WORLD

പലസ്തീൻ അഭയാർത്ഥി ക്യാമ്പിനുനേരെ ഇസ്രയേൽ വ്യോമാക്രമണം, അമ്പതിലേറെ പേർ കൊല്ലപ്പെട്ടു; പ്രതിഷേധിച്ച് ലോക രാഷ്ട്രങ്ങള്‍

പലസ്തീനിലെ ജബാലിയ മേഖലയിലെ അഭയാർത്ഥി ക്യാമ്പിന് നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്

വെബ് ഡെസ്ക്

പലസ്തീനിലെ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അമ്പതിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പലസ്തീനിലെ ജബാലിയ മേഖലയിലെ അഭയാർഥി ക്യാമ്പിന് നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണ്ത്തിൽ ചുരുങ്ങിയത് 50 പേരെങ്കിലും കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

മരിച്ചവരിൽ 19 പേർ അൽജസീറയിലെ മാധ്യമപ്രവർത്തകന്റെ ബന്ധുക്കളാണ്. ആക്രമണത്തിൽ 120 പേർ മരിച്ചതായി ഗാസയിലെ ഒരു ഡോക്ടറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാമ്പിലെ റെസിഡെഷൻഷ്യൽ ബ്ലോക്ക് ഒന്നാകെ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നതായാണ് റിപ്പോർട്ട്. ക്യാമ്പിന് മുകളിൽ ആറോളം ബോംബുകൾ ഇസ്രയേൽ വർഷിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ജബാലിയയിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം സമ്മതിച്ചു. ഹമാസിന്റെ ഭൂഗർഭ അറ തകർക്കുന്നതിനാണ് ഇതെന്നും ഹമാസിന്റെ കമാൻഡർമാരിൽ ഒരാളെ കൊലപ്പെടുത്തിയതായും സൈന്യം അവകാശപ്പെട്ടു.

വ്യോമാക്രമണത്തിലും കര ആക്രമണത്തിലുമായി കഴിഞ്ഞ ദിവസം 300 സ്ഥലങ്ങൾ തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഗാസ മുനമ്പിന്റെ എല്ലാ ഭാഗങ്ങളിലും സൈന്യം ആക്രമണം നടത്തുന്നുണ്ടെന്നും സാധാരണക്കാരെ കൊല്ലുന്നത് ഒഴിവാക്കാൻ ഇസ്രയേൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം.

ആക്രമണത്തിനെതിരെ ലോകവ്യാപക പ്രതിഷേധവും ശക്തമാണ്. ആക്രമണത്തിന് പിന്നാലെ ചിലിയും കൊളംബിയയും ഇസ്രയേലിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചു. അതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച ഇസ്രായേൽ സന്ദർശിക്കും. ഇസ്രയേൽ ഗവൺമെന്റ് അംഗങ്ങളുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തുമെന്നും യുഎസ് അറിയിച്ചു. എന്നാൽ യാത്രയിൽ ഏതെങ്കിലും പലസ്തീൻ ഉദ്യോഗസ്ഥരുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തുമോ എന്ന് വ്യക്തമല്ല.

ഇസ്രയേല്‍ ആക്രമണം 25 ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗാസയിൽ പൊതുജനങ്ങളുടെ ദുരിതം കൂടുകയാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ദൈനംദിന ജലത്തിന്റെ ലഭ്യത 5 ശതമാനം മാത്രമാണെന്നും നിർജ്ജലീകരണം മൂലമുള്ള ശിശുക്കളുടെ മരണങ്ങൾ കൂടുകയാണെന്നും യുനിസെഫ് മുന്നറിയിപ്പ് നൽകി. ഗാസയിലെ മരണങ്ങളുടെ എണ്ണം പതിനായിത്തോട് അടുക്കകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ചവരെ 8525 പേര്‍ പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. മരിച്ചവരില്‍ 70 ശതമാനത്തോളം സ്ത്രീകളും കുട്ടികളുമാണെന്ന് യു.എന്‍. ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഇതില്‍ തന്നെ 3542 കുട്ടികളുടെ മരണം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

അതിനിടെ, ഗാസയിലെ ആക്രമണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. വെടിനിര്‍ത്തല്‍വേണമെന്ന യു.എന്‍. പൊതുസഭയിലെ 120 അംഗങ്ങളുടെ ആവശ്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അഭയാര്‍ഥി ക്യാമ്പ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ആക്രമണം ഉണ്ടായത്. ഗാസയില്‍ ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടലും ശക്തമാവുകയാണ്. കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി