ഗാസയിലെ ആശുപത്രികള്‍ക്ക് നേരെയുള്ള വ്യോമാക്രമണം തുടർന്ന് ഇസ്രയേല്‍. ഗാസ മുനമ്പിലെ അല്‍ അവ്ദ ആശുപത്രിയാണ് ഇസ്രയേലിന്റെ ക്രൂരതയ്ക്ക് ഏറ്റവും ഒടുവിലായി ഇരയാക്കപ്പെട്ടത്. ആശുപത്രി പരിസരത്തുണ്ടായ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ പുറത്തുവിട്ടു. പലസ്തീനിയന്‍ റെഡ് ക്രെസന്റിന്റെ ഭാഗമായ രക്ഷാപ്രവർത്തകർ ആക്രമണങ്ങളില്‍നിന്ന് സ്വയരക്ഷ നേടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി വീഡിയോയില്‍ കാണാം. ആശുപത്രി പരിസരത്തുണ്ടായിരുന്നു ആംബുലന്‍സുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോർട്ടുകള്‍.
ആശുപത്രികള്‍ ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കപ്പെടണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് (എച്ച്ആർഡബ്ല്യു) ആവശ്യപ്പെട്ടു. അല്‍ ഷിഫ ആശുപത്രിയിലെ ആക്രമണത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കവെയാണ് എച്ച്ആർഡബ്ല്യുവിന്റെ ഇസ്രയേല്‍ - പലസ്തീന്‍ ഡയറക്ടറായ ഒമർ ഷക്കീർ ഇക്കാര്യം വ്യക്തമാക്കിയത്. ''ആയിരത്തോളം സാധാരണക്കാർ അവിടെയുണ്ടായിരുന്നു. ആശുപത്രികള്‍ സംരക്ഷിക്കപ്പെടണം,'' അദ്ദേഹം കുറിച്ചു. ഇസ്രയേലിന്റെ ആക്രമണം ശക്തമായ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ അഭയം പ്രാപിച്ചവരുടെ സുരക്ഷ അപകടത്തിലാണെന്ന് എച്ച്ആർഡബ്ല്യു നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.
ആശുപത്രികള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നത് പൊതുജനാരോഗ്യ സംവിധാനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുകയാണെന്ന് അല്‍ ഷിഫ ആശുപത്രിയിലെ ഡോക്ടറായ അബു സാല്‍മിയ പറഞ്ഞു. ''ഇത് ആശുപത്രികള്‍ക്കും പലസ്തീന്‍ ജനതയ്ക്കുമെതിരായ യുദ്ധമാണ്. നിങ്ങള്‍ ആശുപത്രികള്‍ ആക്രമിക്കുന്നത് ആരോഗ്യപ്രവർത്തകർക്കും രോഗികള്‍ക്കും മാത്രമല്ല, ഗാസയിലുള്ള എല്ലാ ജനങ്ങള്‍ക്കും വധശിക്ഷ നല്‍കുന്നതിന് സമാനമാണിത്,'' അബു വ്യക്തമാക്കി.
''ജനങ്ങള്‍ക്ക് ആശുപത്രികളില്‍നിന്ന് ചികിത്സയും മരുന്നും ലഭിക്കാനാകാത്ത സാഹചര്യമുണ്ടാകുന്നു. ഇതിനോടകം തന്നെ ദുരവസ്ഥയിലായ പൊതുജനാരോഗ്യമേഖല കൂടുതല്‍ ദുഷ്കരമാകും. ആശുപത്രികളുടെ പ്രാധാന്യം എല്ലാവർക്കും അറിയാം. ആശുപത്രികള്‍ ശ്മശാനഭൂമിയായി മാറിയതും എല്ലാവരും മനസിലാക്കിയിരിക്കുന്നു,'' അബു കൂട്ടിച്ചേർത്തു.
വെസ്റ്റ് ബാങ്കിലും വ്യാപകമായുള്ള ആക്രമണങ്ങള്‍ ഇസ്രയേല്‍ തുടരുന്നതായയാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ വെസ്റ്റ് ബാങ്കില്‍ മാത്രം മരണപ്പെട്ടവരുടെ എണ്ണം 19 ആയി ഉയർന്നു. പത്തിലധികം പേർക്ക് ഗുരുതരമായി പരുക്കേറ്റു. വെസ്റ്റ് ബാങ്കില്‍ ഇതുവരെ 182 പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് പലസ്തീനിയന്‍ വാർത്താ ഏജന്‍സിയായ വാഫ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, വടക്കന്‍ ഗാസയിലെ ജനങ്ങള്‍ക്ക് പലായനം ചെയ്യുന്നതിനായി ദിവസവും നാല് മണിക്കൂർ ആക്രമണങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനുള്ള ഇസ്രയേലിന്റെ തീരുമാനം ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇത്തരം നിയന്ത്രണങ്ങളെക്കുറിച്ചും വെടിനിർത്തലിന്റെ ദൈർഘ്യം സംബന്ധിച്ചും ഇസ്രയേലുമായി അമേരിക്ക ചർച്ചകള്‍ തുടരുമെന്നും യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിർബി അറിയിച്ചു.