WORLD

ഇംഗ്ലീഷ് പടിക്കുപുറത്ത്! ഒരു ലക്ഷം യൂറോ വരെ പിഴ ഈടാക്കാൻ ഇറ്റലി

ലോവര്‍ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് അംഗമായ ഫാബിയോ റാംപെല്ലിയാണ് പ്രധാനമന്ത്രിയുടെ പിന്തുണയോടെ ബിൽ മുന്നോട്ടുവച്ചത്

വെബ് ഡെസ്ക്

ഇറ്റലിയിൽ പൊതു,​ സ്വകാര്യ സ്ഥാപനങ്ങളിലെ ഔദ്യോഗിക രേഖകളില്‍ ഇംഗ്ലീഷ് ഉൾപ്പെടെ വിദേശ ഭാഷകളിലെ പദങ്ങൾ നിരോധിക്കാൻ നീക്കം. ഇറ്റലിക്കാര്‍ ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷോ മറ്റ് വിദേശ ഭാഷകളോ ഉപയോഗിച്ചാല്‍ ഒരു ലക്ഷം യൂറോ വരെ പിഴ ഈടാക്കാൻ നിർദേശിക്കുന്ന കരട് ബില്ലിന് തീവ്ര ദേശീയവാദി പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ പാർലമെന്റ് അംഗങ്ങൾ രൂപം നൽകി. ലോവര്‍ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസിലെ അംഗമായ ഫാബിയോ റാംപെല്ലിയാണ് പ്രധാനമന്ത്രിയുടെ പിന്തുണയോടെ പുതിയ ബിൽ മുന്നോട്ടുവച്ചത്.

എല്ലാ വിദേശ ഭാഷയ്ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും 'ആംഗ്ലോമാനിയ' അഥവാ ഇംഗ്ലീഷ് പദങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുകയാണ് പുതിയ നിയമനിര്‍മാണം ലക്ഷ്യമിടുന്നത്. ഇറ്റാലിയന്‍ ഭാഷയെ നിന്ദിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാത്ത സാഹചര്യത്തില്‍ ഇംഗ്ലീഷിന് പ്രാധാന്യം നല്‍കേണ്ടതില്ലെന്നു ബില്‍ പറയുന്നു. പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയാൽ മാത്രമേ ബിൽ നിയമമാകൂ.

ബിൽ പാസായാൽ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇറ്റാലിയന്‍ ഭാഷ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇറ്റാലിയന്‍ ഭാഷയില്‍ അറിവും വൈദഗ്ധ്യവും ഉണ്ടായിരിക്കണമെന്ന് ഉറപ്പുവരുത്തണമെന്ന് ബിൽ ആവശ്യപ്പെടുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഔദ്യോഗിക രേഖകളില്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും ബില്ലിലുണ്ട്.

ആഭ്യന്തര നിയന്ത്രണങ്ങളും തൊഴില്‍ കരാറുകളും സംബന്ധിച്ച് വിദേശരാജ്യങ്ങളുടെ രേഖകളും ഇറ്റാലിയന്‍ ഭാഷയിലായിരിക്കണമെന്ന് ബിൽ നിർദേശിക്കുന്നു. ഇറ്റാലിയന്‍ ഭാഷ സംസാരിക്കാത്ത വിദേശികളുടെ കാര്യങ്ങൾ നോക്കുന്ന ഓഫീസുകളില്‍ പോലും ഇറ്റാലിയന്‍ ഭാഷ ആയിരിക്കണമെന്നാണ് ബിൽ പറയുന്നത്.

പേരുകളും ചുരുക്കെഴുത്തുകളും ഉൾപ്പെടെ ജോലിയുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ഇറ്റാലിയൻ ഭാഷയിൽ എഴുതണമെന്നും വിവർത്തനം അസാധ്യമാണെങ്കിൽ മാത്രം വിദേശ പദങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമെന്നും കരട് ബില്ലിൽ സൂചിപ്പിക്കുന്നു. ബിൽ എന്ന് പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് വ്യക്തമല്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ