WORLD

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

വെബ് ഡെസ്ക്

പശ്ചിമഷ്യേയെ യുദ്ധഭീതിയിലാഴ്ത്തി ലെബനനു നേര്‍ക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ പേജര്‍-വാക്കി ടോക്കി സ്‌ഫോടന പരമ്പരകളെ അപലപിച്ച് ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ള നേതാവ് രാജ്യത്തോടു സംസാരിക്കുന്നതിനിടെയായിരുന്നു ഇസ്രയേലിന്റെ കടന്നാക്രമണം.

ദക്ഷിണ ലെബനനിലെ വ്യത്യസ്ത പ്രദേശങ്ങളിലാണ് ഇസ്രയേല്‍ സൈനിക ജെറ്റുകള്‍ ബോംബ് വര്‍ഷിച്ചത്. സംഭവത്തിലുണ്ടായ ആള്‍നാശത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നാല്‍പ്പതോളം ഇസ്രയേലി ജെറ്റുകളാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നു ബെയ്‌റൂട്ടില്‍ നിന്നുള്ള ബിബിസിയുടെ വാര്‍ത്താലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കഴിഞ്ഞ ദിവസം ലെബനനില്‍ നടത്തിയ ആക്രമണത്തിന് ഇസ്രയേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് നസ്‌റുള്ള തന്റെ ടെലിവിഷന്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ഗാസയില്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാതെ തങ്ങള്‍ ഇസ്രയേലിനെതിരേ ആയുധം താഴെവയ്ക്കില്ലെന്നും ലെബനനന്റെ നേര്‍ക്ക് നടത്തുന്ന ഓരോ ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഇത് യുദ്ധപ്രഖ്യാപനമാണ്. ലെബനനന്റെ പരാമാധികാരത്തില്‍ കടന്നുകയറി നടത്തിയ സ്‌ഫോടന പരമ്പര രാജ്യത്തോടുള്ള യുദ്ധപ്രഖ്യാപനമായി മാത്രമേ കാണാനാകൂ. നിങ്ങള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. കനത്ത തിരിച്ചടി തന്നെ നല്‍കും. ഗാസയില്‍ നിങ്ങള്‍ നടത്തുന്ന ക്രൂരമായ നരവേട്ട അവസാനിപ്പിക്കും വരെ ഞങ്ങള്‍ പിന്തിരിയില്ല''- ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞച്മിന്‍ നെതന്യാഹുവിന്റെ പേരെടുത്ത് പരാമര്‍ശിച്ച് നസ്‌റുള്ള അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പേജര്‍, വാക്കിടോക്കി സ്ഫോടനങ്ങളില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലേറെ പേര്‍ക്കാണ് പരുക്കേറ്റത്. ഇസ്രയേല്‍ ഹിസ്ബുള്ളയെ ആക്രമിക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെ ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ദഹിയയിലും കിഴക്കന്‍ ബെക്കാ താഴ്വരയിലും സ്‌ഫോടനങ്ങള്‍ നടന്നത്.

സംഭവത്തിന് പിന്നില്‍ ഇസ്രയേലിന്റെ കൈകളാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആരംഭിച്ച് ഒരു മണിക്കൂറോളം നീണ്ടു സ്‌ഫോടനങ്ങളില്‍ നൂറുകണക്കിനു പേജറുകള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹിസ്ബുല്ലയുടെ അംഗങ്ങള്‍ പരസ്പരം ആശയവിനിമയം നടത്താനുപയോഗിച്ചിരുന്ന പേജറുകളില്‍ അവരറിയാതെ സ്‌ഫോടകവസ്തുക്കള്‍ വച്ച് നടത്തിയ ആക്രമണമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയതെന്നാണ് വിലയിരുത്തലുകള്‍.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം