ഹമാസുമായി വീണ്ടുമൊരു വെടിനിർത്തൽ കരാറിന് ഒരുക്കമെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. 80 രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാർക്ക് ചൊവ്വാഴ്ച നൽകിയ വിരുന്നിലാണ് ഹെർസോഗിന്റെ തുറന്നുപറച്ചിൽ. കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാണെങ്കിൽ വെടിനിർത്തലിന് തയാറാണെന്നാണ് ഹെർസോഗ് പറയുന്നത്. ഇസ്രയേലിന്റെ നിലപാട് മയപ്പെടുന്നു എന്ന് വിവിധ റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നെങ്കിലും ഒന്നിനും സ്ഥിരീകരണമുണ്ടായിരുന്നില്ല.
ഹമാസുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പരമ്പരാഗത പുതുവത്സര ആഘോഷങ്ങൾ ഇസ്രയേൽ റദ്ദാക്കിയിരുന്നു. അതിനുപകരമായി അംബാസഡർമാർക്കും നയതന്ത്ര സേനാംഗങ്ങൾക്കും നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹെർസോഗ്. ''ബന്ദികളെ എത്രയും വേഗം മോചിപ്പിക്കുക എന്ന ലക്ഷ്യത്തിന് നേതൃത്വം നൽകിയതിന് അംഗരാജ്യങ്ങളോടും നേതാക്കളോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിന് ഇസ്രയേൽ മറ്റൊരു മാനുഷിക വെടിനിർത്തലിനും മാനുഷിക സഹായത്തിനും തയ്യാറാണെന്ന വസ്തുത എനിക്ക് ആവർത്തിക്കാൻ കഴിയും. ഉത്തരവാദിത്തം പൂർണ്ണമായും സിൻവാറിനും ഹമാസിന്റെ നേതൃത്വത്തിനുമാണ്." -പരിപാടിയിൽ ഹെർസോഗ് പറഞ്ഞു.
നവംബർ അവസാനത്തോടെ ഏഴുദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്മതിച്ചിരുനെങ്കിലും അതിനുശേഷം വലിയ തോതിലുള്ള ആക്രമണമായിരുന്നു ഗാസയിൽ നടത്തിയത്. വെടിനിർത്തലിന് വേണ്ടിയുള്ള ചർച്ചകളിൽ നിന്നെല്ലാം ഇസ്രയേൽ പുറംതിരിഞ്ഞ് നിൽക്കുകയായിരുന്നു. 240 ബന്ദികളിൽ 129 പേർ ഗാസയിൽ അവശേഷിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവരെ മോചിപ്പിക്കാൻ ഇസ്രയേലി സർക്കാരിന് മേൽ വലിയ സമർദ്ദവുമുണ്ടായിരുന്നു.
അതേസമയം, വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ ഇന്ന് നടത്തിയ വ്യോമാക്രമണത്തിൽ 13 പലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതുവരെ 19667 പലസ്തീനികളാണ് ഒക്ടോബർ ഏഴിന് ശേഷം കൊല്ലപ്പെട്ടത്.