ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പദവി തിരിച്ചുപിടിച്ച് ആമസോൺ സ്ഥാപകനും മുൻ സിഇഒയുമായ ജെഫ് ബെസോസ്. ടെസ്‌ല സിഇഒ ഇലോൺ മസ്കിനെ മറികടന്നാണ് നേട്ടം. ബെസോസിൻ്റെ നിലവിലെ ആസ്തി 200 ബില്യൺ യുഎസ് ഡോളറാണ്. അതേസമയം മസ്‌കിൻ്റെ മൂല്യം 198 ബില്യൺ ഡോളറായി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷം ടെസ്‌ല സിഇഒയ്ക്ക് ഏകദേശം 31 ബില്യൺ ഡോളർ നഷ്ടമായപ്പോൾ ആമസോൺ സ്ഥാപകൻ 23 ബില്യൺ ഡോളർ നേടി. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ബ്ലൂംബെർഗ് ബില്യണയർ സൂചികയിലാണ് ഈ വിവരങ്ങൾ ഉള്ളത്. അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും യഥാക്രമം 11, 12 സ്ഥാനങ്ങളിലുണ്ട്.
സൂചികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് മസ്‌ക്. ലൂയി വിറ്റൺ, ഡിയോർ, സെലിൻ തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്ന് നടത്തുന്ന എൽവിഎംഎച്ച് (എൽവിഎംഎച്ച്എഫ്) സിഇഒ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളി 2023 മേയിലാണ് ലോകത്തിലെ ഏറ്റവും ധനികനെന്ന പദവി മസ്‌ക് സ്വന്തമാക്കിയത്.
2021ന് ശേഷം ഇതാദ്യമായാണ് ബെസോസ് ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തുന്നത്. ടെസ്‌ല ഓഹരികൾ തകരുന്നത് തുടരുമ്പോൾ, ആമസോൺ ഓഹരികൾക്ക് വളർച്ച ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ ഇലോൺ മസ്‌കും ജെഫ് ബെസോസും തമ്മിലുള്ള മൊത്തം ആസ്തിയിലെ വ്യത്യാസം 142 ബില്യൺ ഡോളറായിരുന്നു. രണ്ട് കമ്പനികളും യുഎസിലെ മാഗ്നിഫിഷ്യൻ്റ് സെവൻ സ്റ്റോക്കുകളുടെ ഭാഗമാണ്.
എന്നാൽ 2022 മുതൽ ആമസോൺ സ്റ്റോക്ക് ഇരട്ടിയായി. ടെസ്‌ല ഓഹരികൾ 2021 ലെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 50 ശതമാനത്തോളം ഇടിഞ്ഞു. തിങ്കളാഴ്ചയും ടെസ്‌ല ഓഹരികൾ ഏഴ് ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് അനുസരിച്ച്, 197 ബില്യൺ ഡോളർ ആസ്തിയുള്ള ബെർണാഡ് അർനോൾട്ട് ആണ് മൂന്നാം സ്ഥാനത്ത്. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് (179 ബില്യൺ ഡോളർ), മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് (150 ബില്യൺ യുഎസ് ഡോളർ) എന്നിവർ തൊട്ടുപിന്നിലുണ്ട്. അതേസമയം അംബാനിയുടെ ആസ്തി 115 ബില്യൺ ഡോളറും അദാനിയുടെത് 104 ബില്യൺ ഡോളറുമാണ്.