WORLD

ജറുസലേമിലെ സിനഗോഗിൽ വെടിവെപ്പ്: ഏഴുപേര്‍ കൊല്ലപ്പെട്ടു, അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍

അക്രമി കിഴക്കൻ ജറുസലേമിൽ നിന്ന് തന്നെയുള്ള പലസ്തീൻ സ്വദേശിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍

വെബ് ഡെസ്ക്

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ കിഴക്കൻ ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപം വെടിവെപ്പ്. വയോധികയടക്കം ഏഴുപേർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഇസ്രയേൽ പോലീസ് അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ മേഖലയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പിൽ ഒൻപത് പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഭവം. യഹൂദ വിശ്വാസികളുടെ ആചാരമായ യഹൂദ ശബ്ബത്തിൽ പങ്കെടുത്തിരുന്ന ആളുകൾക്ക് നേരെയാണ് ആക്രമണം നടത്തിയത്. അക്രമി പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു.

പ്രാദേശിക സമയം രാത്രി എട്ടേകാലോടെ ആണ് ആക്രമണം ഉണ്ടായത്. ജർമ്മനിയിലെ നാസി ഭരണകൂടത്തിന്റെ ജൂത വംശഹത്യയുടെ അനുമസ്മരണ ദിനം കൂടിയായിരുന്നു ഇന്നലെ. വെടിയേറ്റവരിൽ അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഇസ്രായേൽ ദുരന്ത നിവാരണ സേന അറിയിച്ചു. അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പോലീസ് പിന്തുടരുകയും , പിന്നാലെയുണ്ടായ ഏറ്റുമുട്ടലിൽ ഇയാള്‍ കൊല്ലപ്പെടുകയുമായിരുന്നെന്ന് ഇസ്രയേല്‍ പോലീസ് അറിയിച്ചു.

അക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. വെടിവെപ്പ് നടത്തിയയാള്‍ എത്തിയ കാറില്‍ ഫോറൻസിക് സംഘം പരിശോധന നടത്തി. കിഴക്കൻ ജറുസലേമിൽ നിന്ന് തന്നെയുള്ള 21 കാരനായ പലസ്തീൻ സ്വദേശിയാണ് അക്രമിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പലസ്തീനികൾ കൂടുതലുള്ള പ്രദേശമാണ് കിഴക്കൻ ജറുസലേം.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണ സ്ഥലം സന്ദർശിച്ചു. ആക്രമണത്തെ യുഎസ് അപലപിച്ചു. യുഎൻ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും ആക്രമണത്തെ അപലപിച്ചു. ഇസ്രയേലിലും വെസ്റ്റ് ബാങ്ക് അടക്കമുള്ള അധിനിവേശ മേഖലകളിലും വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ യുഎന്‍ ആശങ്ക അറിയിച്ചു. ഇരുകൂട്ടരും പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ