സുനാമിയില്‍ തകര്‍ന്ന ഫുകുഷിമ ആണവ നിലയത്തിലെ റേഡിയോ ആക്ടീവതയുള്ള ജലം ഓഗസ്റ്റ് 24 മുതല്‍ പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കുമെന്ന് ജപ്പാന്‍. ആണവ നിലയത്തില്‍ പ്ലാന്റ് തണുപ്പിക്കാന്‍ ഉപയോഗിച്ച മലിനജലമാണ് കടലിലേയ്ക്ക് പുറന്തള്ളുക. രണ്ടു വര്‍ഷത്തെ ആലോചനകള്‍ക്കു ശേഷം ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര ആണവോര്‍ജ സമിതി അനുമതി നല്‍കിയതോടെയാണ് ജലം ഒഴുക്കിവിടാന്‍ തീരുമാനിച്ചത്. ജലം ശുചീകരിച്ചതാണെങ്കിലും ഇപ്പോഴും റേഡിയോ ആക്ടീവതയുള്ളതിനാല്‍ ജപ്പാന്റെ നീക്കത്തില്‍ സ്വദേശത്തും അയല്‍രാജ്യങ്ങളിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ജപ്പാന്‍ ജലമൊഴുക്കുന്നതെന്നും അണുവികിരണത്തിന് സാധ്യതയില്ലെന്നും രാജ്യാന്തര ആണവോര്‍ജ്ജ സമിതി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി വ്യക്തമാക്കി. പത്ത് ലക്ഷം മെട്രിക് ടണ്ണിലധികം മലിനജലമാണ് പ്ലാന്റില്‍ സ്ഥാപിചിരിക്കുന്ന ആയിരത്തിലേറെ ടാങ്കുകളിലായി സംഭരിച്ച് വച്ചിരിക്കുന്നത്. ഈ റേഡിയോ ആക്ടീവ് മലിനജലം ശുചീകരിച്ച് നേര്‍പ്പിച്ച് കടലിനടിയിലൂടെയുള്ള കുഴലുകളിലൂടെ പസഫിക് സമുദ്രത്തിലേയ്ക്ക് ഒഴുക്കിവിടാനാണ് സര്‍ക്കാരിന്റെ പദ്ധതി.
തുടർന്ന് മലിനജലം വളരെ സൂക്ഷ്മമായി സമുദ്രത്തിലേയ്ക്ക് പുറന്തള്ളുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു. കാലാവസ്ഥയും കടല്‍ സാഹചര്യങ്ങളും തടസ്സമായില്ലെങ്കില്‍ ഓഗസ്റ്റ് 24ന് ഡിസ്ചാര്‍ജ് ആരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടോക്കിയോയില്‍ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം കിഷിദ വ്യക്തമാക്കി. പദ്ധതി പൂര്‍ത്തിയാക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടി വന്നാലും, മലിന ജലം പുറന്തള്ളുന്നത് പൂര്‍ത്തീകരിക്കുന്നത് വരെയുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എന്നാൽ ആണവ റിയാക്ടറില്‍നിന്നുള്ള വെള്ളം കടലിലേക്കൊഴുക്കിയാല്‍ വലിയ അപകടമാകും നേരിടേണ്ടി വരികയെന്ന ആശങ്കയിലാണ് ജനങ്ങള്‍. എന്നാല്‍ വെള്ളം ഒഴുക്കി വിട്ടാലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഫുകുഷിമയിലെ മത്സ്യബന്ധന തൊഴിലാളികളും വലിയ ആശങ്കയിലാണ്. മലിനജലം പുറന്തള്ളുന്നത് അവരുടെ പ്രദേശത്തിൻ്റെ പേരിനെയും ഉത്പന്നങ്ങളെയും മോശമായി ബാധിക്കുമെന്നും ഇത് ഉപജീവനത്തിന് പ്രതിസന്ധിയാകുമെന്നുമുള്ള ഭയത്തിലാണ് അവര്‍.
ജപ്പാന് പുറത്തും ഈ നീക്കത്തിനെതിരായ എതിർപ്പുകൾ രൂക്ഷമായി തുടരുകയാണ്. ജപ്പാന്റെ നടപടിയ്ക്ക് എതിരെ ചൈന രംഗത്തെത്തിയിരുന്നു. സമുദ്രത്തിലേയ്ക്ക് പുറന്തള്ളുക എന്നത് ആണവ മലിനീകരണമുള്ള ജലം നീക്കം ചെയ്യാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗമല്ലെന്നും ജപ്പാന്‍ ചിലവ് കുറയ്ക്കാനാണ് ഇത് തിരഞ്ഞെടുത്തതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ തിങ്കളാഴ്ച പറഞ്ഞു. ഇത് അയല്‍രാജ്യങ്ങള്‍ക്കും ലോകത്തിനും അനാവശ്യമായ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നും പദ്ധതി പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ദക്ഷിണകൊറിയയും ഈ പദ്ധതിക്കെതിരേ രംഗത്തു വന്നിട്ടുണ്ട്. ഫുകുഷിമ പ്രദേശത്ത് നിന്നുള്ള കടല്‍ മത്സ്യങ്ങളുടെ ഇറക്കുമതി ദക്ഷിണകൊറിയ നിരോധിച്ചിരിക്കുകയാണ്.
2011-ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പവും സുനാമിയുമാണ് ഫുകുഷിമ ആണവ ദുരന്തത്തിലേയ്ക്കും പ്ലാന്റിന്റെ നാശത്തിലേയ്ക്കും നയിച്ചത്. ജപ്പാനില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ടതില്‍ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമാണ് അന്നുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 9 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രാജ്യം കിടുങ്ങി വിറച്ചു. ഭൂകമ്പത്തോടൊപ്പം സുനാമിയും വന്നതോടെ ആണവ നിലയത്തില്‍ വെള്ളം കയറി. വൈദ്യുതി ലൈനുകള്‍ തകരാറിലായി സ്ഫോടനങ്ങൾ ഉണ്ടായതിനെ തുടർന്ന് അപകടം ഒഴിവാക്കാൻ റിയാക്ടര്‍ തണുപ്പിക്കാനായി സമുദ്രത്തിൽ നിന്ന് വെള്ളം കയറ്റി വിടുകയായിരുന്നു. മാസങ്ങളെടുത്താണ് റിയാക്ടർ തണുപ്പിച്ചത്. ഈ വെള്ളം പിന്നീട് ടാങ്കുകളിലാക്കി പ്ലാന്റില്‍ സംഭരിക്കുകയായിരുന്നു. 1986ല്‍ ഉണ്ടായ ചെര്‍ണോബില്‍ ആണവദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഫുകുഷിമയിലേത്.