ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ രാത്രിയിൽ കരയാക്രമണം നടത്തി ഇസ്രയേൽ സൈന്യം. ടാങ്കുകളും കാലാൾപ്പടയും ചേർന്നാ് ഹമാസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ റേഡിയോ റിപ്പോർട്ട് ചെയ്തു. ആയുധ സംഭരണകേന്ദ്രങ്ങളും നിരവധി ഹമാസ് കേന്ദ്രങ്ങളും കരസേന നശിപ്പിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഒറ്റ രാത്രിയിലെ ആക്രമണത്തിനുശേഷം കരസേന ഇസ്രയേൽ അതിർത്തിയിലേക്ക് മടങ്ങിയതായുമാണ് റിപ്പോർട്ട്.
ഗാസയിൽ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസവും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് പറഞ്ഞിരുന്നു, ഇതിന് മണിക്കൂറുകൾക്കുള്ളിലാണ് ഗാസയുടെ വടക്ക് ഭാഗത്തേക്ക് ഇസ്രയേൽ സൈന്യം ഇരച്ചുകയറിയത്. ഇനിയും ഇതുപോലുള്ള ആക്രമണങ്ങൾ ഇസ്രയേൽ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് നെതന്യാഹു സൂചന നൽകിയിരുന്നു. ഗാസ പിടിച്ചടക്കി വച്ചിരിക്കുന്ന ഹമാസിനെ തുടച്ചുനീക്കുമെന്നും നെതന്യാഹു ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രി ഗാസയിൽ അരങ്ങേറിയ ആക്രമണം യുദ്ധത്തിന്റെ അടുത്ത ഘട്ടങ്ങൾക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്നാണ് ഇസ്രയേൽ പ്രതിരോധ സേന സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചത്. 'നിരവധി തീവ്രവാദ കേന്ദ്രങ്ങൾ, ഇൻഫ്രാസ്ട്രക്ചറുകൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യം വെച്ചുള്ള റെയ്ഡ്' എന്നാണ് ഇസ്രയേൽ പ്രതിരോധ സേന ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്.
അതേസമയം, ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6500 ആയി ഉയർന്നുവെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന ആരോഗ്യമന്ത്രാലയത്തിന്റെ റിപോർട്ടുകൾ. പശ്ചിമേഷ്യയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അമേരിക്കയും റഷ്യയും അവതരിപ്പിച്ച പ്രമേയങ്ങൾ തള്ളിയിരുന്നു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള അവസരമാണ് നഷ്ടമായതെന്നാണ് ഇതിനെ സംബന്ധിച്ച് റഷ്യയുടെ പ്രതികരണം.