‍ തങ്ങളുടെ യുദ്ധവിമാനം ആക്രിച്ചതായി ഇസ്രയേലി സൈന്യം അറിയിച്ചു. ഐതറൗണ്‍, മറൂണ്‍ അല്‍-റാസ്, യറൂണ്‍ എന്നിവിടങ്ങളിലെ സൈറ്റുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൈന്യം എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.
കിഴക്കന്‍ ജറുസലേമിലെ ബെയ്റ്റ് ഹനീയയില്‍ താമസിക്കുന്ന പലസ്തീനിയെ സ്വന്തം വീട് പൊളിക്കാന്‍ ഇസ്രയേല്‍ നിര്‍ബന്ധിച്ചതായി പലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു. 2014-ല്‍ പണി കഴിപ്പിച്ച, പത്തിലധികം കുടുംബാംഗങ്ങള്‍ താമസിച്ചിരുന്ന തന്‌റെ വീട് പൊളിച്ചു മാറ്റാന്‍ റയ്ദ് അല്‍-റാജാബി നിര്‍ബന്ധിതനാവുകയായിരുന്നു. എന്നാല്‍ അനുമതി ഇല്ലാതെയാണ് വീട് നിര്‍മിച്ചതെന്നാണ് അധികൃതരുടെ വാദം. ഇസ്രയേല്‍ അധികാരികളുടെ നിയന്ത്രണത്തിലുള്ള ജറുസലേം മുനിസിപ്പാലിറ്റി പലസ്തീനികള്‍ക്ക് കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ നിഷേധിക്കുന്നത് പതിവാണ്. മാത്രമല്ല അവരുടെ വീടുകള്‍ പൊളിക്കാന്‍ നിര്‍ബന്ധിക്കുകയോ അല്ലെങ്കില്‍ കനത്ത പിഴകളോടെ നിര്‍ബന്ധിത പൊളിക്കലുകള്‍ക്ക് വിധേയമാകേണ്ടിയോ വരുന്നു. ഇസ്രയേലി മനുഷ്യാവകാശ സംഘടനയായ ബിടിസേലെം പറയുന്നതനുസരിച്ച് 2024 മെയ് മുതല്‍ ജൂലൈ വരെ കിഴക്കന്‍ ജറുസലേമില്‍ 101 കെട്ടിടങ്ങളാണ് തകര്‍ത്തത്. ഇത് 137 പലസ്തീനികളെയാണ് ഭവനരഹിതരാക്കിയത്.