ഗാസാ മുനമ്പ് കീഴടക്കാനോ, അവിടെ തങ്ങള്‍ക്കനുകൂല സമാന്തര സര്‍ക്കാര്‍ രൂപീകരിക്കാനോ പദ്ധതിയില്ലെന്നും ലക്ഷ്യം ഹമാസിനെ തകര്‍ക്കുക മാത്രമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കന്‍ മാധ്യമമായ ഫോക്സ് ന്യൂസിനോടാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസിനെ തടയുന്നതിനായി ഗാസയിലേക്ക് കടക്കുന്നത് അത്യാവശ്യമാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
"ഞങ്ങള്‍ ഗാസ കീഴടക്കാന്‍ ശ്രമിക്കുന്നില്ല, ഗാസ പിടിച്ചടക്കാനോ ഭരിക്കാനോ ശ്രമിക്കുന്നില്ല. സാധാരണക്കാരുടെ സർക്കാരാണ് അവിടെ ആവശ്യം. പക്ഷേ ഇസ്രയേലില്‍ 1,400 പേരുടെ മരണത്തിനിടയാക്കിയതു പോലൊരു ആക്രമണം ഇനി ആവർത്തിക്കില്ലെന്ന് ഇസ്രയേല്‍ ഉറപ്പാക്കേണ്ടതുണ്ട്," നെതന്യാഹു പറഞ്ഞു.
നേരത്തെ ഗാസയുടെ സുരക്ഷ സംബന്ധിച്ച ഉത്തരവാദിത്തം ഇസ്രയേലിനായിരിക്കുമെന്നും ഗാസയില്‍ സമാന്തര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം നടത്തുമെന്നും നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് എതിർപ്പുയർന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ നിലപാട് മാറ്റമുണ്ടായിരിക്കുന്നത്.
ഗാസയിലെ ആശുപത്രിപരിസരങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇസ്രയേലിന്റെ ആക്രമണങ്ങള്‍ ഇടവേളകളില്ലാതെ തുടരുകയാണ്. അല്‍ ഖുദ്സ് ആശുപത്രിക്ക് സമീപമുള്ള തല്‍ അല്‍ ഹവ പ്രദേശത്ത് ഇസ്രയേല്‍ സൈന്യം ബോംബാക്രമണം നടത്തിയതായി പലസ്തീനിയന്‍ റെഡ് ക്രെസന്റ് സ്ഥിരീകരിച്ചു. രോഗികള്‍ക്കും ആരോഗ്യപ്രവർത്തകർക്കും പുറമെ പതിനാലായിരത്തിലധികം അഭയാർത്ഥികളും ആശുപത്രിയിലുണ്ടെന്ന് റെഡ് ക്രെസെന്റ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു.
ഇസ്രയേലിന്റെ ഉപരോധത്തെ തുടർന്ന് ഇന്ധനവിതരണം നിലച്ചതിനാല്‍ ആശുപത്രിയുടെ പ്രവർത്തനം ഭാഗികമായി അവസാനിപ്പിക്കുന്നതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഗാസയിലെ പേഷ്യന്റ്സ് ഫ്രെണ്ട്സ് ഹോസ്പിറ്റലിന്റെ പരിസരത്തും ആക്രമണം നടന്നതായും അല്‍ ജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അല്‍ ഷിഫ ആശുപത്രിയിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ആറ് പേർ കൊല്ലപ്പെട്ടതായി ആശുപത്രി ഡയറക്ടറായ അബു സാല്‍മിയ അല്‍ ജസീറയോട് പറഞ്ഞു. ആക്രമണത്തില്‍ അബു സാല്‍മിയക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. വീടുകള്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് പലസ്തീനികള്‍ക്ക് അഭയം നല്‍കുന്ന ആശുപത്രിയുടെ പരിസരത്തേക്ക് നിലയ്ക്കാതെയാണ് വ്യോമക്രമണം സംഭവിക്കുന്നതെന്നും അബു സാല്‍മിയ വ്യക്തമാക്കി.
ആശുപത്രികള്‍ ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കപ്പെടണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് (എച്ച്ആർഡബ്ല്യു) ആവശ്യപ്പെട്ടിരുന്നു. അല്‍ ഷിഫ ആശുപത്രിയിലെ ആക്രമണത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കവെയാണ് എച്ച്ആർഡബ്ല്യുവിന്റെ ഇസ്രയേല്‍ - പലസ്തീന്‍ ഡയറക്ടറായ ഒമർ ഷക്കീർ ഇക്കാര്യം വ്യക്തമാക്കിയത്. ''ആയിരത്തോളം സാധാരണക്കാർ അവിടെയുണ്ടായിരുന്നു. ആശുപത്രികള്‍ സംരക്ഷിക്കപ്പെടണം,'' അദ്ദേഹം കുറിച്ചു. ഇസ്രയേലിന്റെ ആക്രമണം ശക്തമായ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ അഭയം പ്രാപിച്ചവരുടെ സുരക്ഷ അപകടത്തിലാണെന്ന് എച്ച്ആർഡബ്ല്യു നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം, വടക്കന്‍ ഗാസയിലെ ജനങ്ങള്‍ക്ക് പലായനം ചെയ്യുന്നതിനായി ദിവസവും നാല് മണിക്കൂർ ആക്രമണങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനുള്ള ഇസ്രയേലിന്റെ തീരുമാനം ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ഇത്തരം നിയന്ത്രണങ്ങളെക്കുറിച്ചും വെടിനിർത്തലിന്റെ ദൈർഘ്യം സംബന്ധിച്ചും ഇസ്രയേലുമായി അമേരിക്ക ചർച്ചകള്‍ തുടരുമെന്നും യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിർബി അറിയിച്ചു.