Koji Ito
WORLD

ഫുകുഷിമ ആണവനിലയത്തിലെ മലിനജലം ഈ വർഷം കടലിലൊഴുക്കുമെന്ന് ജപ്പാൻ; ആശങ്ക പ്രകടിപ്പിച്ച് അയല്‍രാജ്യങ്ങൾ

വെബ് ഡെസ്ക്

ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിലെ 10 ലക്ഷം ടണ്ണിലേറെ വരുന്ന മലിന ജലം ഈ വർഷം തന്നെ കടലിലേക്കൊഴുക്കി വിടാന്‍ തീരുമാനം. വെള്ളം കടലിലൊഴുക്കുന്നതിൽ അപകടമില്ലെന്നാണ് സർക്കാർ നിലപാട്. ജലം പുറന്തള്ളുന്നത് അനിവാര്യമായ നടപടിയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡേ സുഖ മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി. ആണവനിലയം ഡീ-കമ്മിഷന്‍ ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ അനിവാര്യമായ കാര്യമാണ് വെള്ളം ഒഴുക്കിക്കളയലെന്നും പ്രധാനമന്ത്രി പറഞ്ഞു. റേഡിയോ ആക്ടീവ് കണങ്ങൾ നീക്കം ചെയ്ത് ജലം ശുദ്ധീകരിച്ചതാണെന്നും സർക്കാർ അറിയിച്ചു.

അന്താരാഷ്ട്ര ആണവോര്‍ജ ഏജൻസിയും(ഐഎഇഎ) ജലം ഒഴുക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ലോകത്ത് മറ്റെവിടെയങ്കിലും മലിനജലം പുറംതള്ളുന്നതിന് സമാനമാണ് ജപ്പാന്റെ തീരുമാനമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പ്രതികരിച്ചു.

എന്നാൽ ജപ്പാന്റെ തീരുമാനത്തിൽ അയൽ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. 2021 ൽ ജാപ്പനീസ് സർക്കാർ അംഗീകരിച്ച ഈ നിർദ്ദേശത്തോട് പ്രാദേശിക മത്സ്യത്തൊഴിലാളികളും എതിർപ്പറിയിച്ചിട്ടുണ്ട്. ഡീകമ്മീഷനിംഗ് ഇതിനകം ആരംഭിച്ചെങ്കിലും പൂർത്തിയാകാൻ നാല് പതിറ്റാണ്ടുകൾ എടുത്തേക്കാം.

2011  മാർച്ച് 11നുണ്ടായ സുനാമയിലാണ് ഫുകുഷിമ ആണവ നിലയത്തിന് കേടുപാടുകൾ സംഭവിച്ചത്. ചെർണോബിലിന് ശേഷമുള്ള ഏറ്റവും വലിയ ആണവ അപകടമായിരുന്നു ഫുകുഷിമയിലെ ദുരന്തം. സുനാമി മൂലം 1.25 മില്യണ്‍ ടണ്‍ വെള്ളം ആണവനിലയത്തിലെ ടാങ്കുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതിന് പുറമെ ആണവനിലയത്തെ തണുപ്പിക്കാന്‍ ഉപയോഗിച്ച വെള്ളവും മഴമൂലം കെട്ടിക്കിടന്ന വെള്ളവും ഇതില്‍ ഉള്‍പ്പെടുന്നു. ഭൂകമ്പത്തെയും സുനാമിയെയും തുടർന്ന് ആണവ നിലയത്തിലെ മൂന്ന് റിയാക്ടറുകൾക്ക് ഗുരുതര കേടുപാടുകൾ സംഭവിച്ചിരുന്നു. ഉയർന്ന അളവില്‍ വികിരണം പുറപ്പെടുവിച്ച റിയാക്ടറുകൾ തണുപ്പിക്കാനുപയോഗിച്ച വെള്ളം പിന്നീട് ടാങ്കുകളില്‍ ശേഖരിക്കുകയായിരുന്നു. ആയിരത്തിലധികം ടാങ്കുകളിലാണ് മലിനജലം സംഭരിച്ചിരിക്കുന്നത്. ആണവ നിലയം തണുപ്പിക്കാൻ ഉപയോഗിച്ച വെള്ളവും മഴവെള്ളവും ഭൂഗർഭ ജലവും ഉൾപ്പെടെയാണ് ഒഴുക്കിക്കളയുന്നത്.

ശുദ്ധീകരിച്ച വെള്ളം മനുഷ്യന്റെ ആരോഗ്യത്തിനോ സമുദ്ര പരിസ്ഥിതിക്കോ ഭീഷണിയുമാകില്ലെന്നാണ് ജപ്പാൻ പറയുന്നത്. എന്നാൽ ഇത് തങ്ങളുടെ ഉപജീവനമാർഗത്തെ നശിപ്പിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. ജപ്പാന്റെ തീരുമാനത്തിനെതിരെ അയല്‍ രാജ്യങ്ങളായ ചൈനയും ദക്ഷിണകൊറിയയും പസഫിക് ദ്വീപുകളുടെ ഫോറവും രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ ജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന നിരുത്തരവാദിത്തപരമായ തീരുമാനമാണിതെന്ന് പസഫിക് ദ്വീപുകളുടെ ഫോറം പ്രതികരിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും