WORLD

ഗാസയിൽ മാനുഷിക സഹായം കാത്തു നിന്നവർക്ക് നേരെ വീണ്ടും ഇസ്രയേൽ ക്രൂരത; 29 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

ഗാസയിൽ ഭക്ഷണവും വെള്ളവും അടക്കമുള്ള അവശ്യസാധനങ്ങൾക്കായുള്ള സഹായവിതരണം കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ ക്രൂരത. ഗാസ മുനമ്പിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ സഹായം കാത്തുനിന്ന 29 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സെൻട്രൽ ഗാസ മുനമ്പിലെ അൽ-നുസൈറാത്ത് ക്യാമ്പിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. പിന്നീട്, വടക്കൻ ഗാസ റൗണ്ട് എബൗട്ടിൽ എയ്ഡ് ട്രക്കുകൾക്കായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രയേൽ നടത്തിയ വെടിവെയ്പ്പിൽ 21 പേർ കൊല്ലപ്പെടുകയും 150-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ 'പുതിയ ആസൂത്രിതമായ കൂട്ടക്കൊല' എന്നാണ് ഗാസയുടെ ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചത്.

എന്നാൽ സഹായം കാത്ത് നിന്നവരെ സൈന്യം ആക്രമിച്ചെന്ന ആരോപണം ഇസ്രയേൽ നിഷേധിച്ചു. ഈ റിപ്പോർട്ടുകൾ തെറ്റാണെന്നും ഇസ്രയേൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി. "വ്യാഴാഴ്‌ച വൈകുന്നേരം ഒരു മാനുഷിക സഹായ വിതരണ കേന്ദ്രത്തിൽ ഇസ്രയേൽ സൈന്യം ഗാസക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തി എന്ന റിപ്പോർട്ടുകൾ തെറ്റാണ്. ഐഡിഎഫ് സംഭവത്തെ അത് അർഹിക്കുന്ന സമഗ്രതയോടെ മനസിലാക്കുന്നു, മാധ്യമങ്ങളും അത് ചെയ്യണമെന്നാണ് ഞങ്ങളുടെ അഭ്യർഥന. വിശ്വസനീയമായ വിവരങ്ങളിൽ മാത്രം ആശ്രയിക്കുക," പ്രസ്താവനയിൽ പറയുന്നു.

മുൻപും ഗാസയിൽ ഇസ്രയേൽ സൈന്യം മാനുഷിക സഹായം കാത്തുനിൽക്കുന്നവർക്ക് നേരെ ആക്രമണങ്ങൾ അഴിച്ച് വിട്ടിട്ടുണ്ട്. ഫെബ്രുവരി 29 ന് നടന്ന ഇത്തരം ആക്രമണങ്ങളിൽ 115 ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ജനക്കൂട്ടം ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് വെടിയുതിർത്തതെന്നും തിക്കിലും തിരക്കിലുമാണ് നിരവധി പേർ മരിച്ചതെന്നുമായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. സംഭവത്തിൽ പരുക്കേറ്റ നിരവധി പേരുടെ ശരീരത്തിൽ വെടിയേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. ആക്രമണത്തിന് പിന്നാലെ യുകെ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും യൂറോപ്യൻ കമ്മീഷന്‍ ഉൾപ്പെടെയുള്ള സംഘടനകളും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി.

ഗാസയിലെ ഇസ്രയേൽ അധിനിവേശത്തിൽ മുനമ്പിലെ 2.3 ദശലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. കടുത്ത പട്ടിണിയിലും ദാരിദ്ര്യത്തിലും യുദ്ധക്കെടുതികളിലും ഉഴലുകയാണ് നിലവിൽ ഗാസയിലെ നിവാസികൾ. കടുത്ത ഭക്ഷണക്ഷാമം നേരിടുന്ന ഗാസയിൽ കുട്ടികളുടെ ആരോഗ്യസ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുള്‍പ്പെടെ ആവര്‍ത്തിച്ച് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഭക്ഷണമോ മാനുഷിക ആവശ്യങ്ങളോ ലഭിക്കാത്ത ഗാസയിലെ കുട്ടികള്‍ വലിയ പോഷാകാഹരക്കുറവ് നേരിടുന്നു എന്നാണ് യൂണിസെഫ് റിപ്പോർട്ട്. പട്ടിണി മൂലം ഓരോ ദിവസവും 10,000 പേരില്‍ രണ്ടുപേരെങ്കിലും മരിക്കുന്നു എന്നാണ് ഗാസയില്‍ നിന്ന് പുറത്തുവരുന്ന കണക്കുകള്‍.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും