WORLD

കടുത്ത മനുഷ്യാവകാശ ലംഘനം: പരുക്കേറ്റ പലസ്തീന്‍ പൗരനെ സൈനിക വാഹനത്തില്‍ മനുഷ്യകവചമായി കെട്ടിവച്ച് ഇസ്രയേല്‍

വെബ് ഡെസ്ക്

ഗാസയില്‍ ഇസ്രയേലിന്റെ ക്രൂരതകള്‍ തുടര്‍ക്കഥയാകുന്നു. പരുക്കേറ്റ പലസ്തീന്‍ പൗരനെ ഇസ്രയേല്‍ സൈന്യത്തിന്റെ വാഹനത്തിന് മുന്നില്‍ മനുഷ്യകവചമായി കെട്ടിയിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വൈറല്‍. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തിലെ സൈനിക റെയ്ഡിന് പിന്നാലെയാണ് പരുക്കേറ്റ യുവാവിനെ സൈന്യം വാഹനത്തില്‍ കെട്ടിയിട്ട് കൊണ്ടുപോയത്.

ശനിയാഴ്ചയാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. രണ്ട് ആംബുലന്‍സുകള്‍ക്ക് പിന്നാലെയാണ് സൈന്യത്തിന്റെ ജീപ്പ് കടന്നു പോയത്. ജെനിന്‍ നിവാസിയായ മുജാഹെദ് അസമിയെയാണ് സൈന്യം കെട്ടിയിട്ട് കൊണ്ടു പോയതെന്ന് വീഡിയോയുടെ ആധികാരിത ഉറപ്പ് വരുത്തിക്കൊണ്ട് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജെനിനില്‍ ഇസ്രയേല്‍ സൈന്യം അറസ്റ്റ് റെയ്ഡ് നടത്തിയെന്നും അതിനിടയിലാണ് ഇദ്ദേഹത്തിന് പരുക്കേറ്റതെന്നും കുടുംബം അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോഴാണ് സൈന്യം അസ്മിയെ ജീപ്പിന് മുകളില്‍ കെട്ടിയിട്ട് കൊണ്ടുപോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാത്രവുമല്ല അസ്മിയെ കൈമാറാന്‍ സൈന്യം വിസമ്മതിച്ചെന്ന് പലസ്തീനിയന്‍ ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുല്‍റഊഫ് മുസ്തഫ പറഞ്ഞു.

അതേസമയം ഇസ്രയേല്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതിന് ശേഷം പരസ്പരമുള്ള വെടിവെപ്പ് നടന്നെന്നും ഒരു പ്രതിക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രതിയെ പിടികൂടുകയും ചെയ്തതായും അതില്‍ കൂട്ടിച്ചേര്‍ത്തു. സൈനിക നിയമം ലംഘിച്ച് കൊണ്ട് വാഹനത്തിന് മുകളില്‍ കെട്ടിയിട്ടിരിക്കെയാണ് പ്രതിയെ പിടികൂടിയതെന്നും അവര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

പിന്നീട് സൈന്യം ആസ്മിയെ വിട്ടയക്കുകയും ആശുപത്രി സേവനം ലഭ്യമാക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെ അനുവദിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സംഭവത്തിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഇസ്രയേലിന് നേരെയുണ്ടായിക്കൊണ്ടിരിക്കുന്നത്.

76 വര്‍ഷം മുമ്പുണ്ടായ ഒരു രാജ്യത്തിന് അന്താരാഷ്ട്രനിയമങ്ങള്‍ തലകീഴായി മറിക്കാനാകുന്നതെങ്ങനെയെന്നത് അതിശയകരമായ കാര്യമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പലസ്തീനിലെ പ്രത്യേക റിപ്പോര്‍ട്ടറായ ഫ്രാന്‍സെസ്‌ക ആല്‍ബനേസ് സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചു.

ഇതാദ്യമായല്ല ഇസ്രേയല്‍ സൈന്യം പലസ്തീനികളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നത്. കഴിഞ്ഞ മേയില്‍ അധിനിവേശ വെസ്റ്റ്‌ ബാങ്കിലെ ജെറിച്ചോയില്‍ നടന്ന റെയ്ഡില്‍ അഞ്ച് കുട്ടികളെ സൈന്യം മനുഷ്യകവചമായി ഉപയോഗിച്ചതായി പലസ്തീനിയന്‍ അവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?