ഗാസയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതകളെ രൂക്ഷമായി വിമർശിച്ചതിന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സില്‍വയെ അനഭിമതനായി പ്രഖ്യാപിച്ച് ഇസ്രയേൽ. ഗാസ മുനമ്പിൽ നടക്കുന്നത് യുദ്ധമല്ല, വംശഹത്യയാണെന്നായിരുന്നു ലുല ഡ സില്‍വയുടെ വിമർശം. യഹൂദരോട് ഹിറ്റ്ലർ ചെയ്ത ക്രൂരതകളോടും ഹോളോകോസ്റ്റിനോടുമാണ് ഗാസയിലെ വംശഹത്യയെ ബ്രസീൽ പ്രസിഡന്റ് താരതമ്യം ചെയ്തത്.
“ഗാസ മുനമ്പിലും പലസ്തീൻ ജനതയ്ക്കും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ചരിത്രത്തിൽ മുൻപൊരിക്കലും സംഭവിച്ച് കാണാത്ത ഒന്നാണ്. പക്ഷേ ഹിറ്റ്ലർ യഹൂദരെ കൊല ചെയ്യാൻ തീരുമാനിച്ചപ്പോൾ സംഭവിച്ചത് ഇതാണ്. ഗാസ മുനമ്പിൽ നടക്കുന്നത് യുദ്ധമല്ല, വംശഹത്യയാണ്. ഇത് പട്ടാളക്കാർക്കെതിരായ സൈനികരുടെ യുദ്ധമല്ല. വളരെ സജ്ജരായ സൈന്യവും സ്ത്രീകളും കുട്ടികളും തമ്മിലുള്ള യുദ്ധമാണിത്. സൈനികർക്കെതിരെ സൈനികർ നടത്തുന്ന യുദ്ധമല്ലിത്. വളരെ സജ്ജരായ സൈന്യവും സ്ത്രീകളും കുട്ടികളും തമ്മിലുള്ള യുദ്ധമാണിത്," അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പരാമർശം ഗുരുതരമായ യഹൂദ വിരുദ്ധ ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടി ബ്രസീൽ പ്രസിഡന്റ് ലുലയെ ഇസ്രായേൽ 'പേഴ്സണൽ നോൺ ഗ്രാറ്റ' അഥവാ അനഭിമതനായി വ്യക്തി ആയി ഇസ്രയേൽ പ്രഖ്യാപിച്ചു. " ഞങ്ങൾ മറക്കുകയോ ക്ഷമിക്കുകയോ ഇല്ല. ഇത് ഗുരുതരമായ സെമിറ്റിക് വിരുദ്ധ ആക്രമണമാണ്. എന്റെ പേരിലും ഇസ്രായേൽ പൗരന്മാരുടെ പേരിലും - പ്രസിഡന്റ് ലുലയോട് പറയുക, പറഞ്ഞത് തിരിച്ചെടുക്കുന്നതുവരെ അദ്ദേഹം ഇസ്രായേലിൽ അനഭിമതനായിരിക്കും," ഇസ്രായേൽ വിദേശകാര്യ മന്ത്രി കാറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വിഷയത്തിൽ ബ്രസീൽ അംബാസിഡറെ ഇസ്രായേൽ നേരിട്ടുവിളിച്ച് വരുത്തുകയും ചെയ്തിട്ടുണ്ട്. ബ്രസീൽ അംബാസഡർ ഫെഡറിക്കോ മേയറെ ഇസ്രായേലിന്റെ ഹോളോകോസ്റ്റ് സ്മാരകമായ യാദ് വാഷെമിലേക്ക് വിളിച്ചുതരത്തിയാണ് കാറ്റ്‌സ് ശാസന അറിയിച്ചത്.
ലുലയുടെ വിമർശനങ്ങൾ ലജ്ജാകരവും ഭയപ്പെടുത്തുന്നതുമാണെന്ന് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു ചൂണ്ടിക്കാട്ടി. ഹോളോകോസ്റ്റ് ക്രൂരതകളെ ലുല നിസാരവൽക്കരിച്ചുവെന്നും നെതന്യാഹു വ്യക്തമാക്കി.
അതേസമയം ഗാസ മുനമ്പിൽ ഇസ്രയേലിൻ്റെ സൈനിക നടപടിയുടെ ഫലമായി 29,000 ഫലസ്തീനികൾ കൊല്ലപ്പെടുകയും 69,000 ത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.