WORLD

കുട്ടികളോട് കണ്ണില്ലാത്ത ക്രൂരത തുടർന്ന് ഇസ്രയേൽ; ഗാസയിൽ ഉപയോഗിക്കുന്നത് 'ഫ്രാഗ്മെൻ്റേഷൻ സ്ലീവ്' ആയുധങ്ങൾ

ഇത് കേവലമായ മുറിവുകൾ ആണ് സൃഷ്ടിക്കുക എങ്കിലും ശരീരത്തിനുള്ളിൽ വലിയ പ്രഹരം ഏൽപ്പിക്കുന്നവയാണ്

വെബ് ഡെസ്ക്

കഴിഞ്ഞ വർഷം ഒക്ടോബർ 7 മുതൽ സമാനതകളില്ലാത്ത ക്രൂരതയാണ് ഇസ്രയേൽ ഗാസയിൽ നടത്തിയിട്ടുള്ളത്. ഇസ്രയേൽ സൈന്യം മനുഷ്യത്വവും മാനുഷിക പരിഗണനയുമില്ലാതെ മനുഷ്യരെ കൊല്ലുകയും ജീവിച്ചിരിക്കുന്നവരെ കൊല്ലാക്കൊല ചെയ്യുകയും ചെയ്തു. കുട്ടികളെന്നോ വൃദ്ധരെന്നോ മുതിർന്നവരെന്നോ ഇതിൽ വ്യത്യാസം ഉണ്ടായിരുന്നില്ല. ഇപ്പോൾ സമാനമായ ക്രൂരതകളുടെ മറ്റു ചില ഞെട്ടിക്കുന്ന വിവരങ്ങൾ കൂടി പുറത്ത് വിടുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ.

ഉയർന്ന തരത്തിലുള്ള മുറിവുകൾ ഉണ്ടാക്കാൻ ആവശ്യമായ ആയുധങ്ങളാണ് ഇസ്രയേൽ സൈന്യം ഗാസയിൽ ഉപയോഗിക്കുന്നതെന്ന് ഗാർഡിയൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഗാസയിലെ സാധാരണക്കാർക്ക് ഭയാനകമായ പരിക്കുകളുണ്ടാക്കുകയും കുട്ടികൾക്ക് ദോഷം വരുത്തുകയും ചെയ്യുന്ന തരത്തിലുള്ള ലോഹങ്ങൾ ഉപയോഗിച്ചാണ് ഈ ആയുധങ്ങൾ നിർമിക്കുന്നത്. ഗാസയിൽ ജോലി ചെയ്യുന്ന വിദേശ ശസ്ത്രക്രിയാ വിദഗ്ധരാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

തങ്ങൾ ചികിത്സിച്ച കുട്ടികളുടെ ഗുരുതരമായ മുറിവുകളിൽ പലതും സംഭവിച്ചത് മിസൈലുകളുടെയും ഷെല്ലുകളുടെയും ചീളുകളിൽ നിന്നാണെന്ന് ഇവർ വ്യക്തമാക്കുന്നു. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ ചെറിയ കഷ്ണങ്ങളാക്കി വിഘടിക്കാൻ രൂപകൽപ്പന ചെയ്ത, അധിക ലോഹം നിറച്ചതാണ് ഈ ആയുധങ്ങൾ ഒക്കെ തന്നെയും.

ഇത്തരം ചെറിയ ചീളുകളാൽ പരിക്കേറ്റവരാണ് ഭൂരിഭാഗം കുട്ടികളും എന്ന് ഗാസ ആശുപത്രികളിലെ ഡോക്ടർമാർ പറയുന്നു. ഇത് കേവലമായ മുറിവുകൾ ആണ് സൃഷ്ടിക്കുകയെങ്കിലും ശരീരത്തിനുള്ളിൽ വലിയ പ്രഹരം ഏൽപ്പിക്കുന്നു. അപകടങ്ങൾ പരമാവധിയാക്കാൻ രൂപകൽപ്പന ചെയ്ത ആയുധങ്ങൾ ആണ് ഇവയെന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ വ്യക്തമാക്കുന്നു.

“പരിക്കേറ്റവരില്‍ പകുതിയോളവും ചെറിയ കുട്ടികളാണ്. രോഗിയെ പരിശോധിക്കുമ്പോൾ ശ്രദ്ധിക്കാതെ പോകാൻ സാധ്യതയുള്ള വളരെ ചെറുതായ നിരവധി പരിക്കുകൾ ഞങ്ങൾ കണ്ടു. ഞാൻ മുമ്പ് കണ്ടതിനേക്കാൾ വളരെ ചെറുതാണ് ഈ പരിക്കുകൾ. പക്ഷേ അവ ശരീരത്തിനുള്ളിൽ വലിയ തോതിൽ പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്,” കാലിഫോർണിയയിൽ നിന്നുള്ള ട്രോമ സർജൻ ഫിറോസ് സിദ്ധ്വ പറഞ്ഞു. തെക്കൻ ഗാസയിലെ ആശുപത്രിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.

കെട്ടിടങ്ങൾ നശിപ്പിക്കാൻ ഉപയോഗിക്കുന്ന പരമ്പരാഗത ആയുധങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയ തോതിലുള്ള ആളപായങ്ങൾ സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്ത ഇസ്രയേൽ നിർമിത ആയുധങ്ങളുമായി പൊരുത്തപ്പെടുന്നതാണ് കഷ്ണങ്ങളും മുറിവുകളുമെന്ന് ആയുധ വിദഗ്ധർ പറയുന്നു. ചർമത്തിൽ ഒരു പോറൽ മാത്രം അവശേഷിപ്പിക്കുമ്പോൾ എല്ലിനെയും ശരീരത്തിനുള്ളിലെ അവയവങ്ങളെയും രണ്ടാക്കി മുറിക്കാൻ ഇവയ്ക്ക് സാധിക്കും.

ആക്രമണം ആരംഭിച്ചത് മുതൽ മരണസംഖ്യ ഭയാനകമായ രീതിയിൽ കുതിച്ചുയർന്നതിന് ഇതൊരു കാരണമാണ്. മുതിർന്നവരിലും കുട്ടികളിലും മുറിവുകൾ കാണാറുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ ശരീരത്തിലാണ് മുറിവുകൾ കൂടുതൽ ഗുരുതരമാകാൻ സാധ്യതയെന്നും അവർ പറഞ്ഞു.

"കുട്ടികളുടെ ശരീരം ചെറുതായതിനാൽ ആയുധങ്ങൾ തുളച്ചുകയറുന്ന ഏത് പരിക്കിനും വലിയ പ്രശ്നം സൃഷ്ടിക്കാൻ സാധിക്കും. കുട്ടികളുടെ ശരീരത്തിലെ സുപ്രധാന ഭാഗങ്ങൾ ചെറുതും നശിപ്പിക്കാൻ എളുപ്പമുള്ളതുമാണ്. കുട്ടികളിൽ രക്തക്കുഴലുകൾ മുറിഞ്ഞാൽ, അവ ചെറുതായതുകൊണ്ടുതന്നെ വീണ്ടും ഒരുമിച്ച് ചേർക്കുക വളരെ ബുദ്ധിമുട്ടാണ്. കാലിലെ ധമനിയായ ഫെമറൽ ആർട്ടറിക്ക് ഒരു ചെറിയ കുട്ടിയിൽ നൂഡിൽസിൻ്റെ കനം മാത്രമാണ്. അത് വളരെ വളരെ ചെറുതാണ്. അതിനാൽ ഇത് ശരിയാക്കുകയും കുട്ടിയുടെ കൈകാലുകൾ അവയിൽ ഘടിപ്പിക്കുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്, ”സിധ്വ പറഞ്ഞു. ഇങ്ങനെ ആക്രമിക്കപ്പെട്ട കുട്ടികളിൽ ഭൂരിഭാഗം പേരും മരിച്ചിട്ടുണ്ട്. അതിജീവിച്ചവരിൽ പലർക്കും കൈകാലുകൾ നഷ്ടപ്പെട്ടതായും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

മുറിവുകളുടെ ചിത്രങ്ങളും മുറിവുകളെക്കുറിച്ചുള്ള ഡോക്ടർമാരുടെ വിവരണങ്ങളും അവലോകനം ചെയ്ത സ്ഫോടകവസ്തു വിദഗ്ധർ, "ഫ്രാഗ്മെൻ്റേഷൻ സ്ലീവ്" ഘടിപ്പിച്ചിരിക്കുന്ന ബോംബുകളും ഷെല്ലുകളും ചേർന്ന ആയുധങ്ങളാണ് ഇസ്രയേൽ പ്രയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗാസയിൽ ഇസ്രയേൽ നടത്തിയ മുൻകാല ആക്രമണങ്ങളിലും ഇവയുടെ ഉപയോഗം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കുട്ടികളോട് പോലും തങ്ങളുടെ കണ്ണില്ലാത്ത ക്രൂരത തുടരുകയാണ് ഇസ്രയേൽ സൈന്യം.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്