WORLD

നിർമാണമേഖലയിൽ തൊഴിലാളി ക്ഷാമം; തിരിച്ചയച്ച പലസ്തീനികൾക്ക് പകരം ഒരു ലക്ഷം ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രയേൽ

ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തെത്തുടർന്ന് 90,000 പലസ്തീൻകാരെയാണ് വർക്ക് പെർമിറ്റ് റദ്ദാക്കി ഇസ്രയേൽ തിരിച്ചയച്ചത്

വെബ് ഡെസ്ക്

ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷത്തെത്തുടർന്ന് തിരിച്ചയച്ച പലസ്തീനിൻ തൊഴിലാളികൾക്ക് പകരം ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രയേൽ. ഒരുലക്ഷത്തോളം വിദ​ഗ്ധ തൊഴിലാളികളെ ഇന്ത്യയിൽനിന്ന് റിക്രൂട്ട് ചെയ്യാൻ നിർമാണമേഖലയിലെ കമ്പനികൾ ഇസ്രയേൽ സർക്കാരിനോട് അനുമതി തേടി.

ഒരു മാസത്തോളമായി തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണവും തുടർന്നുണ്ടായ സാമ്പത്തികത്തകർച്ചയുമാണ് ഈ നീക്കത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തെത്തുടർന്ന് 90,000 പലസ്തീൻകാരെയാണ് വർക്ക് പെർമിറ്റ് റദ്ദാക്കി ഇസ്രയേൽ തിരിച്ചയച്ചത്. തൊഴിലാളികളുടെ അഭാവത്തിൽ നിർമാണമേഖലകളിൽ പലതും പ്രതിസന്ധിയിലാണെന്നും ഇത് പരിഹരിക്കാൻ ഒരു ലക്ഷം തൊഴിലാളികളെ ഉടൻ എത്തിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗൾ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

ഇന്ത്യയിൽനിന്ന് ഒരു ലക്ഷം തൊഴിലാളികളെ നിയമിക്കുന്നതിന് ഇസ്രയേൽ ബിൽഡേഴ്‌സ് അസോസിയേഷൻ സര്‍ക്കാരിനോട് അനുമതി തേടിയതായി റിപ്പോർട്ടുണ്ട്.

"ഇന്ത്യയുമായി ചർച്ച നടത്തിവരികയാണ്. ഇസ്രയേൽ സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുന്നു. മുഴുവൻ മേഖലയിലേക്കും തൊഴിലാളികളെ എത്തിക്കാനും സസാമ്പത്തിക സ്ഥിതി സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരാനും ഇന്ത്യയിൽനിന്ന് 50,000 മുതൽ 100,000 തൊഴിലാളികളെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്," ഇസ്രയേൽ ബിൽഡേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹെയിം ഫെയ്ഗ്ലിനെ ഉദ്ധരിച്ച് വോയ്സ് ഓഫ് അമേരിക്ക റിപ്പോർട്ട് ചെയ്തു.

ദിവസവും ഗാസയിൽനിന്ന് ഇസ്രയേലിലെത്തി ജോലി ചെയുന്നവായിരുന്നു ഭൂരിഭാഗം പലസ്തീനികളും, എന്നാൽ ആക്രമണം രൂക്ഷമായതോടെ ഗതാഗത മാർഗം തടസ്സപ്പെട്ടു. അതിർത്തികളിൽ സംഘർഷാവസ്ഥയും രൂക്ഷമായതോടെ ഗാസയിൽനിന്നുള്ള തൊഴിലാളികൾക്ക് ഇസ്രയേലിലേക്ക് എത്താൻ മാർഗങ്ങളില്ലാതായി.

പലസ്തീന്‍ തൊഴിലാളികളുടെ അഭാവം ഇസ്രയേല്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക മേഖലകളെയാണ് ബാധിച്ചത്. ഇസ്രയേൽ നിർമാണമേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ 25 ശതമാനവും പലസ്തീനികളാണ്. ഇതിൽ 10 ശതമാനം ഗാസയിൽനിന്നുള്ളവരാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

പലസ്തീൻ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ റദ്ദാക്കി അവരെ തിരിച്ചയയ്ക്കുകയാണെന്ന് ഇസ്രയേൽ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഇസ്രയേലിന്റെ ആവശ്യം സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല.

മേയില്‍ 42,000 ഇന്ത്യൻ തൊഴിലാളികൾക്ക് നിർമാണ, നഴ്‌സിങ് മേഖലകളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന കരാറിൽ ഇന്ത്യയും ഇസ്രയേലും ഒപ്പുവച്ചിരുന്നു.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live