ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും നാലു ദിവസത്തെ വെടിനിര്‍ത്തലും ബന്ദികളുടെ മോചനവും അടങ്ങുന്ന കരാര്‍ അംഗീകരിച്ചതിന് പിന്നാലെയും ഗാസയിൽ കനത്ത ഷെൽ, വ്യോമാക്രമണം. നാല് ദിവസത്തെ വെടിനിർത്തൽ എന്നാരംഭിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കരാറിന്റെ ഭാഗമായി ബന്ദികളുടെ ആദ്യസംഘത്തെ ഇന്ന് രാവിലെ മോചിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വെള്ളിയാഴ്ചയ്ക്ക് മുന്‍പ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുകയോ ജയിലടയ്‌ക്കെപ്പെട്ടിട്ടുള്ള പലസ്തീനികളെ മോചിപ്പിക്കുകയോ ചെയ്യില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ 10ന് നടപ്പാകുമെന്നായിരുന്നു നേരത്തെ ഹമാസ് നടത്തിയ പ്രതികരണം.
ഇസ്രായേല്‍ ജയിലുകളില്‍നിന്ന് 150 പലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിനുള്ള കരാറിനാണ് കഴിഞ്ഞ ദിവസം ഇസ്രയേലും ഹമാസും അംഗീകാരം നൽകിയത്. ഇതിന് പകരമായി നാല് ദിവസത്തേക്ക് താത്കാലികമായി ഗാസയിൽ വെടിനിർത്തും. എന്നാൽ ഇതിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കാനും സാധ്യതയുണ്ട്.
ഹമാസ് വിട്ടയയ്ക്കുന്ന ഓരോ 10 തടവുകാര്‍ക്കും ഒരു അധിക ദിവസത്തെ ഇടവേള നല്‍കാന്‍ ഇസ്രയേല്‍ തയാറാണെന്ന് റിപ്പോർട്ടുകളുണ്ട്. ഈ കാലയളവില്‍ ഇന്ധനങ്ങള്‍ ഉള്‍പ്പടെ 300 ഓളം ട്രക്കുകള്‍ ഗാസ മുനമ്പിലേക്ക് അനുവദിക്കും. പ്രതിദിനം ആറ് മണിക്കൂർ ഡ്രോണുകൾ പറത്തില്ലെന്നും കരാറിന്റെ ഭാഗമായി ഇസ്രയേൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ പലസ്തീനികളെ കുടിയിറക്കപ്പെട്ട വടക്കന്‍ ഗാസയിലെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കില്ല. ഇതിനൊപ്പം കരാർ ലംഘിച്ചാൽ ആക്രമണം പുനഃരാരംഭിക്കാൻ മടിക്കില്ലെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
അതേസമയം ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ ഗാസ നഗരത്തിലും മുനമ്പിന്റെ വടക്ക് ഭാഗത്തുള്ള മറ്റ് നിരവധി പ്രദേശങ്ങളിലും ശക്തമായ പോരാട്ടം തുടരുകയാണ്. ബുധനാഴ്ച ഗാസ നഗരത്തിലെ ആഷ് ഷുജായി പ്രദേശത്ത് പത്ത് കെട്ടിടങ്ങൾ ഇസ്രയേൽ തകർത്തതിനെത്തുടർന്ന് 30 പേർ കൊല്ലപ്പെട്ടിരുന്നു.
വെസ്റ്റ് ബാങ്കിന്റെ വിവിധ പ്രദേശങ്ങളിലും ഇന്നലെ രാത്രി ശക്തമായ ഇസ്രയേല്‍ വ്യോമാക്രമണം ഉണ്ടായതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജെനിൻ നഗരത്തിന് സമീപം കാഫ്ർ ഡാൻ, തുബാസ്, അസുൻ, കൽഖില്യ, നബ്ലസിന് പടിഞ്ഞാറ്, ബെയ്റ്റ് ഫുറൈക്, നബ്ലസിന്റെ കിഴക്ക്, സെബാസ്റ്റ്യ, നബ്ലസിന്റെ വടക്കുപടിഞ്ഞാറ്, ബലത അഭയാർത്ഥി ക്യാമ്പ് (ഒരു കൗമാരക്കാരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു) അധിനിവേശ കിഴക്കൻ ജറുസലേമിന്റെ വടക്ക്, ഖലന്ദിയ അഭയാർത്ഥി ക്യാമ്പ് ഹെബ്രോൺ മേഖലയിലാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം പരുക്കേറ്റവരും രോഗികളുമായ പലസ്തീനികളെ വഹിച്ച ആംബുലൻസ് വ്യൂഹത്തെ ഇസ്രയേലി ചെക്ക് പോസ്റ്റുകളിൽ തടഞ്ഞിരുന്നു. ഗാസയുടെ വടക്ക് ഭാഗത്തെ അൽ-ഷിഫ ഹോസ്പിറ്റലിൽനിന്ന് തെക്കോട്ട് 190 പരുക്കേറ്റവരും രോഗികളുമായ രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകളെയാണ് ഇസ്രയേൽ സൈന്യം 20 മണിക്കൂറോളം തടഞ്ഞത്.
വടക്കും തെക്കും ഗാസയെ വിഭജിക്കുന്ന ഇസ്രയേലി സൈനിക ചെക്ക്‌പോസ്റ്റിലെ നീണ്ട കാലതാമസം പരുക്കേറ്റവരുടെയും രോഗികളുടെയും ജീവൻ അപകടത്തിലാക്കിയെന്ന് പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു.