ഗാസയിലെ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന പ്രമേയം യുഎൻ ജനറൽ അസംബ്ലി അംഗീകരിച്ചതിന് ശേഷവും കനത്ത വ്യോമാക്രമണങ്ങൾ തുടർന്ന് ഇസ്രയേൽ. ഗാസയിൽ കര അധിനിവേശം വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇസ്രയേൽ കഴിഞ്ഞ ദിവസം ബോംബാക്രമണങ്ങൾ ശക്തമാക്കിയത്. ഈ മാസം ഏഴിന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടശേഷം ഗാസയ്ക്കു നേരെ നടന്ന ഏറ്റവും ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. ഗാസയിലെ ആശയവിനിമയ സംവിധാനങ്ങൾ പാടെ നിലച്ചിരിക്കുകയാണ്. ആംബുലൻസ് വിളിക്കാൻ പോലും സാധിക്കാത്തതിനാൽ പരിക്കേറ്റവരെ കൈകളിൽ ചുമന്ന് ആശുപത്രിയിൽ എത്തിക്കേണ്ട അവസ്ഥയാണ് പ്രദേശത്ത് നിലനിൽക്കുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
അപകടങ്ങളെക്കുറിച്ചോ സ്‌ഫോടനങ്ങളെക്കുറിച്ചോ അറിയിക്കാൻ ഗാസയിലെ ജനങ്ങൾക്ക് യാതൊരു വിധത്തിലുള്ള ആശയ വിനിമയത്തിനും സാധിക്കുന്നില്ല. ആശയവിനിമയം തടസ്സപ്പെട്ടതിനെ തുടർന്ന് ഗാസയിലെ ജീവനക്കാരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങളും സഹായ ഏജൻസികളും പറയുന്നു. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ സൈന്യവുമായി നേരിട്ടുള്ള യുദ്ധം നടക്കുന്നുണ്ടെന്ന് ഹമാസ് അറിയിച്ചു.
ഗാസയിലെ പ്രധാന ആശുപത്രികളിൽ ഒന്നായ അൽ ഷിഫ ആശുപത്രിയും നിലവിൽ വ്യോമാക്രമണങ്ങളുടെ ഭീഷണിയിലാണ്. ഹമാസിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത് അൽ ഷിഫ ആശുപത്രിക്ക് കീഴിൽ തയ്യാറാക്കിയിട്ടുള്ള തുരങ്കങ്ങളിലാണെന്ന് ഇസ്രയേൽ ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു. ആശുപത്രിയിലെ കറന്റും ഇന്ധനവും ഉപയോഗിച്ചാണ് പ്രവർത്തനം എന്നാണ് ഇസ്രയേലിന്റെ ആരോപണം. ആരോപണം സാധൂകരിക്കാൻ വ്യക്തമായ തെളിവുകൾ പക്കലുണ്ടെന്നും ഇസ്രായേൽ വക്താവ് ഡാനിയൽ ഹഗാരി വ്യക്തമാക്കി.
എന്നാൽ നേരത്തെയുള്ള ആക്രമങ്ങളിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കുകയും നിരവധി പേർക്ക് അഭയം നൽകുകയും ചെയ്യുന്ന അൽ ഷിഫ ആശുപത്രി ആക്രമിക്കാനുള്ള ഇസ്രയേലിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രചാരണമെന്ന് പലസ്തീൻ ആരോപിച്ചു. സൈനിക ആവശ്യങ്ങൾക്കായി ആശുപത്രികൾ ഉപയോഗിക്കുന്നുവെന്ന ഇസ്രായേലിന്റെ അവകാശവാദം ഹമാസും തള്ളിയിട്ടുണ്ട്. ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ഹമാസ് വ്യക്തമാക്കിയത്.
ഗാസ മുനമ്പിലെ ഏറ്റവും വലിയ മെഡിക്കൽ സ്ഥാപനമാണ് അൽ-ഷിഫ മെഡിക്കൽ കോംപ്ലക്സ്. നിലവിൽ 40,000-ത്തിലധികം ആളുകൾ ഇവിടെ അഭയം തേടിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ അൽ ഷിഫായിൽ ചികിത്സയിലും കഴിയുന്നുണ്ട്.
ഒക്‌ടോബര്‍ ഏഴിന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതേവരെ ഗാസയില്‍ 7,326 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ 1400-ലധികം പേരും കൊല്ലപ്പെട്ടു. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ 120 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്താണ് ഇന്നലെ രാത്രി വെടിനിര്‍ത്തല്‍ പ്രമേയം യുഎന്‍ ജനറല്‍ അസംബ്ലി പാസാക്കിയത്. അമേരിക്കയും ഹങ്കറിയും അടക്കമുള്ള രാജ്യങ്ങൾ പ്രമേയത്തെ എതിർത്തപ്പോൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ വിട്ട് നിന്നു.