WORLD

ഗാസയ്ക്കുമേൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ച് ഇസ്രയേൽ; വൈദ്യുതി, കുടിവെള്ള, ഭക്ഷണ വിതരണം തടഞ്ഞു

ഗാസയിലും ഇസ്രയേലിലുമായി മരണം 1200 കടന്നു

വെബ് ഡെസ്ക്

ഇസ്രയേൽ - ഹമാസ് പോരാട്ടം കനക്കുന്നതിനിടെ ഗാസയ്ക്ക് മേൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ച് ഇസ്രയേലി പ്രതിരോധ വകുപ്പ്. ഇതോടെ 23 ലക്ഷം ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, വെള്ളം, ഗ്യാസ് എന്നിവയുടെ വിതരണം നിലയ്ക്കും. ഗാസയ്ക്ക് മേല്‍ കനത്ത വ്യോമാക്രമണം നടത്തുന്നിതിടെയാണ് ഇസ്രയേല്‍ നിലപാടുകള്‍ കടുപ്പിക്കുന്നത്.

"ഗാസയെ പൂർണമായും ഉപരോധിക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്. ഞങ്ങൾ ക്രൂരന്മാരോട് പോരാടുകയാണ്. അതനുസരിച്ചാകും പ്രതികരണം" ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ശനിയാഴ്ച തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ എഴുനൂറിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ 493 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഗാസയ്ക്ക് ചുറ്റുമുള്ള എല്ലാ കമ്മ്യൂണിറ്റികളുടെയും നിയന്ത്രണം ഇസ്രയേൽ തിരിച്ചുപിടിച്ചതായി സൈന്യം തിങ്കളാഴ്ച അറിയിച്ചു. എന്നാൽ ഹമാസിന്റെ പ്രവർത്തകർ ഇപ്പോഴും ഇസ്രയേലിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും അതിർത്തികൾ സുരക്ഷിതമാക്കാൻ “പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നു” എന്ന് പ്രതിരോധ സേനയുടെ വക്താവ് പറഞ്ഞു. ഇസ്രയേൽ- ഹമാസ് പോരാട്ടം നിലവിൽ 48 മണിക്കൂർ പിന്നിട്ടു. ശനിയാഴ്ച 'ഓപ്പറേഷൻ അൽ അക്സ ഫ്ളഡ്'എന്ന പേരിൽ ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ അപ്രതീക്ഷിത റോക്കറ്റ് ആക്രമണമാണ് നിലവിലെ യുദ്ധസമാനമായ സംഘർഷത്തിലേക്ക് നയിച്ചത്.

സാധാരണക്കാരും സൈനികരും ഉൾപ്പെടെ നൂറ്റിമുപ്പതോളം ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ പറഞ്ഞു. സംഘർഷത്തിൽ കേരളത്തിൽ നിന്നുള്ള ഒരു യുവതിക്ക് പരുക്കേറ്റതായി വാർത്തകളുണ്ട്. ഇസ്രയേലിൽനിന്ന് കുടുംബവുമായി വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കെയായിരുന്നു യുവതിക്ക് പരുക്കേറ്റത്.

സംഘർഷം കണക്കിലെടുത്ത് അമേരിക്കൻ എയർലൈൻസ്, എയർ ഫ്രാൻസ്, ലുഫ്താൻസ, എമിറേറ്റ്സ്, റയാൻഎയർ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ വിമാനക്കമ്പനികൾ ടെൽ അവീവിലെ ബെൻ ഗുറിയൻ വിമാനത്താവളത്തിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

'ടൂ സ്റ്റേറ്റ് നേഷൻ' മാത്രമാണ് മുന്നോട്ടുള്ള ഏകവഴിയെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. "പതിറ്റാണ്ടുകളായി പലസ്തീൻ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിന്റെ കാരണങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകത" ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍