പോളിയോ വാക്‌സിന്‍ വിതരണത്തിനിടയിലും വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. ഗാസയിലെ പോളിയോ വാക്സിന്‍ യജ്ഞത്തിനായി മൂന്നു ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സന്നദ്ധത അറിയിച്ചിരുന്നു. പോളിയോ വാക്‌സിന്‍ വിതരണം കേന്ദ്രപ്രദേശങ്ങളില്‍ പരിമിതപ്പെടുത്തിയതിനാല്‍ ഗാസ സിറ്റിക്ക് വടക്കും റാഫയ്ക്ക് തെക്കുമാണ് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. പോളിയോ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ തുടരാനായി സ്‌ഫോടനങ്ങള്‍ നിര്‍ത്താന്‍ ഇസ്രയേലില്‍ സമ്മര്‍ദം ചെലുത്താന്‍ അന്താരാഷ്ട്ര സമൂഹത്തോട് പലസ്തീന്‍ ആരോഗ്യമന്ത്രി മജീദ് അബു റമദാന്‍ ആഹ്വാനം ചെയ്തു.
ഏറ്റവും വലിയ ഇസ്രയേലി റെയ്ഡില്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 33 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം ശനിയാഴ്ച ഗാസയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്ത ആറ് ബന്ദികള്‍ എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ലെന്ന് ഹമാസിന്‌റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ബാസം നെയിം അല്‍ ജസീറയോട് പറഞ്ഞു.
അധിനിവേശ വെസ്റ്റ് ബാങ്കിന്‌റെ വടക്കും തെക്കുമുള്ള നിരവധി നഗരങ്ങളില്‍ ഇസ്രയേലി സൈന്യം റെയ്ഡ് നടത്തി. വടക്കന്‍ അധിനിവേശ വെസ്റ്റ്ബാങ്കിലെ നബ്ലസില്‍ മുറബ്ബാ ചെക്‌പോസ്റ്റിലൂടെ നഗരത്തിലേക്ക് ഇരച്ചുകയറിയ ഇസ്രയേലി സൈനികവാഹനങ്ങള്‍ തെരുവുകളില്‍ പട്രോളിങ് നടത്തുകയും വീടുകള്‍ റെയ്ഡ് ചെയ്യുകയും ചെയ്തു.
ചില ആയുധങ്ങള്‍ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുമെന്ന് ഭയന്ന് ഇസ്രയേലിലേക്കുള്ള ആയുധക്കയറ്റുമതിയില്‍ ചിലത് ഒഴിവാക്കുമെന്ന് യുകെ സര്‍ക്കാര്‍ പറയുന്നു. ഈ നടപടിയെ ഇസ്രയേല്‍ പ്രധാനമന്ത്രി 'ലജ്ജാകരം' എന്നാണ് വിശേഷിപ്പിച്ചത്. മാത്രമല്ല ഇത് ഗാസ ഭരിക്കുന്ന പലസ്തീന്‍ ഗ്രൂപ്പായ ഹമാസിനെ സഹായിക്കുമെുന്നം അദ്ദേഹം പറഞ്ഞു.
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 40,819 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 94,291 പേര്‍ക്കു പരുക്കേറ്റു.