WORLD

വെടിനിർത്തൽ വേണമെന്ന യുഎൻ പ്രമേയത്തെ തള്ളി ഇസ്രയേൽ; ആശുപത്രികളിലെ ആക്രമണത്തിനും ബൈഡന്റെ ന്യായീകരണം

ഗാസ മുനമ്പിലുടനീളം മാനുഷിക ഇടനാഴികൾ നിർമ്മിക്കുന്നതിനും ബന്ദികളാക്കിയ എല്ലാവരെയും ഉടൻ മോചിപ്പിക്കുന്നതിനും മതിയായ മാനുഷിക ഇടവേളകൾ വേണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ സമിതി പ്രമേയം പാസാക്കി

വെബ് ഡെസ്ക്

ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ പ്രമേയത്തെ തള്ളി ഇസ്രയേല്‍. യു എന്‍ പ്രമേയത്തിന് പിന്നാലെ, ഇസ്രയേല്‍ ആക്രമണത്തിന് ന്യായീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി. ഹമാസ് പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നതുകൊണ്ടാണ് ആശുപത്രികളില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതെന്ന ന്യായീകരണമാണ് ബൈഡന്‍ മുന്നോട്ടുവെച്ചത്. ആക്രമണം തുടങ്ങി ആറാഴ്ചയ്ക്ക് ശേഷമാണ് യുഎന്‍ രക്ഷാ സമിതി സഹായങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നത് വരെ അടിയന്തരമായി ആക്രമണം നിര്‍ത്താന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസ്സാക്കുന്നത്. ഹമാസിനെക്കുറിച്ച് പരാമര്‍ശമില്ലെന്ന് ആരോപിച്ച് അമേരിക്കയും ബ്രിട്ടനും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പ്രമേയം അടിയന്തര വെടിനിർത്തൽ അനിവാര്യമാണെന്ന് പറയുന്നില്ലെന്ന് ആരോപിച്ച് റഷ്യയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു

എന്നാൽ ഗാസ പിടിച്ചടക്കുന്നത് ഇസ്രയേൽ ചെയ്യുന്ന വലിയ തെറ്റാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. നിലവിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരമാണ് ഏക മാർഗമെന്ന് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനോട് ബൈഡൻ പറഞ്ഞു.

യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല പ്രമേയമെന്ന് ഇസ്രയേൽ

നാല് ശ്രമങ്ങള്‍ക്ക് ശേഷമാണ് യുഎന്‍ പ്രമേയം പാസ്സാക്കിയത്. എല്ലാ ബന്ദികളെയും വിട്ടയക്കാന്‍ പ്രമേയം ഹമാസിനോട് ആവശ്യപ്പെട്ടു. 2016 നു ശേഷം ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ യു എന്‍ പാസ്സാക്കുന്ന ആദ്യ പ്രമേയമാണ് ഇത്. എന്നാൽ പ്രമേയത്തെ ഇസ്രയേൽ തള്ളി. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല പ്രമേയമെന്ന് ഇസ്രയേൽ വ്യക്തമാക്കി.

ഇസ്രായേലിന്റെ ധിക്കാരപൂര്‍വമായ നടപടിയുടെ പശ്ചാത്തലത്തില്‍ ഇനി എന്താണ് യുഎന്‍ ചെയ്യാന്‍ പോകുന്നതെന്ന് പലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ ചോദിച്ചു. ഹമാസാണ് ഇപ്പോഴത്തെ ആക്രമണങ്ങൾക്ക് കാരണമെന്ന് പറഞ്ഞുകൊണ്ടാണ് അമേരിക്കൻ പ്രതിനിധി വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ചത്.

കഴിഞ്ഞമാസം പ്രമേയം അവസാനിപ്പിക്കാനുള്ള നീക്കം അമേരിക്ക തടഞ്ഞിരുന്നു. എന്നാല്‍ അറബ് രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തവണ പ്രമേയം വീറ്റോ ചെയ്യാതെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചതെന്നാണ് സൂചന.

ഹമാസ് പ്രവർത്തനങ്ങളുടെ താവളമായി പ്രവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അല്‍ഷിഫ ആശുപത്രിയ്ക്ക് എതിരായ നടപടിക്ക് ബൈഡൻ പിന്തുണ പ്രഖ്യാപിച്ചത്.

യു എന്‍ പ്രമേയം പാസ്സായപ്പോള്‍ തന്നെയാണ് ഇസ്രായേലിന് പൂര്‍ണ പിന്തുണ ആവര്‍ത്തിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയത്. ഗാസയിലെ അല്‍ഷിഫ ആശുപത്രിയില്‍ ഇസ്രയേല്‍ സേന നടത്തിയ പരിശോധനയെയും ജോ ബൈഡൻ പിന്തുണച്ചു. ഹമാസ് പ്രവർത്തനങ്ങളുടെ താവളമായി പ്രവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അല്‍ഷിഫ ആശുപത്രിയ്ക്ക് എതിരായ നടപടിക്ക് ബൈഡൻ പിന്തുണ പ്രഖ്യാപിച്ചത്. ഇസ്രയേല്‍ സൈന്യം പെരുമാറുന്നത് ശ്രദ്ധയോടെയെന്നും ബൈഡന്‍ വ്യക്തമാക്കി.

ഇസ്രയേൽ - ഹമാസ് സംഘർഷം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാർഥ്യമല്ലെന്ന് ബൈഡൻ പറയുന്നു. അൽ ഷിഫ ആശുപത്രി ഹമാസിന്റെ പ്രവർത്തകരുടെ താവളമാണെന്നത് ബൈഡൻ ആവർത്തിച്ചങ്കിലും ഇതിന് തെളിവ് നൽകിയില്ല. ഗാസയിലെ ഹമാസ് പ്രവർത്തകർ ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ തന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും എന്നാൽ അതിനർത്ഥം യുഎസ് സൈന്യത്തെ അയക്കും എന്നല്ലെന്നും ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്ന് വയസുള്ള ഒരു അമേരിക്കൻ ബാലൻ ഉൾപ്പടെയുള്ള ബന്ദികളെ മോചിപ്പിക്കുന്നത് വരെ തന്റെ പ്രവർത്തനം നിർത്തില്ലെന്നും ബൈഡൻ വ്യക്തമാക്കി.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍