WORLD

ഗാസയിലെ സുരക്ഷിത മേഖലകളില്‍ ഇസ്രയേൽ വ്യോമാക്രമണം; 30 പേർ കൊല്ലപ്പെട്ടു, തകര്‍ന്ന് വീടുകളും പള്ളിയും

വെബ് ഡെസ്ക്

ഇസ്രയേൽ - ഗാസ സംഘർഷം 122-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സുരക്ഷിത മേഖലകളിലേക്ക് ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. വീടുകൾക്കും പള്ളികൾക്കും നേരെയുണ്ടായ വ്യോമാക്രമണത്തിൽ മുപ്പതോളം പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു. ആക്രമണം നടന്ന പ്രദേശത്ത് രക്ഷാസംഘം തെരച്ചിൽ നടത്തുകയാണ്.

തെക്കൻ ഗാസയിൽ ഖാൻ യൂനിസിലും റഫയിലും സംഘർഷം തുടരുകയാണ്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 12ഓളം പലസ്തീൻ സൈനികരെ വധിച്ചതായി ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചു. ഇസ്രയേൽ - ലെബനൻ അതിർത്തിയിലും ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും അതിർത്തി കടന്നുള്ള കൈമാറ്റത്തിൽ സായുധ സംഘത്തിലെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ആശുപത്രികളും പരിസരപ്രദേശങ്ങളും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളിൽ ഗാസയിലെ പ്രധാന ആശുപത്രികളിലൊന്നായ അൽ - ഷിഫയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകരും രോഗികളും പരിഭ്രാന്തയിലാണെന്നും അൽ ജസീറയുടെ റിപ്പോർട്ടിൽ പറയുന്നു.

യുദ്ധാനന്തര ഗാസയെക്കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ സൗദി അറേബ്യയിലെത്തി. ജനുവരി അവസാനം ജോർദാനിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഡ്രോൺ ആക്രമണത്തിന് മറുപടിയായി സിറിയ, ഇറാഖ്, യെമൻ എന്നിവിടങ്ങളിൽ ഇറാൻ പിന്തുണയുള്ള പോരാളികൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണങ്ങൾക്കിടയിലാണ് ഈ മേഖലയിലേക്കുള്ള ബ്ലിങ്കൻ്റെ സന്ദർശനം.

അതേസമയം, ഗാസയിൽ യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായി യുഎഇയുടെ രണ്ടാമത്തെ കപ്പൽ ഫുജൈറയിൽ നിന്ന് പുറപ്പെട്ടു. 4544 ടൺ സാമഗ്രികളാണ് കപ്പലിലുള്ളത്. ഈജിപ്തിലെ അൽ അരിഷിൽ കപ്പൽ നങ്കൂരമിടും. ഭക്ഷണം, താൽക്കാലിക കൂടാരങ്ങൾ നിർമിക്കാനുള്ള വസ്തുക്കൾ, മരുന്നുകൾ എന്നിവയാണ് കപ്പലിലുള്ളത്.

ഒക്‌ടോബർ 7ന് ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത് 27,478 പേരാണ്. 66,835 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും