WORLD

ഗാസയിൽ താത്കാലിക വെടിനിര്‍ത്തലിനുള്ള ചർച്ചകൾ ഫലം കാണുന്നു; കരാറിനരികെയെന്ന് ഹമാസ് നേതാവ്

വെബ് ഡെസ്ക്

ആറാഴ്ചയിലേറെയായി ഗാസയില്‍ തുടരുന്ന ഇസ്രയേലിന്റെ ഏകപക്ഷീയ ആക്രമണങ്ങൾക്ക് താത്കാലിക വിരാമമിടാനുള്ള ചർച്ചകൾ ഫലം കാണുന്നതായി സൂചന. ഹമാസ് രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായിൽ ഹനിയെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ഉടമ്പടിക്ക് അരികെ എത്തിയിരിക്കുന്നുവെന്ന് ഹനിയെ ചൊവ്വാഴ്ച പറഞ്ഞു. ഖത്തറാണ് ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നത്.

ഗാസയിലേക്ക് സഹായം എത്തിക്കുക, ബന്ധികൾക്ക് പകരം ഇസ്രയേൽ തടവിലാക്കിയ പലസ്തീനികളെ മോചിപ്പിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് കരാറിൽ ഉൾപ്പെടുക. ഇസ്രയേൽ തടവിലാക്കിയ ആളുകൾക്കായി ഹമാസ് ബന്ദികളാക്കിയവരുടെ കൈമാറ്റവും ഉൾപ്പെടുന്നുവെന്ന് ഹമാസ് ഉദ്യോഗസ്ഥൻ ഇസത്ത് എൽ റെഷിഖ് അൽ ജസീറയോട് പറഞ്ഞു.

ഇസ്രയേലിന്റെ 'അധിനിവേശ ജയിലുകളിൽ' കഴിയുന്ന പലസ്തീൻ സ്ത്രീകൾക്കും കുട്ടികൾക്കും പകരം ഇസ്രയേൽ സ്ത്രീകളെയും കുട്ടികളെയും ഗാസയിൽനിന്ന് മോചിപ്പിക്കുന്നതും കരാറിലുണ്ടെന്ന് ഹമാസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഒക്‌ടോബർ ഏഴിന് ഹമാസ് സായുധ സംഘം ഇസ്രയേലിൽനിന്ന് പിടികൂടിയ 240 ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകൾ ആഴ്ചകളായി ഖത്തറിൽ നടന്നുവരികയായിരുന്നു. ഒരു കരാറിലേക്ക് എത്താറായതായി നേരത്തെ അമേരിക്കയും അറിയിച്ചിരുന്നു. ചർച്ചകൾ “എൻഡ്‌ഗെയിം” ഘട്ടത്തിലാണെന്നായിരുന്നു വൈറ്റ് ഹൗസിന്റെ തിങ്കളാഴ്ചത്തെ പ്രതികരണം. എന്നാൽ കരാറിനെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല.

ഇത്തരം ചർച്ചകൾക്കിടയിലുള്ള പരസ്യപ്രസ്താവനകൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കരാറുകൾ എളുപ്പത്തിൽ നിഷ്‌ഫലമാക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു അതിന് കാരണമായി അമേരിക്ക പറഞ്ഞത്.

അഞ്ച് ദിവസത്തെ താത്കാലിക വെടിനിർത്തലാകും ഉണ്ടാവുകയെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തിരുന്നു. കരയാക്രമണത്തിന് പുറമെ വ്യോമാക്രമണവും അവസാനിപ്പിക്കുമെന്നും കരാറിലുണ്ടെന്നായിരുന്നു റിപ്പോർട്ടുകള്‍. പകരം ഹമാസും ഇസ്ലാമിക് ജിഹാദും 50 മുതൽ 100 ​​വരെ തടവുകാരെ മോചിപ്പിക്കും. എന്നാൽ ഇസ്രയേലിസൈനിക ഉദ്യോഗസ്ഥർ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തില്ലെന്നും ചില ഏജൻസികളെ ഉദ്ദരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

ഇസ്രയേലിലെയും ഗാസയിലെയും സായുധ സംഘട്ടനവുമായി ബന്ധപ്പെട്ട മാനുഷിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി പ്രസിഡന്റ് ഖത്തറിലെത്തി ഹനിയയെ സന്ദർശിച്ചിരുന്നു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. കൂടാതെ ഇരുനൂറിലധികം പേരെ ബന്ദികളായി പിടിച്ചുകൊണ്ട് വരികയും ചെയ്തിരുന്നു. ഇവരെ കണ്ടെത്താൻ ഇസ്രയേൽ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെയും കഴിഞ്ഞിട്ടില്ല. അതേസമയം ഇസ്രയേലിന്റെ പ്രതികാര നപടിയിൽ 13,300 കൊല്ലപ്പെട്ടിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും