WORLD

യുവാക്കൾക്ക് വിവാഹത്തിന് താത്പര്യമില്ല, ജനസംഖ്യയിൽ അപകടകരമായ കുറവെന്ന് സർക്കാർ; ജപ്പാന്റെ ഭാവിയെന്ത് ?

ലിംഗ അസമത്വം, വിവാഹ ശേഷം തൊഴിൽ സാധ്യതകൾ മങ്ങുന്നത്, ഉയർന്ന ജീവിത ചെലവ്, വേതനത്തിൽ ഉയർച്ചയില്ലായ്‌മ തുടങ്ങിയ നിരവധി കാരണങ്ങളാണ് കുടുംബ സങ്കൽപ്പങ്ങളിൽ നിന്ന് യുവാക്കളെ പിന്നോട്ട് വലിക്കുന്നത്

വെബ് ഡെസ്ക്

ജപ്പാനിൽ ജനസംഖ്യ നിരക്ക് അപകടകരമാം വിധം താഴ്ചയിൽ. തുടർച്ചയായ എട്ടാം വർഷമാണ് രാജ്യത്തെ ജനന നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.1 ശതമാനം ഇടിവാണ് ഈ വർഷം ജപ്പാനിലെ ജനനനിരക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ സ്ഥിതി സങ്കീർണമാണെന്നും അടുത്ത ആറ് വർഷങ്ങൾ നിർണായകമാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

പരമ്പരാഗത മൂല്യങ്ങളുമായി അഗാധമായി ബന്ധപ്പെട്ട് കിടക്കുന്ന രാജ്യമായതിനാൽ വിവാഹേതര ജനനങ്ങൾ ജപ്പാനിൽ വളരെ വിരളമാണ്. ഒപ്പം ജപ്പാനിലെ മരണനിരക്ക് റെക്കോർഡ് കണക്കുകളിലുമാണ്

2023-ൽ 758,631 കുഞ്ഞുങ്ങളാണ് രാജ്യത്ത് ജനിച്ചതെന്ന് ആരോഗ്യ-ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. വിദേശ പൗരന്മാരുടേതടക്കം 8,31,872 ആണ് രാജ്യത്തെ കഴിഞ്ഞ വർഷത്തെ ജനനനിരക്ക്. 2020-ൽ 8,40,832, 2021-ൽ 8,11,604, 2022-ൽ 7,99,728 എന്നിങ്ങനെയായിരുന്നു കണക്കുകൾ. എന്നാൽ ജപ്പാൻ സ്ഥിതിവിവരക്കണക്കുകൾ സമാഹരിക്കാൻ തുടങ്ങിയ 1899നു ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് ഈ വർഷം രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ മരണ നിരക്ക് ജനനങ്ങളെക്കാൾ കൂടുതൽ ആണെന്നതും ശ്രദ്ധേയമാണ്.

എന്താണ് ജപ്പാനിലെ പ്രതിസന്ധിക്ക് പിന്നിൽ?

നിലവിൽ ജപ്പാനിൽ 12 കോടിയിലധികം ജനങ്ങളാണ് വസിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി റിസർച്ച് കണക്കുകൾ പ്രകാരം, 2070 ആകുമ്പോഴേക്കും ഇത് ഏകദേശം 30 ശതമാനം കുറഞ്ഞ് എട്ട് കോടി എഴുപത് ലക്ഷം ആകും.

ജപ്പാനിലെ യുവതീ യുവാക്കൾ വിവാഹത്തോടും കുഞ്ഞുങ്ങളോടും വിമുഖത കാണിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022 നെ അപേക്ഷിച്ച് 2023ൽ ജപ്പാനിലെ വിവാഹങ്ങളുടെ എണ്ണത്തിലും 5.9 ശതമാനം കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ആകെ വിവാഹിതരായത് 4,89,281 പേരാണ്. 90 വർഷത്തിനിടെ ആദ്യമായാണ് രാജ്യത്തെ വിവാഹങ്ങളുടെ എണ്ണം അഞ്ച് ലക്ഷത്തിൽ താഴെയാകുന്നത്.

തൊഴിൽ വേണമോ മാതൃത്വം വേണമോ എന്ന ചോദ്യം വരുമ്പോൾ പലരും തിരഞ്ഞെടുക്കുന്നത് തൊഴിലും സാമ്പത്തിക സുരക്ഷിതത്വവും തന്നെയാണ്. ഒപ്പം കുട്ടികളെ വളർത്തുന്നതിലെ ബുദ്ധിമുട്ടുകളും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

പരമ്പരാഗത മൂല്യങ്ങളുമായി അഗാധമായി ബന്ധപ്പെട്ട് കിടക്കുന്ന രാജ്യമായതിനാൽ വിവാഹേതര ജനനങ്ങൾ ജപ്പാനിൽ വളരെ വിരളമാണ്. ഒപ്പം ജപ്പാനിലെ മരണനിരക്ക് റെക്കോർഡ് കണക്കുകളിലുമാണ്. കഴിഞ്ഞ വർഷത്തെ മരണ നിരക്ക് 15,90,503 ആണ്. ഈ സാഹചര്യത്തിൽ വിവാഹത്തോടുള്ള ചെറുപ്പക്കാരുടെ വിമുഖത തന്നെയാണ് തിരിച്ചടിയാകുന്നത്.

ലിംഗ അസമത്വം, വിവാഹ ശേഷം തൊഴിൽ സാധ്യതകൾ മങ്ങുന്നത്, ഉയർന്ന ജീവിത ചെലവ്, വേതനത്തിൽ ഉയർച്ചയില്ലായ്‌മ തുടങ്ങിയ നിരവധി കാരണങ്ങളാണ് കുടുംബ സങ്കൽപ്പങ്ങളിൽ നിന്ന് യുവാക്കളെ പിന്നോട്ട് വലിക്കുന്നത്. തൊഴിൽ ജീവിതത്തെ വലിയ തോതിൽ ബാധിക്കുമെന്നതിനാൽ സ്ത്രീകൾ പലപ്പോഴും ഏതെങ്കിലും ഒരു ഭാഗം തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്നു. തൊഴിൽ വേണമോ മാതൃത്വം വേണമോ എന്ന ചോദ്യം വരുമ്പോൾ പലരും തിരഞ്ഞെടുക്കുന്നത് തൊഴിലും സാമ്പത്തിക സുരക്ഷിതത്വവും തന്നെയാണ്. ഒപ്പം കുട്ടികളെ വളർത്തുന്നതിലെ ബുദ്ധിമുട്ടുകളും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

വേതനത്തെക്കാൾ വേഗത്തിൽ ജീവിത ചെലവുകൾ ഉയരുന്ന സാഹചര്യത്തിൽ കുഞ്ഞുങ്ങളെ വളർത്തുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ഭാരവും ഇവരെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. കരയുന്നതും സദാ ബഹളം വെയ്ക്കുന്നതുമായ കുട്ടികളെ ശല്യമായാണ് പല ചെറുപ്പക്കാരും കാണുന്നത്.

സർക്കാർ നയങ്ങൾ എന്തൊക്കെ ?

പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ജനസംഖ്യ നിരക്കിലെ താഴ്ചയെ 'നിലവിൽ ജപ്പാൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. പ്രസവത്തിനും കുട്ടികളെ വളർത്തുന്നതിന് കുടുംബങ്ങൾക്കും കൂടുതൽ പിന്തുണയും സബ്സിഡികളും ഉൾപ്പെടുന്ന പാക്കേജുകളും അദ്ദേഹം ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്.

വികസിത രാജ്യങ്ങളിൽ ഏറ്റവും ഉദാരമായ ശിശു സംരക്ഷണ അവധികളാണ് ജപ്പാനിലുള്ളത്. ശിശു സംരക്ഷണ അവധിയുടെ കാര്യത്തിൽ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് (OECD) രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ജപ്പാൻ. 52 ആഴ്‌ചയാണ് ശിശു സംരക്ഷണത്തിനായി അനുവദിച്ചിട്ടുള്ളത്. ഒപ്പം കുട്ടി ജനിച്ച് എട്ടാഴ്ചയ്ക്കുള്ളിൽ പിതാവിന് നാലാഴ്ചത്തെ പിതൃത്വ അവധിയും അനുവദിച്ചിട്ടുണ്ട്. കുട്ടിക്ക് ഒരു വയസ് തികയുന്നതു വരെ പിതാവിനും ശിശു സംരക്ഷണ ലീവുകൾ എടുക്കാവുന്നതാണ്.

മൂന്ന് വയസിന് താഴെയുള്ള കുഞ്ഞുങ്ങളുള്ള മാതാപിതാക്കൾക്ക് കുറഞ്ഞ ജോലി സമയം നൽകാൻ കമ്പനികൾക്ക് നിർദേശമുണ്ട്. എന്നാൽ വിദ്യാഭ്യാസ നയത്തിൽ ദക്ഷിണ കൊറിയക്ക് സമാനമാണ് ജപ്പാനും. പൊതുവിദ്യാഭ്യാസത്തിന് സ്വകാര്യ വിദ്യാഭ്യാസത്തെക്കാൾ ചെലവ് കുറവാണെങ്കിലും സൗജന്യമല്ല. ഇതിന് പുറമെ കുട്ടികളുടെ അലവൻസുകൾ വർധിപ്പിക്കുന്നതിനുള്ള ബിൽ പാർലമെൻ്റിൽ സമർപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.

ചൈനയുടെ വർധിച്ചു വരുന്ന ഭീഷണികളെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ജപ്പാൻ, ഈ കുറഞ്ഞ ജനസംഖ്യ നിരക്ക് സമ്പദ്‌വ്യവസ്ഥയ്ക്കും ദേശീയ സുരക്ഷയ്ക്കും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ഭയപ്പെടുന്നത്.

വിദഗ്‌ധർ പറയുന്നതെന്ത് ?

രാജ്യത്തെ ശിശുപരിപാലന ചെലവ് വളരെയധികം കൂടുതലാണെന്ന് പല വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. 2021-ലെ ഒരു സർവേ പ്രകാരം നടത്തിയ ചില പഠനങ്ങൾ മാതാപിതാക്കൾ മുഴുവൻ സമയവും ജോലി ചെയ്യുന്നവർ ആണെങ്കിലും രണ്ട് കുട്ടികളെ പരിപാലിക്കുന്നതിനുള്ള വാർഷിക ചെലവ് ദമ്പതികളുടെ ശരാശരി ശമ്പളത്തിന്റെ പകുതിയോളം വരുമെന്ന് വ്യക്തമാക്കുന്നു. പണം ഇവിടെ ഒരു വലിയ പ്രശ്‌നമായി വരുന്നു. രാജ്യത്ത് നിലനിൽക്കുന്ന പരമ്പരാഗത ലൈംഗിക സംസ്കാരവും ആനിമേഷനുകളിലെ സാങ്കൽപ്പിക കഥാപാത്രങ്ങളോടുള്ള താത്പര്യങ്ങളുമെല്ലാം വിവാഹങ്ങൾ കുറഞ്ഞതിന് കാരണമായി നേരത്തെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സാമ്പത്തികവും ഒരു പ്രധാന പ്രശ്നമാണ്.

ജാപ്പനീസ് യുവാക്കൾക്കിടയിൽ സാമൂഹിക ഒറ്റപ്പെടലിനെക്കുറിച്ച് നടത്തിയ ഒരു പഠനത്തിൽ പല യുവതി-യുവാക്കളും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും അത് താങ്ങാനുള്ള ശേഷി അവർക്കില്ലെന്ന് കാണിക്കുന്നു.

കുട്ടിയെ ഡോക്‌ടറുടെ അടുത്തേക്ക് കൊണ്ടുപോകുക, സ്‌കൂൾ ഇവന്റിന് പോകുക, കുട്ടിക്കൊപ്പം ചിലവഴിക്കാൻ അവധിയെടുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് അവിശ്വസനീയമാംവിധം രാജ്യത്ത് ബുദ്ധിമുട്ടാണ്

എന്നാൽ മറ്റുകാര്യങ്ങളും ഉൾപ്പെടുന്നുവെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ കുട്ടികളുടെ പരിപാലനത്തിൻ്റെയും വീട്ടുജോലിയുടെയും പൊതുവായ ഉത്തരവാദിത്വം ഇല്ലാതിരിക്കൽ, ജോലിയും കുടുംബവും കൈകാര്യം ചെയ്യുന്നതിലെ സമ്മർദവും സംഘർഷവും, സമൂഹം മാതൃത്വത്തെക്കുറിച്ച് കൊണ്ട് നടക്കുന്ന ശക്തവും എന്നാൽ തെറ്റായതുമായ മനോഭാവങ്ങൾ തുടങ്ങിയവ ഇവിടെ പ്രധാന ഘടകങ്ങളായി വരുന്നുണ്ട്.

ജപ്പാനിലെ കുപ്രസിദ്ധമായ തൊഴിൽ സംസ്കാരവും ഇതിന് കാരണമാണ്. കുട്ടികളുള്ള ജോലിക്കാർ പോലും വിവാഹം കഴിക്കുന്നതിനെയോ കുട്ടികൾ ഉണ്ടാകുന്നതിനെയോ പ്രോത്സാഹിപ്പിക്കുന്നില്ല. കുട്ടിയെ ഡോക്‌ടറുടെ അടുത്തേക്ക് കൊണ്ടുപോകുക, സ്‌കൂൾ ഇവന്റിന് പോകുക, കുട്ടിക്കൊപ്പം ചിലവഴിക്കാൻ അവധിയെടുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് അവിശ്വസനീയമാംവിധം രാജ്യത്ത് ബുദ്ധിമുട്ടാണ്.

ഗവണ്മെന്റിന്റെ പദ്ധതികളിലെ പാളിച്ചകൾ സംബന്ധിച്ചും വിമർശനങ്ങൾ ഉണ്ട്. ഇതിനകം തന്നെ വിവാഹിതരോ കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നവരോ ആയ ആളുകളെയാണ് ഈ ആനുകൂല്യങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ വിവാഹം കഴിക്കാൻ പോലും തയ്യാറാകാതെ ചെറുപ്പക്കാരിലേക്ക് സർക്കാരിന് എത്താൻ സാധിക്കുന്നില്ല എന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രശ്നം.

എന്തായാലും അടുത്ത ആറ് വർഷം രാജ്യത്തിന്റെ ഗതി മാറ്റാനുള്ള അവസാന അവസരം ആയിരിക്കുമെന്ന് വിദഗ്‌ധർ വ്യക്തമാക്കുന്നുണ്ട്. ഇല്ലെങ്കിൽ 120 ദശലക്ഷത്തിലധികം വരുന്ന ജപ്പാനിലെ ജനസംഖ്യ 2070 ആകുമ്പോഴേക്കും ഏകദേശം 30 ശതമാനം കുറഞ്ഞ് 87 ദശലക്ഷമായി മാറുമെന്ന് പ്രവചിക്കപ്പെടുന്നു. ഓരോ പത്ത് പേരിലും നാല് പേർ 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരായിരിക്കും.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം