WORLD

ഗാസയിലെ വലിയ ആശുപത്രിക്ക് നേരേയും ഇസ്രയേല്‍ ആക്രമണം, നിരവധി മരണം; ഹമാസിന്റെ പോരാട്ടം പലസ്തീന് വേണ്ടിയെന്ന് ഹിസ്ബുള്ള

ഒക്‌ടോബർ ഏഴിലെ അൽ അഖ്‌സ ഫ്‌ളഡ് ഓപ്പറേഷൻ ഒരു ഭൂകമ്പത്തിലേക്കാണ് നയിച്ചത്.ഓപ്പറേഷന്റെ വിജയം ഉറപ്പാക്കിയത് തികഞ്ഞ രഹസ്യാത്മക സ്വഭാവമാണ് - ഹിസ്ബുള്ള

വെബ് ഡെസ്ക്

അഭയാര്‍ത്ഥി ക്യാംപിനു പിന്നാലെ ഗാസയിലെ ആശുപത്രിക്കു നേരേയും ഇസ്രയേല്‍ വ്യോമാക്രണം നടത്തി. ഗാസ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫ ഹോസ്പിറ്റലിനു സമീപം നടന്ന സ്‌ഫോടനത്തില്‍ നൂറു കണക്കിന് പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ കൊണ്ടുപോകുന്ന ആംബുലന്‍സുകളുടെ ഒരു വാഹനവ്യൂഹത്തെയാണ് ഇസ്രായേല്‍ സൈന്യം ലക്ഷ്യമിട്ടതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

അതേസമയം, ഇസ്രയേൽ- ഹമാസ് സംഘർഷം തുടങ്ങിയതിന് ശേഷം ആദ്യമായി പൊതുവേദിയെ അഭിസംബോധന ചെയ്ത് ഹിസ്ബുള്ള മേധാവി ഹസ്സൻ നസ്റുല്ല രംഗത്തെത്തി. ഇസ്രയേലിനെതിരായ ഹമാസിന്റെ പോരാട്ടം പൂർണ്ണമായും പലസ്തീൻ വേണ്ടിയാണെന്നും ഇസ്രയേലിനെതിരെ മുന്നണികൾ രൂപപ്പെട്ടുവെന്നും ഹിസ്ബുള്ള ചൂണ്ടിക്കാട്ടി. ഇസ്രയേൽ ഗാസയിൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ തന്നെ ഹിസ്ബുല്ലയും യുദ്ധത്തിൽ പ്രവേശിച്ചിട്ടുണ്ട്. ആക്രമണങ്ങളുടെ തീവ്രത കൂട്ടണമോയെന്നത് ഇസ്രയേലിന്റെ നടപടികൾ കണക്കിലെടുത്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രേയലിനെതിരെ പോരാടുന്ന ഹിസ്ബുല്ലയുടെയും മറ്റ് ഗ്രൂപ്പുകളുടെയും രക്തസാക്ഷികളായ പോരാളികൾക്കും സാധാരണക്കാർക്കും അനുശോചനം അറിയിച്ച് കൊണ്ടാണ് ഹിസ്ബുള്ള മേധാവി പ്രസംഗം ആരംഭിച്ചത്. "മഹത്തായ അൽ-അഖ്സ ഫ്ളഡ് ഓപ്പറേഷൻ 100 ശതമാനം പലസ്തീനിൽ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്ത ഒന്നാണ്. ഒക്‌ടോബർ ഏഴിലെ അൽ അഖ്‌സ ഫ്‌ളഡ് ഓപ്പറേഷന്റെ വിജയം ഉറപ്പാക്കിയത് തികഞ്ഞ രഹസ്യാത്മക സ്വഭാവമാണ്.

ആക്രമണ പദ്ധതി ഹമാസ് മറച്ചുവെച്ചത് ഞങ്ങളെ അലോസരപ്പെടുത്തുന്നില്ല. ഈ യുദ്ധത്തിൽ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന ശക്തരും ധീരരുമായ ഇറാഖിയുടെയും യെമനിയുടെയും മുന്നണികളെയും നാം അഭിവാദ്യം ചെയ്യണം. അൽ-അഖ്‌സ ഫ്ളഡ് ഓപ്പറേഷൻ ഒരു ഭൂകമ്പത്തിലേക്കാണ് നയിച്ചത്," അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രയേലിന്റെ ഏറ്റവും വലിയ തെറ്റുകളിലൊന്നാണിത്, നേടിയെടുക്കാൻ കഴിയാത്ത കാര്യങ്ങൾ ലക്‌ഷ്യം വെക്കുന്നു എന്നതാണ്.അൽ-അഖ്‌സ ഫ്ളഡ് ആരംഭിക്കാനുള്ള പലസ്തീൻ ഗ്രൂപ്പിന്റെ തീരുമാനം ശരിയായതും ബുദ്ധിപരവും ധീരവുമാണെന്ന് അദ്ദേഹം പറഞ്ഞു. അത് ശരിയായ സമയത്താണ് നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിൽ നടക്കുന്നത് ഇസ്രായേലിന്റെ വിഡ്ഢിത്തവും കഴിവില്ലായ്മയുമാണ് കാണിക്കുന്നത്, കാരണം അവർ ചെയ്യുന്നത് കുട്ടികളെയും സ്ത്രീകളെയും കൊല്ലുകയാണ്. ഗാസയിലെ യുദ്ധത്തിന്റെ പൂർണ ഉത്തരവാദിത്തം യുഎസിനാണെന്നും ഇസ്രായേലിനെ വെറും എക്സിക്യൂട്ടീവ് ടൂൾ മാത്രമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കാൻ അറബ്-മുസ്‌ലിം രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് നസ്‌റുല്ല പറയുന്നു.

തെക്കൻ ഇസ്രായേലിൽ ഹമാസ് അപ്രതീക്ഷിത ആക്രമണം ആരംഭിച്ചതിന്റെ പിറ്റേന്ന് ഒക്ടോബർ 8 ന് ഹിസ്ബുള്ള യുദ്ധത്തിൽ പ്രവേശിച്ചതായി നസ്‌റുല്ല പറയുന്നു.ലെബനീസ് അതിർത്തിയിൽ ഇസ്രായേലി സേനയുമായി ദിവസേനയുള്ള വെടിവയ്പ്പ് ചെറുതാണെന്ന് തോന്നുമെങ്കിലും ഇത് വളരെ പ്രധാനമാണ്. 1948 ന് ശേഷം ഇത് അഭൂതപൂർവമാണെന്ന് അദ്ദേഹം പറയുന്നു. ഇതുവരെ 57 ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടതായും നസ്‌റുല്ല സ്ഥിരീകരിച്ചു. ഹിസ്ബുള്ള അതിന്റെ പ്രവർത്തനങ്ങൾ അനുദിനം വർദ്ധിപ്പിക്കുകയാണെന്നും ഗാസയ്‌ക്കോ അധിനിവേശ വെസ്റ്റ് ബാങ്കിനോ പകരം ലെബനൻ അതിർത്തിക്ക് സമീപം തങ്ങളുടെ സൈന്യത്തെ നിലനിർത്താൻ ഇസ്രായേലിനെ നിർബന്ധിതരാക്കുകയാണെന്നും പറഞ്ഞു.

ലെബനീസ് ആക്രമണങ്ങൾ വികസിപ്പിക്കാൻ വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഗാസയിലെ ഇസ്രായേൽ നടപടികളെ ആശ്രയിച്ചിരിക്കും ഇത്. എല്ലാ സാധ്യതകൾക്കും ഹിസ്ബുല്ല തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമേരിക്ക ഇസ്രേയലിന് കൂടുതൽ സൈനിക സഹായം പ്രഖ്യാപിച്ചു. 14.5 ബില്യൺ ഡോളർ സഹായമാണ് പാസാക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ