ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ച് അഞ്ച് മരണം. ഹനേദ വിമാനത്താവളത്തിലെ റൺവേയിലിറങ്ങുകയായിരുന്ന ജപ്പാൻ എയർലൈൻസിന്റെ യാത്രാവിമാനവും കോസ്റ്റ് ഗാര്‍ഡ് വിമാനവുമാണ് കൂട്ടിയിടിച്ചത്.
കോസ്റ്റ് ഗാർഡിന്റെ ബൊംബാർഡിയർ ഡാഷ്-8 വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. പൈലറ്റ് ഉൾപ്പെടെ ആറ് പേരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റ് രക്ഷപ്പെട്ടു. ജപ്പാനിൽ കഴിഞ്ഞദിവസമുണ്ടായ ഭൂകമ്പത്തിനിരയായവർക്ക് ദുരിതാശ്വാസ വസ്തുക്കളുമായി സപ്പോറോ വിമാനത്താവളത്തിൽനിന്ന് എത്തിയതായിരുന്നു കോസ്റ്റ് ഗാര്‍ഡ് വിമാനം.
ഷിന്‍ ചിറ്റോസ് വിമാനത്താവളത്തില്‍നിന്ന് എത്തിയ ജപ്പാൻ എയർലൈൻസിന്റെ എ-350 ജെഎഎല്‍ 516 എയര്‍ബസ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു. ഇതിനു മുൻപായി വിമാനത്തിലുണ്ടായിരുന്ന 379 പേരേയും പുറത്തെത്തിച്ചു.
ജപ്പാൻ എയർലൈൻസ് വിമാനം ലാൻഡ് ചെയ്യുന്നതും തുടർന്ന് തീപിടിക്കുന്നതുമായ ദൃശ്യം പുറത്തുവന്നു. വിമാനത്തിന്റെ ജനാലകളില്‍ക്കൂടി തീജ്വാല പുറത്തുവരുന്നതും അഗ്നിശമനസേന തീ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. 70 ഫയർ എൻജിനുകൾ പ്രവർത്തിപ്പിച്ചാണ് തീയണച്ചത്.
അതേസമയം, കൂട്ടിയിടി ഉണ്ടായോയെന്ന് വ്യക്തമല്ലെന്നും വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ വാര്‍ത്താഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു.