രാജ്യത്ത് 7000 പുതിയ ദ്വീപുകൾ കൂടി കണ്ടെത്തി ജപ്പാൻ. സമുദ്രജലത്തെക്കുറിച്ച് നടത്തിയ പുതിയ പഠനത്തിലാണ് 7000 അഞ്ജാത ദ്വീപുകൾ കൂടി കണ്ടെത്തിയത്. ഇതിന് മുൻപ് 1987 ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് 6,852 ദ്വീപുകൾ ആയിരുന്നു. എന്നാൽ ഇത് വളരെ മുൻപുള്ള കണക്കുകൾ ആണെന്നും ദ്വീപുകളുടെ യഥാർഥ എണ്ണം ഇതിൽ നിന്നും വളരെ വ്യത്യസ്തമാകാമെന്നും ഒരു പാർലമെൻററി അംഗം ചൂണ്ടിക്കാട്ടിയതോടെയാണ് പുതിയ പഠനം നടത്താൻ സർക്കാർ തീരുമാനിച്ചത്. ജിയോസ്പേഷ്യൽ ഇൻഫർമേഷൻ അതോറിറ്റി ഓഫ് ജപ്പാന്റെ (ജിഎസ്ഐ) ഡിജിറ്റൽ മാപ്പിങ് വഴി നടത്തിയ സർവേയിൽ ജപ്പാന്റെ പ്രാദേശിക അതിർത്തിയിൽ 14,125 ദ്വീപുകളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ജപ്പാന്റെ ആകെ ഭൂമിയുടെ വിസ്തൃതിയിൽ മാറ്റം വന്നിട്ടില്ല. എന്നാൽ രാജ്യത്തിന്റെ കീഴിലുള്ള പ്രദേശങ്ങളെക്കുറിച്ച് കൃത്യമായ ചിത്രം നൽകുന്നതാണ് കണ്ടുപിടിത്തമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇത് പ്രതിഫലിപ്പിക്കുന്നത് സർവ്വെയിങ് സാങ്കേതിക വിദ്യയിലെ പുരോഗതിയെയും സർവ്വേക്കായി ഉപയോഗിച്ച ഭൂപടങ്ങളിൽ ഉൾക്കൊണ്ട വിശദാംശങ്ങളെയും ആണെന്ന് ജപ്പാനിലെ ജിയോസ്പേഷ്യൽ ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. ദ്വീപുകളുടെ എണ്ണത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ ദേശീയതാല്പര്യവുമായി ബന്ധപ്പെട്ട ഒരു പ്രധാന വിഷയമാണെന്നും ജപ്പാൻ വ്യക്തമാക്കിയിട്ടുണ്ട്.
1987 ൽ ആദ്യം പഠനം നടത്തിയ പേപ്പർ മാപ്പുകൾ ഉപയോഗിച്ചായിരുന്നു
1987 ൽ ആദ്യം പഠനം നടത്തിയ പേപ്പർ മാപ്പുകൾ ഉപയോഗിച്ചായിരുന്നു. ഇക്കാലത്ത് 100 മീറ്ററോ 328 ഫിറ്റോ ഉള്ള ദ്വീപുകളോ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. അതിനാൽ തന്നെ തടാകങ്ങളിലോ നദികളിലോ ഉള്ള പല ദ്വീപുകളും ഉൾപ്പടെയുള്ളവ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. പിന്നീടുണ്ടായ അഗ്നിപർവ്വത പ്രവർത്തനങ്ങളും കൂടുതൽ ദ്വീപുകളുടെ രൂപീകരണത്തിന് കാരണമായിട്ടുണ്ട്.
ജലത്താൽ ചുറ്റപ്പെട്ട, ഉയർന്ന വേലിയേറ്റത്തിൽ വെള്ളത്തിന് മുകളിൽ നിൽക്കുന്ന പ്രകൃതിദത്തമായി രൂപപ്പെട്ട ഭൂപ്രദേശം എന്നതാണ് യു എൻ കൺവെൻഷൻ പ്രകാരം ദ്വീപിന് നൽകിയിരിക്കുന്ന നിർവചനം. അതിനാൽ മണൽ കൊണ്ട് കൊണ്ട് രൂപപ്പെട്ട തീരങ്ങളും ഇതിൽ ഉൾപ്പെടും. പഴയ പഠനത്തിൽ ദ്വീപ് സമൂഹങ്ങളെ ഒന്നായി കൂട്ടിയതും എണ്ണം കുറയാൻ കാരണമായിട്ടുണ്ട്.
കിഴക്കൻ ചൈനാ കടലിലെ ജനവാസമില്ലാത്ത കുറച്ച് ദ്വീപുകളുടെ അവകാശത്തെ ചൊല്ലി ചൈനയും ജപ്പാനും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്
തെക്ക്-പടിഞ്ഞാറൻ ജപ്പാനിലെ നാഗസാക്കി പ്രിഫെക്ചറിലാണ് ഏറ്റവും കൂടുതൽ പുതിയ ദ്വീപുകൾ കണ്ടെത്തിയത്. 1,479 ദ്വീപുകളാണ് ഇക്കൂട്ടത്തിൽ കണ്ടെത്തിയത്. പുതിയ ദ്വീപുകൾക്ക് പേരുകൾ ഇട്ട് അവയെ രാജ്യത്തിന്റെ ഭാഗമാക്കി ഔപചാരികമാക്കി മാറ്റുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. കിഴക്കൻ ചൈനാ കടലിലെ ജനവാസമില്ലാത്ത കുറച്ച് ദ്വീപുകളുടെ അവകാശത്തെ ചൊല്ലി ചൈനയും ജപ്പാനും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.