WORLD

ഇസ്രയേലിൽ പ്രതിഷേധം മറികടന്ന് ജുഡീഷ്യൽ പരിഷ്ക്കരണത്തിന് തുടക്കം; സുപ്രീംകോടതിയുടെ അധികാരം എടുത്തുകളയുന്ന ബിൽ പാസാക്കി

30 മണിക്കൂറോളം നീണ്ട തുടർച്ചയായ ചർച്ചകൾക്കൊടുവിലാണ് എതിരില്ലാത്ത 64 വോട്ടിന് പാർലമെന്റ് ബിൽ പാസാക്കി

വെബ് ഡെസ്ക്

രാജ്യത്തെ ജുഡീഷ്യറിയുടെ അധികാരത്തിന് കൂച്ചുവിലങ്ങിടുന്ന പരിഷ്ക്കരണ നയങ്ങളിൽ പ്രധാനഭാഗം പാസാക്കി ഇസ്രയേൽ സർക്കാർ. നിയമഭേദഗതിയെ ചൊല്ലി രാജ്യത്ത് കടുത്ത പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ബിൽ പാർലമെന്റ് പാസാക്കിയത്. സർക്കാർ തീരുമാനങ്ങൾ റദ്ദാക്കാൻ സുപ്രീംകോടതിക്ക് ഉണ്ടായിരുന്ന അധികാരം എടുത്തു കളയുന്നതാണ് പുതിയ നിയമം. അന്തിമ വോട്ടെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചതിനെത്തുടർന്ന് എതിരില്ലാത്ത 64 വോട്ടിന് ബിൽ പാസായി.

30 മണിക്കൂറോളം നീണ്ട തുടർച്ചയായ ചർച്ചകൾക്കൊടുവിലാണ് പാർലമെന്റിൽ വോട്ടെടുപ്പ് നടന്നത്. ബില്ലിൽ ഭേദഗതി വരുത്തുന്നതിനായി പാർലമെന്റ്ൽ അവസാന നിമിഷം നിരവധി ശ്രമങ്ങൾ ഉണ്ടായെങ്കിലും ഒടുവിൽ പരാജയപ്പെടുകയായിരുന്നു. ജുഡീഷ്യറിയുടെ അധികാരം ഇല്ലാതാക്കാനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവതരിപ്പിച്ച നിരവധി പദ്ധതികളിൽ ആദ്യത്തേതാണ് ഈ ഭേദഗതി. രാഷ്ട്രീയ തീരുമാനങ്ങളിൽ കോടതികൾ കൂടുതലായി ഇടപെടുന്നുവെന്നും അധികാരത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ പ്രസ്തുത നിയമം ആവശ്യമാണെന്നുമാണ് സർക്കാർ വാദം.

യുക്തിരഹിതമെന്ന് കരുതുന്ന സർക്കാർ നടപടികളെ അസാധുവാക്കാനുള്ള സുപ്രീം കോടതിയുടെ അധികാരം ഇല്ലാതാക്കുന്നതാണ് പുതിയ നിയമം. രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയ്ക്ക് ഭീഷണിയാണിതെന്ന് ചുണ്ടിക്കാട്ടി നിരവധി പേരാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. വോട്ടെടുപ്പിന് പിന്നാലെ എംപിമാരെ അഭിനന്ദിച്ച ഇസ്രയേൽ നീതിന്യായ മന്ത്രി യാരിവ് ലെവിൻ രംഗത്തെത്തി. "ഞങ്ങൾ നീതിന്യായ വ്യവസ്ഥയെ തിരുത്താനുള്ള ചരിത്രപരമായ പ്രക്രിയയുടെ ആദ്യപടി സ്വീകരിച്ചു," ലെവിൻ പറഞ്ഞു. വോട്ടെടുടുപ്പ് സമയം പാർലമെന്റ്ന് പുറത്ത് പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു പ്രതിഷേധക്കാരന് പരുക്കേൽക്കുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞദിവസം പേസ്‌മേക്കര്‍ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ബെഞ്ചമിൻ നെതന്യാഹുവും ആശുപത്രി വിട്ടതിന് ശേഷം വോട്ടെടുപ്പിനായി പാർലമെന്റിൽ എത്തിയിരുന്നു. നെതന്യാഹുവിന്റെ അഭാവത്തിൽ യാരിവ് ലെവിൻ ആയിരുന്നു പ്രധാമന്ത്രിയുടെ താത്കാലിക ചുമതല.

നിയമം പാസാക്കിയാൽ സേവനം അവസാനിപ്പിക്കുമെന്ന് നിരവധി സൈനികരടക്കം സർക്കാരിനെ അറിയിച്ചിരുന്നു. ഇസ്രയേലിന്റെ സൈനിക ശേഷിയെ ബാധിക്കാനിടയുള്ള ഇത്തരം പ്രതിഷേധങ്ങളെ മറികടന്നാണ് ബിൽ നിയമമാക്കിയത്

നെതന്യാഹുവിന്റെ വിവാദപരമായ ഭരണപരിഷ്കരണങ്ങൾ ഇസ്രയേലിനെ ധ്രുവീകരിക്കുകയും രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ആഭ്യന്തര പ്രതിസന്ധികളിലൊന്നിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. നിരവധിപേരാണ് നടപടിക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്. നിയമം പാസാക്കിയാൽ സേവനം അവസാനിപ്പിക്കുമെന്ന് നിരവധി സൈനികരടക്കം സർക്കാരിനെ അറിയിച്ചിരുന്നു. ഇസ്രയേലിന്റെ സൈനിക ശേഷിയെ ബാധിക്കാനിടയുള്ള ഇത്തരം പ്രതിഷേധങ്ങളെ മറികടന്നാണ് ബിൽ നിയമമാക്കിയത്. ഇസ്രായേൽ സുരക്ഷാ സേവനങ്ങളുടെ മുൻ മേധാവികൾ, ചീഫ് ജസ്റ്റിസുമാർ, പ്രമുഖ നിയമ-വ്യാപാര രംഗത്തെ പ്രമുഖരും സർക്കാരിന്റെ പരിഷ്‌കാരങ്ങൾക്കെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും നടപടിയെ വിമർശിച്ചു. വിഭജനകരമായ പരിഷ്കാരങ്ങൾ മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ