WORLD

പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന സൂചന നല്‍കി ഓസ്ട്രേലിയ; ലോകരാജ്യങ്ങളുടെ നിലപാട് മാറുന്നുവോ?

ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് ആണ് ഇതു സംബന്ധിച്ച നിര്‍ണായക പ്രതികരണം നടത്തിയത്

വെബ് ഡെസ്ക്

ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ പലസ്തീന്റെ സ്വയം ഭരണം സജീവ ചര്‍ച്ചയാക്കുന്നു. വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പിന്നാലെ ഓസ്‌ട്രേലിയയാണ് വിഷയത്തില്‍ പലസ്തീന് അനുകുലമായ നിലപാടിലേക്ക് എത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് ആണ് ഇതു സംബന്ധിച്ച നിര്‍ണായക പ്രതികരണം നടത്തിയത്.

ബ്രിട്ടനും സ്പെയിനും പലസ്തീന്റെ രാഷ്ട്ര പദവിയില്‍ നിലപാട് മാറ്റം സൂചിപ്പിച്ചിരുന്നു.

പശ്ചിമേഷ്യന്‍ മേഖലയെ സമാധാനത്തിലേക്ക് വഴിനടത്താന്‍ കഴിയുമെങ്കില്‍ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കാന്‍ രാജ്യത്തിന് കഴിയുമെന്നായിരുന്നു ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ ഭരണത്തില്‍ ഹമാസിന് പങ്കാളിത്തം ഉണ്ടാകരുത് എന്നും പെന്നി കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ പലസതീന്‍ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ പിന്തുണച്ചിരുന്ന ഓസ്‌ട്രേലിയ നിലപാടില്‍ മാറ്റം വരുത്തുന്നു എന്ന സൂചനയാണ് വിദേശ കാര്യ മന്ത്രിയുടെ പ്രതികരണത്തിലൂടെ പുറത്തുവരുന്നതന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാഗമായി മാത്രമേ പലസ്തീന്‍ എന്ന രാഷ്ട്രത്തെ അംഗീകരിക്കാന്‍ കഴിയൂ എന്നായിരുന്നു നേരത്തെ ഓസ്‌ട്രേലിയയുടെ നിലപാട്.

ഓസ്‌ട്രേലിയയ്ക്ക് മുന്‍പ് ബ്രിട്ടനും പലസ്തീന്റെ രാഷ്ട്ര പദവിയില്‍ നിലപാട് മാറ്റം സൂചിപ്പിച്ചിരുന്നു. ഈ വര്‍ഷമാദ്യം യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ നടത്തിയ പ്രസംഗത്തില്‍ ഇസ്രായേലിന്റെ പിന്തുണയില്ലാതെ യുകെയ്ക്കും ഫലസ്തീന്‍ രാഷ്ട്രപദവി അംഗീകരിക്കാന്‍ കഴിയുമെന്ന് സൂചന നല്‍കിയിരുന്നു. സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും പലസ്തീന്‍ രാഷ്ട്രപദവിക്ക് അനുകുലമായാണ് സംസാരിച്ചത്. പലസ്തീന്‍ എന്ന രാഷ്ട്രത്തിന്റെ അസ്തിത്വം തിരിച്ചറിഞ്ഞില്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തിന് അവരെ സഹായിക്കാന്‍ കഴിയില്ല, എന്നായിരുന്നു അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ പ്രതികരണം.

ഗാസയിലെ ഹമാസിനെതിരായ ഇസ്രയേല്‍ സൈനിക നടപടിയില്‍ പലസ്തീന്‍ പൗരന്‍മാര്‍ നേരിടുന്ന ദുരിതത്തെ കുറിച്ച് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് അടുത്തിടെ കടുത്ത ആശങ്ക പ്രകടിപ്പിച്ചികുന്നു. ഇതിനിടെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മറ്റ് ആറ് പേര്‍ക്കൊപ്പം ഒരു ഓസ്ട്രേലിയന്‍ സന്നദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതോടെയാണ് നിലപാട് ശക്തമാക്കിയത്.

ഇസ്രയേല്‍ പലസ്തീന്‍ മേഖലയിലെ സംഘര്‍ഷം അവസാനിക്കാന്‍ ഇസ്രയേലികളും പലസ്തീനികളും രണ്ട് രാജ്യങ്ങളിലായി കഴിയുക എന്നത് മാത്രമാണ് പ്രതീക്ഷ നല്‍കുന്ന ഏക മാര്‍ഗം. പതിറ്റാണ്ടുകളായി ഉയരുന്ന ഈ ആവശ്യം നേരത്തെ നെതന്യാഹു സര്‍ക്കാര്‍ ചെവിക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ വീണ്ടും ഉയരുന്ന ദ്വിരാഷ്ട്ര സിദ്ധാന്തത്തെ കുറിച്ചുള്ള ചര്‍ച്ച പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗമാണ് ലോക രാജ്യങ്ങള്‍ പരിഗണിക്കുന്നു എന്നും ഓസ്‌ട്രേലിയന്‍ വിദേശ കാര്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ഓസ്‌ട്രേലിയന്‍ വിദേശ കാര്യ മന്ത്രിയുടെ നിലപാടിന് എതിരെ രാജ്യത്തിനുള്ളില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത്തരമൊരു നീക്കം ധൃതിപിടിച്ച് കൈക്കൊള്ളേണ്ട ഒന്നല്ലെന്നാണ് ഓസ്ട്രേലിയിലെ പ്രതിപക്ഷവും സയണിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഓസ്ട്രേലിയയുടെയും നിലപാട്.

അതേസമയം, ഗാസയ്ക്ക് മേലുള്ള സൈനിക നടപടിയുടെ പേരില്‍ ഇസ്രയേലും അമേരിക്കയും തമ്മിലും ഭിന്നത വർധിക്കുകയാണ്. തെക്കന്‍ ഗാസ നഗരമായ റഫയില്‍ ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ പദ്ധതികളെച്ചൊല്ലിയാണ് അഭിപ്രായവ്യത്യാസം രൂക്ഷമായത്. രണ്ടാഴ്ചയായി ഇസ്രയേലിനോട് കര്‍ശനമായ നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്. ഇസ്രായേൽ ഹമാസ് യുദ്ധം  കൈകാര്യം ചെയ്തത് തെറ്റാണെന്ന് പ്രസിഡൻ്റ് ജോ ബൈഡനും പ്രതികരിച്ചിരുന്നു. ആറ് മുതൽ എട്ട് ആഴ്ചക്കുള്ളിൽ  വെടിനിർത്തൽ സ്വീകരിക്കാൻ തയാറാകണമെന്നും  അമേരിക്ക നിര്‍ദേശിച്ചിട്ടുണ്ട്.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി