WORLD

ഗാസ സിറ്റി ഒഴിയാൻ ഇസ്രയേലിന്റെ നിർദേശം; ആശങ്ക പ്രകടിപ്പിച്ച് യുഎൻ

വെടിനിർത്തലിനും ബന്ധികളെ മോചിപ്പിക്കുന്നതിനുമായുള്ള ശ്രമങ്ങള്‍ പലകോണില്‍നിന്ന് നടക്കുന്നുണ്ടെങ്കിലും ഏറ്റുമുട്ടലുകള്‍ തുടരുകയാണ്

വെബ് ഡെസ്ക്

പലസ്തീന്‍ പ്രദേശത്തെ പ്രധാന നഗര കേന്ദ്രമായ ഗാസ സിറ്റി ഒഴിയാന്‍ ജനങ്ങളോട് നിര്‍ദേശിക്കാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ്. മേഖലയില്‍ സൈനിക ആക്രമണം രൂക്ഷമായതിന് പിന്നാലെ ജനങ്ങളോട് പലായനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ആയിരക്കണക്കിന് ലഘുലേഖകള്‍ ഇസ്രായേല്‍ സൈന്യം ബുധനാഴ്ച ഗാസ സിറ്റിയില്‍ വിതരണം ചെയ്തയായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിലെത്തി ഗാസ സിറ്റിക്ക് മേല്‍ ലഘുലേഖകള്‍ നല്‍കുകയായിരുന്നു. അപകടമേഖലയില്‍ നിന്ന് നിർദേശിച്ചിരിക്കുന്ന സുരക്ഷിതമായ റോഡുകള്‍ വഴി ഡെയർ അല്‍ ബലയിലേയും അല്‍ സവൈദയിലേയും ഷെല്‍ട്ടറുകളിലേക്ക് നീങ്ങണമെന്നാണ് നിർദേശം.

ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ നല്‍കിയതില്‍ അതിയായ ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്ര സഭ (യുഎൻ) വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ആഴ്ചകളായി ഇസ്രയേല്‍ സൈന്യം ഗാസ സിറ്റിയിലെ വിവിധ മേഖലകളിലുള്ളവർക്ക് ഒഴിഞ്ഞുപോകണമെന്ന നിർദേശം നല്‍കിയിട്ടുണ്ട്. ഹമാസ് ഈ പ്രദേശങ്ങളില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വാദം.

വെടിനിർത്തലിനും ബന്ധികളെ മോചിപ്പിക്കുന്നതിനുമായുള്ള ശ്രമങ്ങള്‍ പലകോണില്‍നിന്ന് നടക്കുന്നുണ്ടെങ്കിലും ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. ചർച്ചകള്‍ ഖത്തറില്‍ പുനരാരംഭിക്കാനിരിക്കുകയാണ്. ഈജിപ്ത്, അമേരിക്ക, ഇസ്രയേല്‍ എന്നിവിടങ്ങളിലെ ഇന്റലിജൻസ് മേധാവികള്‍ ചർച്ചയില്‍ പങ്കെടുക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

ഗാസ സിറ്റിയില്‍ ഏകദേശം രണ്ടരലക്ഷത്തോളം പേർ താമസിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ചിലർ തെക്കൻ മേഖലയിലേക്ക് പലായനം ചെയ്യുന്നതായും റിപ്പോർട്ടുണ്ട്. മറ്റുള്ളവർ നഗരം വിട്ടുപോകാൻ ഇതുവരെ തയാറായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഞാൻ ഗാസ വിടില്ല, മറ്റുള്ളവർ ചെയ്യുന്ന മണ്ടത്തരം ആവർത്തിക്കാൻ ഞാൻ തയാറല്ല. ഇസ്രയേല്‍ മിസൈലുകള്‍ക്ക് തെക്കും വടക്കും തമ്മില്‍ വ്യത്യാസങ്ങളില്ല, ഗാസ നിവാസിയായ ഇബ്രാഹിം അല്‍ ബാർബറി ബിബിസിയോട് പറഞ്ഞു. മരണം എന്റേയും കുടുംബത്തിന്റേയും വിധിയാണെങ്കില്‍ സ്വന്തം വീട്ടില്‍ അന്തസോടെ അത് സ്വീകരിക്കുമെന്നും ഇബ്രാഹിം കൂട്ടിച്ചേർത്തു.

പലസ്തീൻ അഭയാർഥികള്‍ക്കായുള്ള യുഎൻ ഏജൻസിയുടെ ആസ്ഥാനത്തുനിന്ന് പ്രവർത്തിക്കുന്ന ഹമാസിനെതിരായി നടപടി സ്വീകരിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പ്രസ്താവനയിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗാസ സിറ്റിയിലെ കിഴക്കൻ മേഖലകളില്‍ നിരവധി പേരെ വധിച്ചതായും ഐഡിഎഫ് അറിയിച്ചു. ഹമാസിലെ 60 ശതമാനം പോരാളികള്‍ക്ക് പരുക്കേല്‍ക്കുകയോ അല്ലെങ്കില്‍ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പാർലമെന്റില്‍ പറഞ്ഞു.

ഹമാസ് ഒക്ടോബർ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ 1200 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 38,295 ആണ്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍