ജുഡീഷ്യറിയുടെ അധികാരപരിധിയെ അട്ടിമറിക്കാൻ ബെഞ്ചമിൻ നെതന്യാഹു സർക്കാർ കൊണ്ടുവന്ന വിവാദനിയമം അസാധുവാക്കി ഇസ്രയേൽ സുപ്രീംകോടതി. ഇസ്രയേലിന്റെ ജനാധിപത്യ സംവിധാനത്തെ സാരമായി ബാധിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ തിങ്കളാഴ്ചത്തെ വിധി. ഗാസയ്ക്കെതിരായ സൈനിക നീക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിരോധത്തിലാക്കിയിരിക്കുന്ന നെതന്യാഹുവിന്റെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്.
ഏഴുമാസത്തെ സംവാദത്തിന് ശേഷമായിരുന്നു 2023 ജൂലൈയില്‍, സർക്കാർ തീരുമാനങ്ങൾ റദ്ദാക്കാൻ സുപ്രീംകോടതിയെ അനുവദിക്കുന്ന വകുപ്പ് എടുത്തുകളഞ്ഞ് ഇസ്രയേലി പാർലമെന്റ് നിയമം പാസാക്കിയത്. സുപ്രീംകോടതിയുടെ അധികാരങ്ങൾക്ക് മുകളിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾക്ക് നിയന്ത്രണം നൽകാനുള്ള നീക്കത്തിന്റെ ആദ്യഭാഗം എന്ന നിലയ്ക്കായിരുന്നു ആ നിയമം കൊണ്ടുവന്നത്. എന്നാൽ അങ്ങനെയൊരു നീക്കം സുപ്രീംകോടതി റദ്ദാക്കുന്നതോടെ ഇസ്രയേലിൽ വീണ്ടുമൊരു രാഷ്ട്രീയ പ്രതിസന്ധിക്ക് കളമൊരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇസ്രയേലിന്റെ ചരിത്രത്തിൽ ആദ്യമായി സുപ്രീംകോടതി 15 അംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഏഴിനെതിരെ എട്ട് പേരുടെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു ഉത്തരവ്. ജുഡീഷ്യൽ അധികാരത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഇസ്രയേലിൽ മാസങ്ങൾ നീണ്ട പ്രതിഷേധം നടന്നിരുന്നു. റിസർവ് സൈനികർ ഉൾപ്പെടെ പതിനായിരങ്ങൾ ഇതിന്റെ ഭാഗമായിരുന്നു. ഇസ്രയേലിൽ മതപരവും വംശീയവും വർഗപരവുമായ വിഭജനം വ്യാപിക്കാനും ഇത് കാരണമായിരുന്നു. ആഭ്യന്തര സമ്മർദങ്ങൾക്ക് പുറമെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയും ആ സമയത്ത് രംഗത്തുവന്നിരുന്നു.
ആദ്യമായാണ് അർദ്ധ-ഭരണഘടനാപരമായ ഒരു അടിസ്ഥാന നിയമം ഇസ്രയേൽ പരമോന്നത നീതിപീഠം റദ്ദാക്കുന്നത്. അത്തരത്തിലൊരു വിധി സുപ്രീംകോടതി പുറപ്പെടുവിച്ചാൽ അതിനെ നിയമവിരുദ്ധമായി കണക്കാക്കുമെന്ന് നെതന്യാഹു സർക്കാരിലെ മന്ത്രിമാർ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ അടിസ്ഥാന നിയമങ്ങൾ അസാധുവാക്കാൻ സുപ്രീംകോടതിക്ക് അവകാശമുണ്ടെന്നാണ് വിശാല ബെഞ്ചിന്റെ ഭാഗമായ 12 ജസ്റ്റിസുമാർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. വിധിയോട് നെതന്യാഹു പ്രതികരിച്ചിട്ടില്ലെങ്കിലും യുദ്ധസമയത്തെ ദേശീയ ഐക്യത്തിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയുടെ നടപടിയെന്ന് ലികുഡ് പാർട്ടി പറഞ്ഞു.
ഇസ്രയേലി സൈനികർ പലഭാഗങ്ങളിലായി തങ്ങളുടെ ജീവൻ പണയപ്പെടുത്തി പോരാടുമ്പോൾ സമൂഹത്തിൽ തർക്കമുണ്ടാക്കുന്ന ഒരു വിധി സുപ്രീംകോടതി കൊണ്ടുവന്നത് നിർഭാഗ്യകരമാണെന്ന് നെതന്യാഹുവിന്റെ പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായ ആക്ടിറ്റിവിസ്റ്റ് ഗൗർപ് കപ്ലാൻ ഫോഴ്സ്, വിധി ഇസ്രയേലി പൗരന്മാരുടെ വിജയമാണെന്നാണ് പ്രതികരിച്ചത്. "ഇസ്രായേലി ജനാധിപത്യത്തെയും സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ മൂല്യങ്ങളെയും അതിനെ കാവൽക്കാരായ സുപ്രീംകോടതിയെയും സംരക്ഷിക്കാൻ പുറത്തിറങ്ങിയ ദശലക്ഷക്കണക്കിന് ആളുകൾക്ക് നന്ദി പറയേണ്ട സമയമാണിത്" ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.