WORLD

'ഉടൻ ഒഴിയണം;' റഫാ ആക്രമിക്കാന്‍ തയാറെടുത്ത് ഇസ്രയേൽ

വെബ് ഡെസ്ക്

ഗാസയുടെ തെക്കൻ നഗരമായ റഫായിൽനിന്ന് ഉടൻ ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട് ഇസ്രയേൽ. റഫായിൽ ഇസ്രയേൽ പ്രഖ്യാപിച്ച ആക്രമണത്തിന് മുന്നോടിയായാണ് അറിയിപ്പ്. സമീപ ഭാവിയിൽ റഫായിൽ തീവ്രമായ നടപടികൾ ഉണ്ടാകുമെന്ന ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലാന്റിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് നടപടി. കഴിഞ്ഞ ആറുമാസത്തിലേറെയായി സംഘർഷഭൂമിയായ ഗാസയിലെ പല മേഖലകളിൽനിന്ന് എത്തിയവർ അഭയാർഥികളായി കഴിയുന്ന മേഖലയാണ് റഫാ.

റഫായിൽ എട്ട് കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ശക്തമായ ഇസ്രയേൽ ബോംബാക്രമണം കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ കരേം അബു സലേം ക്രോസിങ്ങിന് നേരെ ഹമാസ് റോക്കറ്റ് ആക്രമണത്തിൽ മൂന്ന് ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടിരുന്നു. കിഴക്കൻ റഫയിലെ സമീപപ്രദേശങ്ങളിലെ താമസക്കാരോട് അൽ-മവാസി, ഖാൻ യൂനിസ് മേഖലകളിലെ വിപുലീകരിച്ച മേഖലയിലേക്ക് മാറാനാണ് ഇസ്രയേൽ സൈന്യം ചൊവ്വാഴ്ച ആവശ്യപ്പെട്ടത്. പലസ്തീൻ സായുധ സംഘമായ ഹമാസിന്റെ ശക്തികേന്ദ്രമാണ് റഫായെന്നാണ് ഇസ്രയേലിന്റെ ന്യായീകരണം. എന്നാൽ റഫായിൽ ആക്രമണം നടത്തുന്നതിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുവന്നിരുന്നു.

അതേസമയം, ഗാസയിൽ വെടിനിർത്തലിന് വേണ്ടി ഈജിപ്തിൽ നടന്ന ചർച്ച ഏകദേശം പരാജയപ്പെട്ടതായാണ് റിപ്പോർട്ട്. ചർച്ചയുടെ ആദ്യഘട്ടത്തിൽ പുരോഗതി ഉണ്ടായിരുന്നെങ്കിലും ആക്രമണം അവസാനിപ്പിക്കാനുള്ള ആഗോള സമ്മർദ്ദം അവഗണിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട് ചർച്ചയെ പിന്നോട്ടടിച്ചുവെന്നാണ് റിപ്പോർട്ട്. കൂടാതെ ഈജിപ്തിൻ്റെയും ഖത്തറിൻ്റെയും മധ്യസ്ഥതയിലുള്ള ചർച്ചകൾക്ക് പ്രതിനിധി സംഘത്തെയും ഇസ്രയേൽ അയച്ചിരുന്നില്ല. ഹമാസ് പ്രതിനിധി സംഘമാകട്ടെ ഖത്തറിലേക്ക് മടങ്ങി. കൂടുതൽ ചർച്ചകൾക്കായി ചൊവ്വാഴ്ച കെയ്‌റോയിലേക്ക് തിരിച്ചെത്തുമെന്നും റിപ്പോർട്ടുണ്ട്.

തെക്കൻ ഗാസയിലെ സൈനിക നടപടിക്ക് മുന്നോടിയായി ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് നേരത്തെ ഇസ്രയേൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ധരിപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

റഫായുടെ തെക്കേ അറ്റത്തുള്ള നഗരത്തിലും പരിസരത്തും അഭയം പ്രാപിച്ച 12 ലക്ഷം പലസ്തീനികൾക്ക് “ഏതെങ്കിലും ഗ്രൗണ്ട് ഓപ്പറേഷൻ മരണസംഖ്യ വർധിപ്പിക്കുമെന്ന മുന്നറിയിപ്പുകളുണ്ട്. വടക്കൻ ഗാസയിൽ ഇതിനകം തന്നെ പൂർണാർഥത്തിൽ വറുതി അനുഭവപ്പെടുന്നുമുണ്ട്.

ഒക്‌ടോബർ 7 മുതൽ ഗാസയ്‌ക്കെതിരായ ഇസ്രയേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 34,683 പലസ്തീനികൾ കൊല്ലപ്പെടുകയും 78,018 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും