കിഴക്കൻ ജറുസലെമിലെ അൽ അഖ്‌സ പള്ളി കോമ്പൗണ്ടിൽ വിശ്വാസികൾക്ക് നേരെ ഇസ്രായേൽ പോലീസിന്റെ ആക്രമണം. പുലർച്ചെ പള്ളിയിൽ പോലീസ് നടത്തിയ റെയ്ഡിന് പിന്നാലെയുണ്ടായ സംഭവത്തില്‍ നിരവധി പലസ്തീൻകാര്‍ ആക്രമണത്തിന് ഇരയാകുകയും അറസ്റ്റ് ചെയ്യപ്പെടുകയുമായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത. നാനൂറോളം പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ.
ആയുധധാരികളായ പോലീസുകാർ പള്ളി കോമ്പൗണ്ടിലേക്ക് ഇരച്ചുകയറി സ്റ്റൺ ഗ്രനേഡുകളും കണ്ണീർ വാതകവും ഉപയോഗിക്കുകയും വിശ്വാസികൾക്ക് നേരെ ബാറ്റണുകളും റൈഫിളുകളും ഉപയോഗിച്ച് മർദിക്കുകയും ചെയ്തു എന്നും ദൃക്സാക്ഷികളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പിആർസിഎസ്)റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആരോഗ്യ പ്രവർത്തകർ അൽ അഖ്‌സയിൽ എത്തുന്നത് ഇസ്രായേൽ സേനാംഗങ്ങള്‍ തടഞ്ഞുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ആളുകള്‍ക്ക് നേരെ റബ്ബർ പൊതിഞ്ഞ സ്റ്റീൽ ബുള്ളറ്റുകൾ ഉപയോഗിച്ചതായും ചിലർ ആരോപിച്ചു.
അതേസമയം, അധിനിവേശ കിഴക്കൻ ജെറുസലേമിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി അൽ-അഖ്‌സ മസ്ജിദിൽ നിന്ന് കലാപം ഉണ്ടാക്കാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തു എന്ന്ണ് ഇസ്രായേൽ പോലീസിന്റെ നിലപാട്. മുഖംമൂടി ധരിച്ചെത്തിയ പ്രക്ഷോഭകർ ആക്രമണം നടത്തിയതിനാലാണ് പള്ളിയുടെ കോമ്പൗണ്ടിൽ കയറാൻ നിർബന്ധിതരായതെന്നും പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ ഇസ്രായേൽ ഉദ്യോഗസ്ഥർ തറയിൽ കിടക്കുന്ന ആളുകളെ ബാറ്റൺ ഉപയോഗിച്ച് അടിക്കുന്നത് കാണാം. സ്ത്രീകളുടെയും കുട്ടികളുടെയും സഹായത്തിനായുള്ള നിലവിളികളും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിന് പിന്നാലെ നഗരത്തിൽ പലയിടത്തും ജനങ്ങളും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നുണ്ട്.
അധിനിവേശ കിഴക്കൻ ജറുസലേമിലും വെസ്റ്റ് ബാങ്കിലും മാസങ്ങളായി നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ ബാക്കിയാണ് ആക്രമണം. ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ മാസമായ റംസാനിലെ പ്രാർത്ഥനക്കായി നൂറുകണക്കിന് പുരുഷന്മാരും സ്ത്രീകളും പ്രായമായവരും കുട്ടികളും പള്ളിയിൽ ഉണ്ടായിരുന്നു.
ആക്രമണത്തിന് പിന്നാലെ ഗാസ മുനമ്പിൽ നിന്ന് ഇസ്രായേലിന് നേരെ റോക്കറ്റുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോക്കറ്റ് വിക്ഷേപത്തിൽ ഒരു ഭക്ഷ്യ ഫാക്ടറിക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.