WORLD

'ഗാസയിലെ ആക്രമണം രണ്ടാം ഘട്ടത്തിൽ'; ചോദ്യങ്ങൾക്ക് മറുപടി പിന്നീട് പറയും: നെതന്യാഹു

നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രയേലിൽ പല ഇടങ്ങളിലും പ്രതിഷേധങ്ങൾ നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

വെബ് ഡെസ്ക്

ഹമാസുമായുമായുള്ള സംഘർഷം കരയാക്രമണത്തോടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിലേക്ക് കൂടുതൽ സൈന്യം കടന്നതായി ശനിയാഴ്ച നടത്തിയ പ്രസംഗത്തിൽ നെതന്യാഹു പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവരെ രക്ഷിക്കുകയെന്നത് സൈന്യത്തിന്റെ 'അവിഭാജ്യ ഘടകമാണ്' എന്ന് അദ്ദേഹം പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നത് വൈകുന്നതില്‍ ഇസ്രയേലില്‍ തെരുവുകളിൽ പ്രതിഷേധം ഉയര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ബന്ദികളുടെ കുടുംബങ്ങളെയും നെതന്യാഹു കണ്ടിരുന്നു.

“ഇത് യുദ്ധത്തിന്റെ രണ്ടാം ഘട്ടമാണ്. ഹമാസിന്റെ ഭരണ-സൈനിക ശേഷിയെ ഇല്ലാതാക്കുകയും ബന്ദികളെ തിരിച്ചെത്തിക്കുകയുമാണ് ലക്ഷ്യം. ഭൂമിക്ക് മുകളിലും ഭൂഗർഭ അറകളിലും കഴിയുന്ന ശത്രുക്കളെ നശിപ്പിക്കും. ഇത് തുടക്കം മാത്രമാണ്" ടെൽ അവീവിൽ നെതന്യാഹു പറഞ്ഞു. കൂടാതെ ഹമാസുമായുള്ള സംഘർഷം ദീർഘകാലം നീണ്ടുനിൽക്കുന്നതും ദുഷ്കരവുമായിരിക്കുമെന്ന് നെതന്യാഹു ആവർത്തിച്ചു. അതേസമയം, നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രയേലിൽ പല ഇടങ്ങളിലും പ്രതിഷേധങ്ങൾ നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ സംഘർഷങ്ങൾ അവസാനിച്ച ശേഷം എല്ലാത്തിനും മറുപടി പറയാമെന്നും ഇപ്പോൾ രാജ്യത്തെ രക്ഷിക്കുകയാണ് തന്റെ ചുമതലയനും അദ്ദേഹം പറഞ്ഞു.

ആറായിരത്തിലധികം വരുന്ന പലസ്തീൻ തടവുകാരെ വിട്ടയച്ചാൽ ബന്ദികളെ കൈമാറാമെന്ന് ഹമാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനോട് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഗാസ നഗരം ഒരു പോരാട്ടഭൂമിയാണെന്നും മേഖലയിലുള്ളവർ മുനമ്പിന്റെ തെക്ക് ഭാഗത്തേക്ക് മാറണമെന്നും ലഖുലേഖകൾ ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിരുന്നു. ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും നിരവധി രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഗാസയിലെ വംശഹത്യയ്ക്ക് വിരാമമിടാൻ അന്താരാഷ്ട്ര തലത്തിൽ നടപടികൾ ഉണ്ടാകണമെന്ന് പലസ്തീനിയൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആക്രമണങ്ങളുടെ തോത് വർധിപ്പിക്കുന്ന സമീപനമാണ് ഇസ്രയേൽ സ്വീകരിക്കുന്നത്. ഇസ്രയേലിനെതിരെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാനുള്ള മറുപടിയെന്നോണം അവിടെയുള്ള ഇസ്രയേൽ പ്രതിനിധികളെ നെതന്യാഹു തിരികെ വിളിച്ചിരുന്നു.

സങ്കീര്‍ണമായ കരയാക്രമണത്തിലേക്ക് ഇപ്പോൾ നീങ്ങരുതെന്ന് അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഉയരുന്നത് തടയാനും ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകൾക്ക് സമയം ലഭിക്കുകയുമാണ് ആവശ്യത്തിന് പിന്നിൽ. എന്നാൽ അന്തിമ തീരുമാനം ഇസ്രയേലിന്റേതാണെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതുവരെ 7703 പേർ ഗാസയിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കനത്ത ബോംബാക്രമണങ്ങളിൽ ഗാസയിലെ ഇന്റർനെറ്റ്- ആശയവിനിമയ സംവിധാനങ്ങൾ പൂർണമായി തകർന്നിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ