ഇന്ത്യയോട് സൗഹൃദ മനോഭാവമാണ് ബംഗ്ലാദേശ് ജമാഅത്ത് ഇസ്ലാമിക്കെന്നും ഭീഷണിയാകില്ലെന്നും സംഘടനാ സെക്രട്ടറി ജനറൽ ഗുലാം പർവാർ. രാജ്യത്തുനിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ പ്രക്ഷോഭം നയിച്ചവരിൽ പ്രധാനിയായിരുന്നു ബംഗ്ലാദേശിലെ നിരോധിത സംഘടനയായ 'ബംഗ്ലാദേശ് ജമാഅത്ത് ഇസ്ലാമി'(ജെഇഐ). 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പാകിസ്താനൊപ്പം നിന്ന പാരമ്പര്യമുള്ള ജെഇഐ ഇന്ത്യ- വിരുദ്ധ സമീപനമായിരുന്നു എക്കാലവും സ്വീകരിച്ചിരുന്നത്.
കഴിഞ്ഞദിവസം ദേശീയമാധ്യമമായ ദ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ്, ജെഇഐ ഇന്ത്യയ്ക്ക് തലവേദന സൃഷിടിക്കില്ലെന്നും തീവ്രവാദ പ്രവർത്തനങ്ങളൊന്നും ഉണ്ടാകില്ലെന്നും ഗുലാം പർവാർ പറഞ്ഞത്. ബംഗ്ലാദേശ് ജമാഅത്ത് ഇസ്ലാമി വീണ്ടും സജീവമാകുന്നത് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തികളിൽ ഭീകരപ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഗുലാം പർവാറിന്റെ പ്രതികരണം.
ബംഗ്ലാദേശിലെ അവാമി ലീഗ് ഇതര പാർട്ടികളെ ഇന്ത്യ വിരുദ്ധരായി ചിത്രീകരിച്ചത് മോദി സർക്കാരിൻ്റെ നയങ്ങളാണെന്ന് ഗുലാം പർവാർ കുറ്റപ്പെടുത്തി. ഇസ്ലാമിസ്റ്റ് പാർട്ടികൾ അധികാരത്തിൽ വന്നാൽ തീവ്രവാദത്തിന്റെ വിളനിലമായി ബംഗ്ലാദേശ് മാറുമെന്ന മോദി സർക്കാർ കാഴ്ചപ്പാട് തെറ്റാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. 2001-2006 കാലത്ത് ബംഗ്ലാദേശ് പാർലമെന്റിൽ എംപിയായിരുന്ന ഗോലം പർവാറിനെ ഷെയ്ഖ് ഹസീന സർക്കാർ 2024 ജൂലൈ 20ന് അറസ്റ്റ് ചെയ്തിരുന്നു. ഹസീന രാജ്യം വിട്ട് രണ്ടുദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്.
നിയമവിരുദ്ധമായി ആയുധക്കടത്തിന് ശ്രമിച്ചതിന് നേരത്തെ, ജമാഅത്ത് ഇസ്ലാമി അമീറും മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന മൊത്തിയുർ റഹ്മാൻ നൈസാമിക്ക് വധശിക്ഷ നൽകിയിരുന്നു. 2004ൽ നടന്ന കുറ്റകൃത്യത്തിൽ പത്ത് ട്രക്ക് നിറയെ ആയുധങ്ങളായിരുന്നു ബംഗ്ലാദേശ് സേന പിടിച്ചെടുത്തത്. യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം ഉൾപ്പെടെയുള്ള വിഘടനവാദ സംഘടനകൾക്കായിരുന്നു ആയുധം എത്തിച്ചുകൊടുക്കാൻ ശ്രമം നടന്നതെന്നും ആരോപണമുണ്ട്. അങ്ങനെയിരിക്കെ, ഗോലം പർവാറിന്റെ വാക്കുകൾ മാത്രം മുൻനിർത്തി ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണികൾ ഇല്ലെന്ന് പറയാൻ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.