വടക്കന്‍ ഗാസയില്‍ ഭക്ഷണത്തിനു വേണ്ടി കാത്തുനിന്ന ജനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം. വെടിവെപ്പില്‍ 112 പേര്‍ കൊല്ലപ്പെട്ടു. 766 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, മുന്നറിയിപ്പ് എന്ന രീതിയിലാണ് ടാങ്കില്‍ നിന്ന് വെടിയുതിര്‍ത്തത് എന്നാണ് ഇസ്രയേലി സൈന്യം അവകാശപ്പെടുന്നത്. ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തില്ലെന്നും സൈന്യം അവകാശപ്പെട്ടു. ഇസ്രയേല്‍ സൈന്യം നേരിട്ട് വെടിവെക്കുകയായിരുന്നു എന്നാണ് പരുക്കേറ്റവര്‍ പറയുന്നത്. ഇസ്രയേല്‍ നടപടിക്ക് എതിരെ കടുത്ത വിമര്‍ശനവുമായി ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി.
ആയിരക്കണക്കിന് പേരാണ് ഭക്ഷണം വാങ്ങാനായി ലോറികള്‍ക്ക് മുന്നില്‍ കൂടിയിരുന്നത്. ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തപ്പോള്‍, ലോറികള്‍ മുന്നോട്ടെടുത്തു. ഇതിനിടെ ജനങ്ങള്‍ ചിതറിയോടിയതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം 4.45ഓടെയാണ് വെടിവെപ്പുണ്ടായത്. ഈജിപ്തില്‍ നിന്ന് ഭക്ഷണ സാധനങ്ങളുമായി എത്തിയ 30 ട്രക്കുകള്‍ കടന്നുപോകുന്നതിനിടെ ജനക്കൂട്ടം തടിച്ചുകൂടുകയായിരുന്നു. ഇവര്‍ ലോറികള്‍ക്ക് മുകളിലേക്ക് കയറി ഭക്ഷണ സാധനങ്ങള്‍ എടുക്കാന്‍ തുടങ്ങി. പിന്നാലെ ഇസ്രയേല്‍ സൈന്യം വെടിവെക്കുകയായിരുന്നു.
ഇസ്രയേല്‍ കൂട്ടക്കൊല നടത്തിയെന്ന് ഗാസ ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. സംഭവം വിലയിരുത്താനായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അടിയന്തര യോഗം ചേരും. ഭക്ഷണത്തിന് വേണ്ടി കാത്തുനിന്ന പലസ്തീന്‍ പൗരന്‍മാര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.
ജനക്കൂട്ടം ഭക്ഷണ സാധനങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ഇസ്രയേല്‍ സൈനിക വക്താവ് ആരോപിക്കുന്നത്. ജനക്കൂട്ടത്തെ പിരിച്ചു വിടാനായി വാണിങ് ഫയര്‍ നല്‍കുക മാത്രമാണ് സൈന്യം ചെയ്തതെന്നും വക്താവ് ന്യായീകരിച്ചു. ജനക്കൂട്ടത്തിന് നേരെ നിറയൊഴിച്ചിട്ടില്ലെന്നും ലോറികളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി സഹായിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രയേല്‍ അവകാശവാദം നിഷേധിച്ച് ഹമാസ് രംഗത്തെത്തി. ഇസ്രയേല്‍ സൈന്യം ജനക്കൂട്ടത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു എന്നും ആളുകളുടെ തലയ്ക്ക് നേരെ ഉന്നം വെച്ചാണ് വെടിവെച്ചതെന്നും ഹമാസ് ആരോപിച്ചു.