WORLD

'ഇങ്ങനെ പോയാല്‍ രാജ്യം അധികകാലമുണ്ടാകില്ല'; ജനനനിരക്കിലെ ഇടിവില്‍ ആശങ്കയുമായി ജപ്പാൻ

കഴിഞ്ഞ വർഷങ്ങളിലെ സർവേ ഫലങ്ങളിലാണ് രാജ്യത്ത് ജനനനിരക്ക് ക്രമാതീതമായി കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടത്

വെബ് ഡെസ്ക്

ജനനനിരക്കിലെ ഇടിവ് നിയന്ത്രിച്ചില്ലെങ്കില്‍ ജപ്പാൻ ജനത അധികം വൈകാതെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് മുന്നറിയിപ്പ്. ഇപ്പോഴെങ്കിലും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് ജപ്പാൻ ഭരണകൂടം പറയുന്നത്. ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിഡയുടെ ഉപദേഷ്‌ടാവായ മസാകോ മോറി ബ്ലൂംബർഗിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജപ്പാനിലെ ജനന നിരക്ക് ഗണ്യമായി കുറഞ്ഞുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. ഇങ്ങനെ പോയാൽ രാജ്യം അധികം വൈകാതെ ഇല്ലാതാകുമെന്ന് മസാകോ മോറി പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിലെ സർവേ ഫലങ്ങളിലാണ് രാജ്യത്ത് ജനനനിരക്ക് ക്രമാതീതമായി കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടത്.  2022ൽ ജപ്പാനിൽ ജനന നിരക്കിന്റെ രണ്ടിരട്ടിയോളം ആളുകൾ മരിച്ചതായാണ് റിപ്പോർട്ട്. ഏകദേശം 80,0000 ആണ് കഴിഞ്ഞ വർഷം ജനിച്ച കുട്ടികളുടെ എണ്ണം. 1.58 ദശലക്ഷം മരണവും സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഒന്നിലധികം കുട്ടികൾക്ക് ജന്മം നൽകുന്ന മാതാപിതാക്കൾക്ക് സാമ്പത്തിക സഹായമുൾപ്പടെയുള്ള ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജനന നിരക്കിലെ കുറവ് നികത്തുന്നതിന് ഉടൻ തന്നെ പരിഹാരം കാണണം. ഇപ്പോഴല്ലെങ്കിൽ പിന്നീട് ഒരിക്കലും ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും ഇതിനായി കാത്തിരിക്കാൻ കഴിയില്ലെന്നും ഫ്യുമിയോ കിഷിഡ പറഞ്ഞു.

2008ൽ 128 മില്യൺ ജനസംഖ്യ ഉണ്ടായിരുന്നിടത്ത് നിന്നും 124.6 മില്യണായി ചുരുങ്ങിയിരിക്കുകയാണ്.അതേസമയം, 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകളുടെ എണ്ണത്തിൽ 29 ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ട്. ക്രമേണയുണ്ടാകുന്ന കുറവല്ല മറിച്ച് വളരെ വേഗത്തിൽ സംഭവിക്കുന്ന മാറ്റമാണിതെന്നും ജപ്പാൻ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വളരെ അപകടകരമാം വിധത്തിലാണ് രാജ്യത്തെ ജനസംഖ്യ കുറയുന്നത്. പ്രവര്‍ത്തന ക്ഷമതയില്ലാത്ത ഒരു രാജ്യത്തിലേക്കാണ് അടുത്ത തലമുറ ജനിച്ച് വീഴുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ സാമൂഹിക സുരക്ഷ വരെ ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയും മസാകോ മോറി പങ്കുവച്ചു. കൂടാതെ വ്യവസായിക മേഖലയെയും ഈ പ്രതിസന്ധി തളര്‍ത്തും. വളരെയധികം ജീവിത ചെലവുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. ഇക്കാരണം കൊണ്ട് തന്നെയാണ് രാജ്യത്ത് ജനന നിരക്ക് കുറയുന്നതെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ജനനനിരക്ക് നയങ്ങള്‍ ഒരിക്കലും സ്ത്രീ വിരുദ്ധമാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും സ്ത്രീ ശാക്തീകരണ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് കൂടിയായ മോറിസ് കൂട്ടിചേര്‍ത്തു.

ലോകത്തിലെ ഏറ്റവും ജനസംഖ്യ നിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. അതേസമയം ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യമാണ് ജപ്പാന്‍. 2020 ലെ കണക്കുകള്‍ പ്രകാരം 1500ല്‍ ഒരാള്‍ക്ക് 100 വയസില്‍ കൂടുതല്‍ പ്രായമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്