WORLD

സമാധാന ചര്‍ച്ചയില്‍നിന്ന് ഏകപക്ഷീയമായി പിന്മാറി ഇസ്രയേല്‍; പിന്നാലെ ഗാസയില്‍ കനത്ത ആക്രമണം

വെബ് ഡെസ്ക്

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അറബ് രാഷ്ട്രമായ ഖത്തര്‍ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറി ഇസ്രയേല്‍. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചര്‍ച്ചയ്ക്കായി എത്തിയ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധികളോട് ഉടന്‍ നാട്ടിലേക്ക് തിരികെവരാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമാധാനചര്‍ച്ച അടഞ്ഞ അധ്യായമാണെന്നും ചര്‍ച്ചയില്‍ ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നു പിന്നോട്ടുപോകില്ലെന്നും അതുവരെ ഗാസയില്‍ വെടിനിര്‍ത്തലിന് വഴങ്ങില്ലെന്നും ഇസ്രയേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന്‍ ഏകപക്ഷീയമായി തീരുമാനമെടുത്തത്.

ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ ഇസ്രയേല്‍ ഗാസയില്‍ കടുത്ത ആക്രമണം അഴിച്ചവിടുകയും ചെയ്തു. വെള്ളിയാഴ്ച അവസാനിച്ച വെടിനിര്‍ത്തല്‍ സമയപരിധിക്കു ശേഷം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ മാത്രം 186 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അറുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. സമാധാനചര്‍ച്ചാ മേശയില്‍ ഇസ്രയേലിനെ വീണ്ടുമെത്തിക്കാന്‍ ശ്രമിക്കുമെന്ന് സഖ്യകക്ഷിയായ അമേരിക്കയും അറബ് രാജ്യങ്ങളായ ഖത്തറും ഈജിപ്തും അറിയിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്.

ഇന്ന് ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും ആക്രമണം ഉണ്ടായി. ലെബനന്‍ അതിര്‍ത്തിയിലേയ്ക്കും സിറിയയിലെ ദമാസ്‌കസിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. വടക്കന്‍ ഗാസയില്‍ നിന്നും പതിനായിരക്കണക്കിന് ആളുകള്‍ പലായനം ചെയ്ത് എത്തിയ ഖാന്‍യൂനിസ് മേഖലയില്‍ അടക്കമായിരുന്നു ഇസ്രയേലിന്റെ ആക്രമണം.

അഭയാര്‍ഥികള്‍ ഖാന്‍ യൂനിസില്‍ നിന്ന് ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന റഫ മേഖലയിലേയ്ക്ക് മാറണമെന്ന മുന്നറിയിപ്പും ഇസ്രയേല്‍ സൈന്യം നല്‍കിയിട്ടുണ്ട്. റഫ അതിര്‍ത്തി വഴിയത്തുന്ന സഹായ ട്രക്കുകള്‍ ഇസ്രയേല്‍ പ്രതിരോധ സേന തടയുന്നതായി റിപ്പോര്‍ട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും