ഇസ്രയേലിന് ഹമാസിനെ പ്രതിരോധിക്കാനുള്ള എല്ലാവിധ അവകാശങ്ങളുമുണ്ടെന്നും എന്നാൽ ജനങ്ങൾ സുരക്ഷിതരായിരിക്കാൻ ആവശ്യമായ കാര്യങ്ങൾ അവരുടെ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം യു എസിനുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കഴിഞ്ഞയാഴ്ച ബൈഡൻ നടത്തിയ ഇസ്രയേൽ സന്ദർശനത്തിൽ യുദ്ധത്തിന്റെ നിയമങ്ങൾ പാലിക്കണമെന്നും സാധാരണ മനുഷ്യരെ സംരക്ഷിക്കണമെന്നുമാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞതെന്നും ബൈഡൻ എക്‌സിൽ കുറിച്ചു.
"നിഷ്കളങ്കരായ, സ്വസ്ഥമായി ജീവിക്കാൻ മാത്രം ആഗ്രഹിക്കുന്ന പലസ്തീനികളുടെ മാനവികത നമുക്ക് കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല, അതിനാലാണ് ഞാൻ പലസ്തീനിലേക്കുള്ള അമേരിക്കയുടെ ആദ്യ സഹായം എന്ന രീതിയിൽ അവശ്യസാധനങ്ങൾ അയച്ചത്," അദ്ദേഹം കുറിപ്പിൽ പറയുന്നു. ദ്വിരാഷ്ട്രം എന്ന പരിഹാരം നമുക്ക് വേണ്ടെന്ന് വയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതികരണങ്ങളുമായി രംഗത്തെത്തി. ഹമാസ്-ഇസ്രയേൽ യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് കാണാൻ യു എസിന് താല്പര്യമില്ല എന്നായിരുന്നു ആന്റണി ബ്ലിങ്കനും ഡിഫെൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അഭിപ്രായപ്പെട്ടത്.
പുറത്തുവരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കാനുള്ള സാധ്യതയുണ്ടെന്നും എന്നാൽ ഹമാസ് ഒക്ടോബർ 7 നു നടത്തിയ ആക്രമണത്തിന്റെ ഭാഗമായി തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരിൽ കൂടുതൽ പേരെ അടുത്ത ദിവസങ്ങളിലായി സ്വാതന്ത്രരാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലിങ്കൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ ഭാഗമായി മിഡിൽ ഈസ്റ്റിൽ ഏതെങ്കിലും തരത്തിൽ ആക്രമണം വ്യാപിക്കാൻ സാധ്യതയുണ്ടെങ്കിൽ സജ്ജരായി നില്ക്കാൻ സേനയോട് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞതായ വിവരങ്ങളാണ് പുറത്തുവരുന്നത്. യു എസ് പട്ടാളത്തിനുനേരെയും പ്രദേശത്ത് അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും അതിനെതിരെ പ്രതികരിക്കാനുള്ള ശേഷിയുണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രതിരോധ സെക്രട്ടറി ഓസ്റ്റിൻ പറയുന്നു.
"ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ കൂടുതൽവഷളാക്കി എന്തെങ്കിലും ലാഭമുണ്ടാക്കാമെന്ന് കരുതുന്ന ഏതെങ്കിലും സംഘമോ രാജ്യങ്ങളോ ഉണ്ടെങ്കിൽ ഞങ്ങൾക്ക് അവരോട് പറയാനുള്ളത് പാടില്ല എന്നാണ്," ഓസ്റ്റിൻ എ ബി സി ന്യൂസിനോട് പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ആർക്കുമുണ്ട്. കൃത്യമായ നടപടികൾ എടുക്കാൻ തങ്ങൾ മടിക്കില്ലെന്നും ഓസ്റ്റിൻ പറഞ്ഞു.
ഇറാൻ ഇടപെടുന്നതിന്റെ ഭാഗമായി ചിലപ്പോൾ യുദ്ധം വഷളാകാൻ സാധ്യതയുണ്ട്. അതിനെ പ്രതിരോധിക്കാൻ തയാറെടുക്കുകയാണെന്ന് യു എസ് പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടശേഷമാണ് പ്രതിരോധ സെക്രട്ടറി ഓസ്റ്റിന്റെ വാക്കുകൾ വരുന്നത്. വ്യോമയാന പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് നിർദേശം നൽകിയതിനെ തുടർന്ന് അമേരിക്കൻ സൈന്യത്തിന്റെ കൂടുതൽ സാന്നിധ്യം പ്രദേശത്തുണ്ടാകുമെന്നാണ് വിലയിരുത്തലുകൾ.